Thu, 06/14/2012 - 10:45 ( 49 weeks 6 hoursago)
ഖാര്‍കീവ് (യുക്രെയ്ന്‍): കരുത്തരായ ജര്‍മനി തുടര്‍ച്ചയായ രണ്ടാം ജയത്തോടെ യൂറോകപ്പ് ഫുട്ബാളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ലോകകപ്പ് റണ്ണറപ്പുകളായ നെതര്‍ലന്‍ഡ്സിനെ മാറിയോ ഗോമസ് ആദ്യപകുതിയില്‍ നേടിയ ഇരട്ടഗോളുകളുടെ മികവില്‍ 2-1ന് മറികടന്നാണ് ജര്‍മനി അവസാന എട്ടില്‍ ഇടമുറപ്പിക്കുന്ന ആദ്യ ടീമായത്. ആദ്യകളിയില്‍ ജര്‍മനി 1-0ത്തിന് പോര്‍ചുഗലിനെ കീഴടക്കിയിരുന്നു. നേരത്തേ ഡെന്മാര്‍ക്കിനോടും തോറ്റ ഹോളണ്ട് അത്യദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ആദ്യറൗണ്ടില്‍ പുറത്താകും. അവസാന ഗ്രൂപ് 'ബി' മത്സരത്തില്‍ പോര്‍ചുഗലാണ് ഡച്ചുടീമിന്റെ എതിരാളികള്‍. പോയന്റൊന്നുമില്ലാത്ത ഓറഞ്ചുപട ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്.
ആവേശകരമായ അറ്റാക്കിങ് ഗെയിമിന്റെ ചെപ്പുതുറന്നാണ് ഖാര്‍കീവിലെ മെറ്റാലിസ്റ്റ് സ്റ്റേഡിയത്തില്‍ കളി ചൂടുപിടിച്ചുതുടങ്ങിയത്. തുടക്കത്തില്‍ ഓറഞ്ചു നീക്കങ്ങളുടെ മധുരം കണ്ട പുല്‍ത്തകിടിയില്‍ പതിയെ ജര്‍മന്‍ മുന്നേറ്റങ്ങളും ഇതള്‍വിരിഞ്ഞു. ആധുനിക ഫുട്ബാളിലെ അതികായരുടെ പോരാട്ടം അക്ഷരാര്‍ഥത്തില്‍ തുല്യശക്തികളുടേതായിരുന്നു. വാശിയോടെ ഇരുഗോള്‍മുഖത്തേക്കും മാറിമാറി ഒഴുകിയിറങ്ങിയ പന്ത് പക്ഷേ, ഗോള്‍ലൈന്‍ കടക്കാന്‍ മാത്രം വിസമ്മതിച്ചുനിന്നു. ആര്‍യെന്‍ റോബനും വെസ്ലി സ്നൈഡറും ഇതള്‍വിരിച്ച് റോബിന്‍ വാന്‍ പെഴ്സിയിലൂടെ ജര്‍മന്‍ നിയന്ത്രണ ഭൂമിയിലേക്ക് കടന്നുകയറിയ ഡച്ച് പടയോട്ടത്തിനായിരുന്നു ആദ്യഘട്ടത്തില്‍ മൂര്‍ച്ച കൂടുതല്‍. പത്തുമിനിറ്റ് പിന്നിടുമ്പോഴേക്ക് വാന്‍ പെഴ്സിക്ക് രണ്ടു സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും മാനുവല്‍ ന്യൂയര്‍ മാത്രം മുന്നില്‍നില്‍ക്കെ ആഴ്സനല്‍ സ്ട്രൈക്കര്‍ക്ക് മുതലെടുക്കാനായില്ല. 13ാം മിനിറ്റില്‍ മെസൂത് യോസീലിനെ മത്യാസന്‍ വീഴ്ത്തിയതിന് ജര്‍മനി പെനാല്‍റ്റിക്ക് അവകാശമുന്നയിച്ചെങ്കിലും റഫറി ഗൗനിച്ചില്ല. ഇരച്ചെത്തുന്ന ഡച്ച് മുന്നേറ്റങ്ങളെ തടഞ്ഞുനിര്‍ത്തുന്നതില്‍ വിജയിച്ച ജര്‍മനി പ്രത്യാക്രമണത്തില്‍ എതിര്‍വല കുലുക്കിയത് 24ാം മിനിറ്റില്‍. ബാസ്റ്റ്യന്‍ ഷ്വൈന്‍സ്റ്റൈഗറുടെ പാസ് ഗോമസിലേക്കെത്തുമ്പോള്‍ ഓഫ്സൈഡ് വിസില്‍മുഴക്കം പ്രതീക്ഷിച്ച് ഡച്ച് പ്രതിരോധം അന്തിച്ചുനില്‍ക്കുകയായിരുന്നു. പന്തെടുത്ത് തിരിഞ്ഞ് ഗോളി സ്കെറ്റലന്‍ബര്‍ഗിനെ തീര്‍ത്തും നിസ്സഹായനാക്കി ഗോമസ് പന്ത് അനായാസം ഗോള്‍വര കടത്തി.
ഗോള്‍വഴങ്ങിയതോടെ ഡച്ച് നിര മാനസികമായി തളര്‍ന്നതുപോലെ തോന്നിച്ചപ്പോള്‍ ജര്‍മനി ഒത്തിണക്കമുള്ള നീക്കങ്ങളിലൂടെ കരുത്താര്‍ജിച്ചു.
37ാം മിനിറ്റില്‍ ജര്‍മനി ലീഡുയര്‍ത്തേണ്ടതായിരുന്നു. ലാം തൊടുത്ത ഫ്രീകിക്കില്‍ കേ്ളാസ്റേഞ്ചില്‍നിന്ന് ബാഡ്സ്റ്റ്യൂബര്‍ തൊടുത്ത ഫ്രീഹെഡര്‍ സ്കെറ്റലന്‍ബര്‍ഗിന്റെ ദേഹത്തുതട്ടി തിരിച്ചെത്തുകയായിരുന്നു. എന്നാല്‍, തൊട്ടടുത്ത മിനിറ്റില്‍ ഓറഞ്ചുവല വീണ്ടും കുലുങ്ങി. ന്യൂയര്‍ ഉതിര്‍ത്ത ഗോള്‍കിക്കില്‍ പന്ത് എതിര്‍ഹാഫില്‍ ഒന്നുരണ്ടു പാസുകള്‍ക്ക് ശേഷം ഷ്വൈന്‍സ്റ്റൈഗറുടെ കാലില്‍. പ്രതിരോധം പിളര്‍ന്നുള്ള ബയേണ്‍ മ്യൂണിക്കുകാരന്റെ ത്രൂപാസ് വീണ്ടും ഗോമസിന്. പന്തെടുത്ത് ബോക്സില്‍ കയറി ഗോമസ് തൊടുത്ത തകര്‍പ്പന്‍ ആംഗുലര്‍ ഷോട്ട് സ്കെറ്റലന്‍ബര്‍ഗ് കൈനീട്ടും മുമ്പ് വലക്കണ്ണികളില്‍ തരംഗങ്ങളുയര്‍ത്തി. പിന്നാലെ ഷ്വൈന്‍സ്റ്റൈഗറുടെ ഫ്രീകിക്ക് സ്കറ്റലന്‍ബര്‍ഗ് അവസാനനിമിഷം തട്ടിപ്പുറത്തിടുകയായിരുന്നു.
ജയം അനിവാര്യമായ ഡച്ചുകാര്‍ ഇബ്രാഹിം അഫെല്ലായിക്കു പകരം ക്ളാസ് യാന്‍ ഹണ്ടെലാറെയും മാര്‍ക് ഫാന്‍ ബൊമ്മലിനു പകരം റാഫേല്‍ വാന്‍ ഡെര്‍ വാര്‍ട്ടിനെയും ടീമിലുള്‍പ്പെടുത്തിയാണ് രണ്ടാം പകുതിയില്‍കളത്തിലിറങ്ങിയത്. 52ാം മിനിറ്റില്‍ ഹമ്മല്‍സിന്റെ രണ്ടു ശ്രമങ്ങള്‍ തടഞ്ഞിട്ട് സ്കറ്റലന്‍ബര്‍ഗ് ഹോളണ്ടിന്റെ രക്ഷക്കെത്തി. വാന്‍ പെഴ്സിയുടെ ഷോട്ട് ഒറ്റക്കൈകൊണ്ട്് ഗതിമാറ്റിവിട്ട് ന്യൂയറും മിടുക്കുകാട്ടി. 71ാം മിനിറ്റില്‍ റോബന്റെ തകര്‍പ്പന്‍ നീക്കത്തിനൊടുവില്‍ സ്നൈഡറുടെ ശക്തമായ ഷോട്ട് ബോടെങ്ങിന്റെ ദേഹത്തുതട്ടി വഴിതെറ്റി. രണ്ടു മിനിറ്റിനുശേഷം സ്നൈഡറുടെ പാസ് സ്വീകരിച്ച് കുതിച്ച വാന്‍ പെഴ്സി ബോക്സിന് പുറത്തുനിന്ന് തൊടുത്ത ലോങ്റേഞ്ചര്‍ വല കുലുക്കിയതോടെ ഹോളണ്ടിന് പ്രതീക്ഷയായി. എന്നാല്‍, പിന്‍നിരയില്‍ കരുത്തുകാട്ടി പിടിച്ചുനിന്ന ജര്‍മനി ജയത്തിലെത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍