റഷ്യയില്‍ ഈയിടെ നടന്ന വാക്കിങ് റേസില്‍ (ണമഹസശിഴ ഞമരല) സമ്മാനവും ഒളിമ്പിക്സ് മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയും നേടിയ മലപ്പുറം ജില്ലയിലെ ഇര്‍ഫാന്‍ എന്ന യുവാവിന് ഈയിടെ നാട്ടുകാര്‍ അതിഗംഭീരമായ ഒരു സ്വീകരണം നല്‍കി. ഇത്രയും മികച്ച നേട്ടം നാട്ടിനുണ്ടാക്കിക്കൊടുത്ത ആ ചെറുപ്പക്കാരന്ന് ഗ്രാമവാസികള്‍ കെങ്കേമമായ സ്വീകരണമൊരുക്കിയത് തികച്ചും സ്വാഭാവികമാണ്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണ ഘോഷയാത്ര. വാഹനങ്ങളില്‍ മുന്നൂറും മോട്ടോര്‍ സൈക്കിളുകള്‍. ഏതു നിലക്ക് നോക്കിയാലും വല്ലാത്തൊരു ആരാകൂരം. നടക്കാനും ഓടാനും നാട്ടിലെ ചെക്കന്മാര്‍ക്ക് പ്രചോദനം നല്‍കാന്‍ ഇത്തരം സ്വീകരണങ്ങള്‍ നല്ലതാണ്.
പക്ഷേ, മൊത്തത്തില്‍ സംഭവത്തില്‍ ഒരു പൊരുത്തക്കേടില്ലേ എന്നാണ് ഇതെഴുതുന്ന ആളുടെ സംശയം. വാക്കിങ് റേസ് എന്നാല്‍, നടത്ത മത്സരമാണ്. നടത്തത്തിലാണ് ഇര്‍ഫാന്‍ സമ്മാനം നേടിയത്. നടത്തത്തില്‍ സമ്മാനം കരസ്ഥമാക്കിയ ഒരാള്‍ക്ക് നല്‍കുന്ന സ്വീകരണ ഘോഷയാത്ര നടന്നുകൊണ്ടായിരുന്നുവെങ്കില്‍ എന്തായേനെ അതിന്റെ ഇമ്പം! ഇര്‍ഫാനു സ്വീകരണം നല്‍കുന്നതോടൊപ്പം നടത്തത്തിനുവേണ്ടിയുള്ള സന്ദേശം കൂടിയാകുമായിരുന്നു ആ കാല്‍നട യാത്ര. എന്നാല്‍, സംഭവിച്ചത് അങ്ങനെയൊന്നുമല്ല. പുകയും മലിനീകരണവും തുപ്പിക്കൊണ്ട് 300 മോട്ടോര്‍ സൈക്കിളുകള്‍, ഈ മോട്ടോര്‍ സൈക്കിളുകള്‍ കുടിച്ചുതീര്‍ക്കുന്ന പെട്രോള്‍, അവയുണ്ടാക്കുന്ന ചെകിടടപ്പിക്കുന്ന ശബ്ദം. നടന്നു നടന്ന് ഒളിമ്പിക്സിലേക്ക് കയറിച്ചെന്ന ഇര്‍ഫാന്റെ ജീവിതം നല്‍കുന്ന സന്ദേശത്തിന് നേര്‍വിപരീതമാണ് അയാള്‍ക്ക് നല്‍കിയ സ്വീകരണച്ചടങ്ങില്‍ ഓടിച്ച മോട്ടോര്‍ സൈക്കിളുകള്‍ നല്‍കുന്നത്.
മഹാത്മാഗാന്ധി വിലാസം കളളുഷാപ്പ് എന്നു പറയുമ്പോഴുണ്ടാകുന്ന അരുചി ഈ സംഭവവും തികട്ടിയെടുക്കുന്നു. ഇര്‍ഫാന്റെ നാട്ടുകാര്‍ക്ക് ഇര്‍ഫാനെ പിടികിട്ടാത്തതുപോലെ. എന്നാല്‍, എനിക്ക് കൂടുതല്‍ അദ്ഭുതം തോന്നിയത് 300 മോട്ടോര്‍സൈക്കിളുകള്‍ എന്ന കണക്കു വായിച്ചപ്പോഴാണ്. ഒരു കൊച്ചു ഗ്രാമത്തില്‍ 300 മോട്ടോര്‍ സൈക്കിളുകളോ. അങ്ങനെ ആലോചിച്ചു വന്നപ്പോള്‍ കേരളത്തില്‍ ഏറക്കുറെ എല്ലാ പ്രദേശങ്ങളിലും ഇതാണ് സ്ഥിതിയെന്നു മനസ്സിലായി. മോട്ടോര്‍ സൈക്കിളില്ലാത്ത വീടുകളില്ല. മിക്ക വീടുകളിലും ഒന്നിലധികം ബൈക്കുകളുണ്ട്. പതിനെട്ടു വയസ്സ് തികയാത്ത ചിടുങ്ങന്മാര്‍പോലും ബൈക്കിലേ സഞ്ചരിക്കുകയുള്ളൂ. തൊട്ടടുത്ത അങ്ങാടിയില്‍ പോയി മീനും മുളകും വാങ്ങാന്‍ കുട്ടികള്‍ സന്മനസ്സു കാട്ടണമെങ്കില്‍ അവര്‍ക്ക് ബൈക്കു കൈയില്‍ കിട്ടണം. എങ്കിലല്ലേ ചീറിപ്പാഞ്ഞുപോയി അന്തസ്സു പ്രകടിപ്പിക്കാന്‍ പറ്റൂ. ബൈക്കോടിക്കാനറിയാത്ത ചെറുപ്പക്കാര്‍ക്ക് പെണ്ണുകിട്ടാത്ത കാലമാണിത്. അവരെ പ്രേമിക്കാനും പെണ്‍കുട്ടികളെ കിട്ടുന്നില്ല. ഇങ്ങനെയൊരു കാലാവസ്ഥയില്‍ ഒരു ഗ്രാമത്തില്‍ നടക്കുന്ന ഘോഷയാത്രയില്‍ മുന്നൂറല്ല, മൂവായിരം മോട്ടോര്‍ ബൈക്കുകള്‍ ഇരമ്പിയാര്‍ത്താല്‍പോലും അതിശയിക്കേണ്ടതില്ല. നടത്തത്തെപ്പോലും നാം ആഘോഷമയമാക്കുന്നത് നടക്കാതിരിക്കുക എന്ന ആശയത്തെ പ്രയോഗവത്കരിച്ചുകൊണ്ടാണ് എന്ന് തീര്‍ച്ച. ഇങ്ങനെ ചെയ്യുന്നതിനു പകരം പത്തുപേരെങ്കില്‍ പത്തുപേര്‍ ഇര്‍ഫാനോടൊപ്പം നടന്നിരുന്നുവെങ്കില്‍ ഏറെ ഉചിതമാകുമായിരുന്നു ആ സ്വീകരണം.
കുറച്ചുകാലമായി നടത്തം നാം വേണ്ടെന്നുവെച്ചിരിക്കുന്നു. ഓഫിസിലേക്കോ സ്കൂളിലേക്കോ കച്ചവടപ്പീടികയിലേക്കോ നടന്നുചെല്ലുന്നവരുടെ നേരെ ഇവനേതു ദരിദ്രവാസി എന്ന മട്ടിലാണ് ആളുകളുടെ നോട്ടം. കാല്‍നടയാത്രക്കാരുടെ മേല്‍ കാറും മോട്ടോര്‍ സൈക്കിളും പാഞ്ഞുകയറിയതിനെക്കുറിച്ചുള്ള പത്രവാര്‍ത്തകളിലൂടെ കടന്നുപോകുമ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് നടക്കുന്നവന്റെ നിസ്സാരതയുടെ നേരെയുള്ള പുച്ഛവും അതിനൊരു കാരണമാണെന്ന്. നടക്കുന്നവനാര്; കൂറയോ പാറ്റയോ പുഴുവോ പ്രാണിയോ പോലെ ചവിട്ടിത്തേച്ചുകളയാന്‍ പ്രയാസമില്ലാത്ത അശു. വാഹനം തട്ടിമറിക്കാന്‍ സര്‍വഥാ യോഗ്യന്‍. എന്തിന് ചങ്ങാതിയെ ഗൗനിക്കണം? നടത്തം ദാരിദ്യ്രത്തിന്റെയും അന്തസ്സില്ലായ്മയുടെയും ചിഹ്നമാണ് എന്ന തോന്നല്‍ കൂടിയാണ് ചെറുപ്പക്കാരെ ബൈക്കും കാറും വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്. നടന്ന് സ്കൂളില്‍ പോകുന്നത് കുറച്ചിലാണെന്ന ചിന്തയില്‍നിന്നാണ് സ്കൂള്‍ ബസ് എന്ന ആശയം ഉരുത്തിരിഞ്ഞു വരുന്നതുതന്നെ. ബസില്ലാത്ത പക്ഷം കുട്ടികളെയും അവരുടെ ഭാരിച്ച പുസ്തകസഞ്ചികളും കുത്തിനിറച്ച ഓട്ടോറിക്ഷകളെങ്കിലും കൂടിയേ തീരൂ നമുക്ക്. ഒരു നിലക്കും കുട്ടികള്‍ നടന്നു സ്കൂളില്‍ പോകുന്ന പ്രശ്നമേയില്ല. ചളി തട്ടിത്തെറിപ്പിച്ചുകൊണ്ടും വഴിനീളെ മാവിനെറിഞ്ഞുകൊണ്ടും അഞ്ചും ആറും നാഴികദൂരം കളിച്ചുതിമിര്‍ത്ത് സ്കൂളില്‍ പോയ കാലം മുതിര്‍ന്ന തലമുറയുടെ ഓര്‍മകളിലുണ്ട്. പുതിയ കുട്ടികള്‍ക്ക് സ്കൂളിലേക്കുള്ള യാത്രയെന്നത് ഓട്ടോറിക്ഷയിലെ ശ്വാസംമുട്ടലാണ്. പിരിവെടുത്ത് സ്കൂള്‍ ബസു വാങ്ങാന്‍ ഉത്സാഹിക്കുന്ന പി.ടി.എ കമ്മിറ്റിക്കാര്‍, തങ്ങള്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നിഷേധിക്കുന്നത് സ്വയം അനുഭവിക്കാനും എക്കാലത്തും ഓര്‍മിക്കാനുമുള്ള ആഹ്ലാദാനുഭൂതികളാണ് എന്ന് വല്ലപ്പോഴും ഓര്‍ത്തുകാണുമോ?
നടത്തത്തെപ്പറ്റി തോറോവിന്റെ മനോഹരമായ ഒരു ഉപന്യാസമുണ്ട്. അത് വായിക്കുമ്പോള്‍ ഓരോ നടത്തവും നമുക്ക് തുറന്നുതരുന്ന ഓരോ പുതിയ അനുഭവമണ്ഡലത്തെയും കുറിച്ച് നാം ബോധവാന്മാരാകും. നടക്കുമ്പോള്‍ നമുക്ക് അഭിമുഖമായി കടന്നുവരുന്നത് വ്യത്യസ്തരായ മനുഷ്യരാണ്; തികച്ചും വ്യത്യസ്തമായ ഒരു ലോകത്തെയാണ് നാം അഭിമുഖീകരിക്കുന്നത്. വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ നമുക്ക് ഈ അനുഭവമണ്ഡലം നഷ്ടപ്പെട്ടുപോകുന്നു. ആരോടും സംവദിക്കാനാവാതെ നാം ഒറ്റപ്പെടുന്നു. ഇങ്ങനെയൊരു ഒറ്റപ്പെടലിനെക്കുറിച്ചുള്ള ആശങ്കകള്‍ തീര്‍ച്ചയായും തോറോയെ വ്യഥിതനാക്കിയിരിക്കണം. മുന്നില്‍ നീണ്ടുനിവര്‍ന്നു നില്‍ക്കുന്ന സുദീര്‍ഘമായ ഭൂമിയും തലക്കുമുകളില്‍ തുറന്നുകിടക്കുന്ന തെളിഞ്ഞ ആകാശവും അദ്ദേഹത്തെ ഉന്മത്തനാക്കിയിട്ടുമുണ്ടാകണം. നടത്തം നിര്‍ത്തി വാഹനങ്ങളിലേക്ക് കയറിയതോടെ നമുക്ക് ഈ അനുഭവങ്ങളത്രയും നഷ്ടമായി.
നമുക്ക് ഇപ്പോള്‍ നടത്തമുണ്ട്. പക്ഷേ, അത് നടത്തത്തിനുവേണ്ടിയുള്ള നടത്തമാണ്. 'ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍, ഒബിസിറ്റി തുടങ്ങിയ രാക്ഷസന്മാരുടെ ആക്രമണം പേടിച്ച് ആണുങ്ങളും പെണ്ണുങ്ങളും അതിരാവിലെ എഴുന്നേറ്റ് അരമണിക്കൂറോ മറ്റോ നടക്കുന്നു. കൈവീശി ബലം പിടിച്ചുകൊണ്ടുള്ള ഒരുതരം ബ്രിസ്ക് വാക്കിങ്. ചുറ്റുമുള്ള ലോകത്തെ അല്‍പംപോലും ശ്രദ്ധിക്കാതെ അവനവന്റെ ആരോഗ്യത്തെപ്പറ്റി മാത്രം ഓര്‍ത്തുകൊണ്ടാണ് ഈ നടപ്പ്. ലോകത്തിനുനേരെ മനസ്സ് തുറന്നിട്ടുകൊണ്ടുള്ള തോറോവിന്റെ നടത്തം വേറെ, ആരോഗ്യ സംരക്ഷണം കാംക്ഷിച്ചുകൊണ്ടുളള ഈ നടത്തം വേറെ. പക്ഷേ, അത്രയൊക്കെയേ വാഹനവത്കൃത സംസ്കാരം നമ്മെ അനുവദിക്കുന്നുള്ളൂ. അതിരാവിലെ അമ്പലങ്ങളുടെയും പള്ളികളുടെയും പരിസരങ്ങളില്‍ നിര്‍ത്തിയിട്ടു കാണപ്പെടുന്ന കാറുകളും മോട്ടോര്‍ സൈക്കിളുകളും ഇപ്പറഞ്ഞതിന് തെളിവാണ്. അമ്പലത്തില്‍ തൊഴാനും പള്ളിയില്‍ പ്രഭാത നമസ്കാരത്തിനും വേണ്ടിയെങ്കിലും വീട്ടില്‍നിന്നിറങ്ങി ഇത്തിരി ദൂരം നടന്നു വന്നുകൂടേ നമുക്ക്? അങ്ങനെയെങ്കിലുമൊന്ന് തടിയിളക്കിക്കൂടേ?
നടത്തത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ എനിക്ക് ന്യായമായും ഒരു സംശയമുണ്ട്. കാലം ചെല്ലുമ്പോള്‍ 'ഹോപ്സ്റ്റെപ് ആന്‍ഡ് ജംപ്' പോള്‍ വാള്‍ട്ട്' തുടങ്ങിയവപോലെ വിദഗ്ധ പരിശീലനം ആവശ്യമുള്ള സ്പോര്‍ട്സ് ഇനമായിത്തീരുമോ നടത്തവും? പഠിച്ച നടത്തമത്രയും മറന്നുകളയുമോ മനുഷ്യര്‍?
നിങ്ങളുടെ അഭിപ്രായങ്ങള്‍