12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

ഹാക്ടിവിസ്റ്റുകളെ കാത്ത്

ഹാക്ടിവിസ്റ്റുകളെ കാത്ത്

2012 മാര്‍ച്ച് 12ന് തുനീഷ്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയാണ് ഹിസ്ബുല്‍ ഖറാസിന തൂനിസി (തുനീഷ്യന്‍ പൈറേറ്റ്സ് പാര്‍ട്ടി). ഇത് കൊള്ളക്കാരുടെ പാര്‍ട്ടിയാണെന്ന് വിചാരിക്കരുത്. ഇന്റര്‍നെറ്റിലെ തുറസ്സിനും വിവരസാങ്കേതികവിദ്യയിലെ തുറന്ന ജനാധിപത്യത്തിനും വേണ്ടിയുള്ള പുതിയകാലമുന്നേറ്റത്തിന്റെ ഒരു തുനീഷ്യന്‍ രൂപം മാത്രമാണ്. വിവരങ്ങള്‍ കുത്തകയാക്കിവെക്കുന്നവരെയും അത്തരം വെബ്സൈറ്റുകളെയും കൊള്ളയടിക്കുക എന്നത് മാത്രമാണ് ഇവിടെ പൈറസികൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്റര്‍നെറ്റും വെബ്സൈറ്റും വിവരവിനിമയത്തിന്റെ എല്ലാ പുതിയ ഉപാധികളും അറിവിന്റെ കൂടുതല്‍ വിപുലമായ ജനാധിപത്യവത്കരണത്തിനുവേണ്ടിയുള്ളതാണ്; അല്ലാതെ അറിവിനെ കുത്തകയാക്കാനും ജനങ്ങള്‍ക്കുമേല്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുമുള്ളതല്ല എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ നിലപാട്. ആ നിലപാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, അധികാര താല്‍പര്യങ്ങളെ പ്രതിനിധാനംചെയ്യുന്ന വെബ്സൈറ്റുകളില്‍ കടന്നുകൂടി അലങ്കോലപ്പെടുത്തുക (ഹാക്കിങ്) എന്ന പ്രവര്‍ത്തനവും അവര്‍ നടത്തുന്നു; നവസാമൂഹിക പദാവലിയില്‍ അവര്‍ ഹാക്ടിവിസ്റ്റുകള്‍ എന്നറിയപ്പെടുന്നു.
ഇക്കഴിഞ്ഞ ഒമ്പതാം തീയതി കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം അടക്കം ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ ശ്രദ്ധേയമായ ഒരു പ്രകടനം നടന്നിരുന്നു. ഇന്ത്യയില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെതിരായ പ്രതിഷേധമെന്ന നിലയിലാണ് ഈ പ്രകടനങ്ങള്‍ നടന്നത്. ഫേസ്ബുക് അടക്കമുള്ള സോഷ്യല്‍ നെറ്റ്്വര്‍ക് സൈറ്റുകളിലും സെര്‍ച്ച് എന്‍ജിനുകളിലും വീഡിയോ ഷെയറിങ് സൈറ്റുകളിലുമെല്ലാമുള്ള സര്‍ക്കാര്‍/കോടതി കൈകടത്തല്‍ വ്യാപകമായ പശ്ചാത്തലത്തില്‍ 'അനോനിമസ് ഗ്രൂപ്' (അജ്ഞാത സംഘം) എന്ന ഫേസ്ബുക് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഈ പ്രകടനങ്ങള്‍ നടന്നത്. ടൊറന്റ്സ്, വിമിയോ പോലുള്ള വീഡിയോ ഷെയറിങ് സൈറ്റുകള്‍ ഇന്ത്യയിലെ ബി.എസ്.എന്‍.എല്‍ ഒഴികെയുള്ള കണക്ഷനുകളിലൂടെ കിട്ടാതായ പശ്ചാത്തലത്തില്‍ ഈ നിയന്ത്രണം ഒഴിവാക്കണമെന്ന് ഹാക്ടിവിസ്റ്റുകളും സാമൂഹികപ്രവര്‍ത്തകരും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിവര്‍ത്തിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഹാക് ചെയ്യുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഈ സമരത്തിന്റെ ഭാഗമായാണ് ഒമ്പതാം തീയതിയിലെ രാജ്യവ്യാപക പ്രകടനങ്ങള്‍.
സ്റ്റോപ് ഓണ്‍ലൈന്‍ പൈറസി ആക്ട് (സോപ) എന്ന പേരില്‍ 2011 ഒക്ടോബര്‍ 26ന് ഇന്റര്‍നെറ്റ് നിയന്ത്രണത്തിനുവേണ്ടിയുള്ള പുതിയ നിയമനിര്‍മാണ നിര്‍ദേശം അമേരിക്കന്‍ കോണ്‍ഗ്രസില്‍ വന്നിരുന്നു. അമേരിക്കക്കകത്തും സാര്‍വദേശീയതലത്തിലും വന്‍ സംവാദങ്ങള്‍ക്ക് വഴിമരുന്നിട്ട നിര്‍ദേശമായിരുന്നു അത്. വിക്കിപീഡിയ എന്ന ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ഓണ്‍ലൈന്‍ വിജ്ഞാനകോശം ഈ നിയമനിര്‍മാണത്തില്‍ പ്രതിഷേധിച്ചുകൊണ്ട് 2012 ജനുവരി 18, 19 തീയതികളില്‍ സ്ക്രീനില്‍ കറുത്ത നിറം നിറക്കുകയായിരുന്നു. ലേഖനങ്ങള്‍ക്ക് പകരം മുഴുവന്‍ പേജുകളിലും 'സോപ'ക്കെതിരായ സന്ദേശം എഴുതിവെച്ചു അവര്‍. ഉദ്ദേശിക്കപ്പെട്ട രീതിയില്‍ സോപ നടപ്പാക്കാന്‍ പറ്റാത്ത അവസ്ഥ ഈ പ്രതിഷേധങ്ങളെല്ലാം സൃഷ്ടിക്കുകയും ചെയ്തു.
ഇതിനിടയില്‍ നമ്മുടെ നാട്ടില്‍ നടന്ന/നടക്കുന്ന രസകരമായ ചില കാര്യങ്ങളുണ്ട്. സോപക്കുവേണ്ടിയുള്ള നിര്‍ദേശം അമേരിക്കയില്‍ വന്ന അതേ ദിവസംതന്നെയാണ് ഐക്യരാഷ്ട്ര സഭയുടെ 66ാമത് ജനറല്‍ അസംബ്ലിയില്‍ ഇന്ത്യ വിചിത്രമായൊരു നിര്‍ദേശംവെച്ചത്. ഇന്റര്‍നെറ്റ് നിയന്ത്രണത്തിനുവേണ്ടി 50 അംഗ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒരു ഇന്റര്‍ഗവണ്‍മെന്റല്‍ ബോഡി (സിര്‍പ്-കമ്മിറ്റി ഓണ്‍ ഇന്റര്‍നെറ്റ് റിലേറ്റഡ് പോളിസീസ്) രൂപവത്കരിക്കണമെന്ന നിര്‍ദേശം. ലോകത്തെങ്ങുമുള്ള ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഈ കമ്മിറ്റി തീരുമാനിച്ചുകൊള്ളും. ഗൂഗ്ള്‍ സെര്‍ച്ച് എന്‍ജിനെ വരെ പേടിക്കുന്ന ചൈനയടക്കമുള്ള രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നിര്‍ദേശിക്കപ്പെട്ട ഈ കമ്മിറ്റി! ഇത്രയും ദൂരവ്യാപകഫലങ്ങളുണ്ടാക്കുന്ന ഒരു നിര്‍ദേശം ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയുടെ ഔദ്യോഗിക നിലപാടായി വെക്കുന്നതിനുമുമ്പ് അക്കാര്യം പാര്‍ലമെന്റിനെ അറിയിക്കാനും നാട്ടില്‍ ചര്‍ച്ചചെയ്യാനും സന്നദ്ധമായില്ല എന്നതാണ് ഗൗരവപ്പെട്ട കാര്യം.
സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനും വിവരവിനിമയത്തിനും അറിവിന്റെ ജനാധിപത്യവത്കരണത്തിനുമായി അവശേഷിച്ച അവസാനത്തെ സ്ഥലമാണ് സൈബര്‍ സ്പേസ് എന്നത്. അവിടെ കയറിക്കളിച്ച് ഇടപെടാനും നിയന്ത്രണങ്ങളെന്ന പേരില്‍ ഭരണകൂട ഭീകരത അടിച്ചേല്‍പിക്കാനുമുള്ള ശ്രമങ്ങള്‍ ലോകത്തെങ്ങും അധികാരികളുടെ ഭാഗത്തുനിന്നുണ്ടാവുന്നുണ്ട്. ഇന്ത്യയുടെ പ്രമാദമായ യു.എന്‍ നിര്‍ദേശങ്ങളും പുതുതായി വന്നുകൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് നിയമങ്ങളും അതിനെത്തുടര്‍ന്ന് വരുന്ന കോടതിവിധികളും ഇതാണ് കാണിക്കുന്നത്. 2008ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഭേദഗതി) നിയമത്തിലെ സെക്ഷന്‍ 69 തന്നെ യഥാര്‍ഥത്തില്‍ മൊബൈല്‍ ഫോണ്‍, എസ്.എം.എസ്, ഇ-മെയില്‍ തുടങ്ങിയവയില്‍ കടന്നുകയറാന്‍ സര്‍ക്കാറിന് അമിതാധികാരം നല്‍കുന്നതാണ്. പ്രത്യേകിച്ച് ചര്‍ച്ചയൊന്നും കൂടാതെ പാര്‍ലമെന്റ് അത് പാസാക്കി. 2011ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറീസ് ഗൈഡ്ലൈന്‍സ്) റൂള്‍സ് ആകട്ടെ ഫേസ്ബുക്കിലെ സംഭാഷണങ്ങളിലും പോസ്റ്റുകളിലും വരെ സര്‍ക്കാറിന്റെ (അഥവാ വിവരദോഷികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ) ഇടപെടലിനും അടിച്ചമര്‍ത്തലിനും നിയമസാധുത നല്‍കി. തലശ്ശേരിയിലെ പെട്ടിപ്പാലത്ത് മാലിന്യനിക്ഷേപത്തിനെതിരെ സമരം നടത്തിയവരെ പൊലീസ് അടിച്ചമര്‍ത്തിയപ്പോള്‍ അതില്‍ പ്രതിഷേധിച്ച് ഫേസ്ബുക്കില്‍ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ മുനിസിപ്പില്‍ ചെയര്‍പേഴ്സന്റെ പരാതിപ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഈ നിയമത്തിന്റെ പിന്‍ബലത്തിലാണ് ഇത്തരം കടന്നുകയറ്റങ്ങള്‍ നടന്നത്.
സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള അവസാനത്തെ അവസരംപോലും നഷ്ടപ്പെടുന്ന പശ്ചാത്തലത്തില്‍ ഹാക്ടിവിസ്റ്റുകളെപ്പോലുള്ള പുതിയ ജനാധിപത്യ പോരാളികളെയാണ് നാട് പ്രതീക്ഷിക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com