ന്യൂദല്‍ഹി: റീഫണ്ടുകള്‍ കുത്തനെ കുറഞ്ഞതോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ പ്രത്യക്ഷ നികുതി വരുമാനത്തില്‍ വന്‍വര്‍ധന. ഇക്കൊല്ലത്തെ ബജറ്റില്‍ ലക്ഷ്യമിടുന്ന 5.70 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷ നികുതി വരുമാനം നേടുന്നതിന് നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെയാണ് നികുതി വരുമാനം കാര്യമായി വര്‍ധിച്ചത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ നേടിയതിലും 172.64 ശതമാനം വര്‍ധനയാണ് ഈ ഏപ്രില്‍ - മെയ് കാലയളവില്‍ ഉണ്ടായിരിക്കുന്നത്. 35,323 കോടി രൂപയാണ് 2012 -13 സാമ്പത്തിക വര്‍ഷത്തെ ആദ്യ രണ്ട് മാസത്തെ പ്രത്യക്ഷ നികുതി വരുമാനം. മുന്‍ വര്‍ഷം ഇത് 12,956 കോടി രുപ മാത്രമായിരുന്നു.
മുന്‍ സാമ്പത്തിക വര്‍ഷം റീഫണ്ട് ഇനത്തില്‍ 95,000 കോടി രൂപയാണ് നല്‍കിയത്. ഇക്കുറി ഇതില്‍ ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ സമാപിച്ച ആദായ നികുതി വകുപ്പ് കമീഷ്ണര്‍മാരുടെ യോഗത്തില്‍ കേന്ദ്ര ധനകാര്യ സെക്രട്ടറി ആര്‍.എസ്. ഗുജ്റാള്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ പ്രത്യക്ഷ നികുതിയിനത്തില്‍ കേന്ദ്ര സര്‍ക്കാറിന് ലഭിക്കുന്ന വരുമാനം 15 മടങ്ങാണ് വര്‍ധിച്ചത്. നടപ്പ് വര്‍ഷം മുന്‍ വര്‍ഷത്തേതില്‍ നിന്ന് 15 ശതമാനം വര്‍ധനയാണ് പ്രത്യക്ഷ നികുതി ഇനത്തില്‍ ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ കമ്പനി നികുതി ഇനത്തില്‍ ലഭിച്ച വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.82 ശതമാനം കുറഞ്ഞെങ്കിലും വ്യക്തികളില്‍ നിന്നുള്ള ആദായ നികുതി 10.02 ശതമാനം വര്‍ധനയാണ് കാണിക്കുന്നത്. കൂടാതെ സെക്യൂരിട്ടീസ് ഇടപാട് നികുതിയും വര്‍ധന രേഖപ്പെടുതി. ഇനത്തിലുള്ള വരുമാനത്തിലെ വര്‍ധന 7.36 ശതമാനമാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍