12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

ദൈവത്തിന്റെ നാദം

ദൈവത്തിന്റെ നാദം

ഷേക്സ്പിയര്‍ ചോദിച്ചു: 'ഒരു പേരിലെന്തിരിക്കുന്നു?' നേരാണ്, അത്രവലിയ കാര്യമൊന്നും അതിലിരിക്കണമെന്നില്ല. പക്ഷേ, ചില പേരുകളുണ്ട്. അവയില്‍ ആളിരിക്കും. അര്‍ഥസമ്പുഷ്ടിയോടെ. മെഹ്ദി ഹസന്‍ വെറുമൊരു പേരല്ല. വാക്കില്‍ പ്രപഞ്ചമിരിക്കുന്നെന്ന വേദവാക്യം, തത്ത്വദര്‍ശനത്തിന്റെ ഉടുപ്പഴിച്ചുകളഞ്ഞ് സ്വയം നഗ്നമാകുന്ന അനുഭവങ്ങളിലൊന്നാണത്. കര്‍മം കലയാകുമ്പോള്‍, ജന്മം പ്രകൃതിയുടെ ഭാഗമാകും. മെഹ്ദി അത്തരമൊരു സുകൃതമായിരുന്നു.
ടി. പത്മനാഭന്‍ പറയുമ്പോലെ 'വിദ്യാഭ്യാസം പഠിച്ചിട്ടില്ല.' എന്തിന് പഠിക്കണം? സുകൃതം ചോരയില്‍ സമൃദ്ധമായി പൊലിച്ചിരുന്നു. തഴക്കമുള്ള ദര്‍ബാരി ഗായകരുടെ 15 തലമുറകള്‍ അണയാതെ കാത്ത പുണ്യം. 16ാം തലമുറക്കാരനില്‍ അത് പൊലിപൊലിച്ചു. ബറോഡ രാജദര്‍ബാറില്‍ എട്ടാം വയസ്സില്‍ നാമ്പെടുത്ത ആ നാദത്തെ നാലു തലമുറകളുടെ ഹൃദയദ്രവമാക്കി മിനുക്കിയെടുത്ത ദാരിദ്യ്രത്തിനു കൂടി നന്ദി പറയണം. ക്ഷമിക്കണം, ഇത് ദാരിദ്യ്രത്തിനുള്ള സിന്ദാബാദല്ല. മറിച്ച്, ഒന്നുമില്ലാത്തവന് ദൈവം തുണയെന്ന ചൊല്ല് അന്വര്‍ഥമായതു കണ്ടുള്ള ഒരോര്‍ത്തെടുക്കലാണ്. മെഹ്ദിക്ക് പാട്ടിന്റെ രൂപത്തിലാണ് പടച്ചോന്‍ വന്നത്. വല്ലാത്തൊരു വരവുതന്നെ. മണല്‍ക്കാറ്റും മരീചികയും രാജസ്ഥാനി ഫോക്കും പിന്നെ പിതാവിന്റെയും അമ്മാവന്റെയും ധ്രുപദുമൊക്കെ ചേര്‍ന്ന ബാല്യം. വിഭജനം സമ്മാനിച്ച കുടിയൊഴിയല്‍. സൈക്കിളിന് പഞ്ചറൊട്ടിക്കുന്നതില്‍ തുടങ്ങിയ കൂലിവേല. എന്‍ജിനീയറിങ് പഠിക്കാതെ വണ്ടികള്‍ ശരിപ്പെടുത്തുന്ന വര്‍ക്ഷോപ് മേസ്തിരി. ദാരിദ്യ്രം ആ മനുഷ്യനെ മറുവഴിക്ക് സമ്പന്നനാക്കിക്കൊണ്ടിരുന്നു. ഒരു കച്ചേരിപ്പടിയില്‍ വെച്ച് ഇടറിപ്പോയ സ്വന്തം ഹാര്‍മോണിയം അവിടെത്തന്നെയിരുന്ന് സ്വയം പണിതൊരുക്കുന്നത് കണ്ട് അമ്പരന്ന സദസ്സിനോട് അദ്ദേഹംതന്നെ പറഞ്ഞമാതിരി, 'ഞാന്‍ നന്നാക്കിയ നൂറുകണക്കിന് എന്‍ജിനുകളോട് താരതമ്യം ചെയ്താല്‍, ഇതൊരു കൊച്ചു കേക്ക്മുറി മാത്രം.'
യാതനയും ഇമ്മാതിരി കൈവിരുതും കൊണ്ട് ഒരാളും ഉസ്താദാകുന്നില്ല. നാദപ്രപഞ്ചത്തിലെ വിത്തും കൈക്കോട്ടും വേറെയാണ്. ധ്രുപദ സംഗീതത്തിന്റെ താവഴിയില്‍ കലാവന്ത് ഗോത്രത്തിലെ മുന്‍തലമുറക്കാരും പാടിയിരുന്നു, ഗസല്‍. ഗാലിബിന്റെ ജീനിയസ് ആ പാവങ്ങള്‍ക്ക് പിടിയില്ലായിരുന്നു. തുമ്രിയുടെ രാഗനിഷ്ഠയില്‍ അല്‍പ കാര്‍ക്കശ്യത്തില്‍ പുലര്‍ന്നുപോന്ന ശീലുകള്‍ മുറതെറ്റിക്കാതെ അനുവര്‍ത്തിക്ക മാത്രം. എന്തിന് പഴമക്കാര്‍ -മെഹ്ദിയുടെ രംഗപ്രവേശ കാലത്തെ ഉസ്താദുമാര്‍ പോലും ബീഗം അഖ്തറിന്റെ 'ഗസല്‍ ഗായകി' തൊട്ടുകളിക്കാന്‍ ധൈര്യപ്പെട്ടിരുന്നോ?
സാമ്പ്രദായികങ്ങളില്‍ കല വീര്‍പ്പുമുട്ടുമെന്നും അളമുട്ടിയാല്‍ അത് സ്വകീയ വഴികളിലൂടെ സ്വയം വിമോചിപ്പിക്കുമെന്നും കുറിച്ചിട്ട ഗാലിബിന്റെ കൊക്ക് എന്നും എവിടെയും അറംപറ്റാറേയുള്ളൂ. ഗസലില്‍ ആ വിപ്ലവത്തിന്റെ നിമിത്തഭാഗ്യം മെഹ്ദി ഹസന് ഉഴിഞ്ഞുവെച്ചതായി എന്നുമാത്രം പറയാം. സാക്ഷ്യം പറയാന്‍ കാല്‍ ലക്ഷത്തില്‍പരമുണ്ട് കൃതികള്‍. സാക്ഷാല്‍ ഗാലിബ് തൊട്ട് ഫൈസ് അഹ്മദ് ഫൈസ് വരെ എത്രയോ മഹാരഥന്മാരുടെ വരികള്‍. ഓരോന്നിലും അക്ഷരാര്‍ഥങ്ങളെ സ്ഫുടം ചെയ്തെടുത്ത് രാഗഭാവത്തിന്റെ കസവു തുന്നി, രോമകൂപങ്ങള്‍ സ്വയം എഴുന്നുപോകുന്ന ഹൃദന്തനാദത്തില്‍ വെച്ചുനീട്ടുമ്പോള്‍ ലോകം പറഞ്ഞു, 'ഇതാ ദൈവത്തിന്റെ നാദം.'
എന്തായിരുന്നു മെഹ്ദി മാജിക്? 'ആയേ കുച്ച്... ശരാബ് ആയേ...' മത്ല തൊട്ട് മഖ്ത വരെ ഗസല്‍ സ്വയം ലഹരിപിടിച്ച് പൂത്തുലയുകയായിരുന്നു. അപ്പോള്‍ 'ഗുലോം മെ രംഗ് ഭരെ'യില്‍ സംഭവിച്ചതോ? 'യേ കാഗസി ഫൂല്‍ ജൈസേ'യില്‍? 'കഹാം ഗയി വോ വഫ'യില്‍? വേണ്ട വേണ്ട, നിങ്ങളില്‍ പലരും മറുചോദ്യങ്ങള്‍ കൊണ്ട് ഏറുതുടങ്ങും: 'രഞ്ജിഷ് ഹെ ബഹി'യുടെ മാസ്മരികത വെച്ച്. 'നവാസിഷ് കരം ശുക്രിയ മെഹര്‍ബാനി'യുടെ ഹൃദയവേപഥു വെച്ച്. അങ്ങനെ പാത്രമറിഞ്ഞ് നെഞ്ചുനിറച്ച് പാട്ടിന്റെ സൂഫി ഒരു ഗീതിപ്പക്ഷിയെപ്പോലെ കടന്നുപോയി.
അയാളുടെ മാജിക് സരളമായിരുന്നു. ആദ്യം ഗസലിനെ അതിനുചേരാത്ത ഉടുപ്പില്‍നിന്ന് മോചിപ്പിച്ചു- ശാസ്ത്രീയ സംഗീതത്തിന്റെ ശാഠ്യങ്ങളില്‍നിന്ന്, വരേണ്യതയുടെ ദന്തഗോപുരങ്ങളില്‍നിന്ന്. എന്നിട്ടതിന്റെ ജീവഭാവത്തിനു ചേര്‍ന്ന പുത്തനുടയാടകള്‍ നല്‍കി- ലളിതരാഗങ്ങള്‍ കൊണ്ട്, കവിതയുടെ അര്‍ഥപൂര്‍ത്തി പ്രകാശിപ്പിച്ചുകൊണ്ട്. ഓരോ ശീലിലെയും പദങ്ങള്‍ മെഹ്ദിയുടെ ആഴമുള്ള നാദത്തിലൂടെ സ്വന്തം അര്‍ഥപുഷ്ടി ആര്‍ജിക്കുകയായിരുന്നു. ഹൃദയം ഹൃദയത്തോട് മന്ത്രിച്ച ദ്രവീകരണ ശക്തിയുള്ള സ്വകാര്യങ്ങളായി ആ ഭാവപ്രപഞ്ചം മാറിയപ്പോള്‍ ഗസല്‍ പറഞ്ഞു, ഞാനീ മനുഷ്യന്റെ ദാസി.
സംഗീതത്തിന് കളങ്കമില്ല. 'പഹ്ലെ സേ മരാസിം ന സഹി, ഫിര്‍ ഭി കഭി തോ' എന്ന് മെഹ്ദി പാടുമ്പോള്‍ കണ്ണടച്ച് സ്വയംവരിച്ച ഇരുളിന്റെ സ്വസ്ഥിയിലിരുന്നവന്റെ കണ്ണുകള്‍ ധാരപൊഴിക്കും. ആരെയും നിശ്ശബ്ദരാക്കാന്‍ പോന്ന ശബ്ദം അട്ടഹാസങ്ങളുടേതല്ല, മെലങ്കളിയുടേതാണ്. കാരണം, അവിടെ കരുണ പെയ്യുന്നു. മെഹ്ദി ഹസന്‍ കരുണയായിരുന്നു. ഗസല്‍പോലെ.
രണ്ടേ രണ്ട് പേര്‍ക്കേ താന്‍ അടിമയായിട്ടുള്ളൂ എന്ന് ഗസലിന്റെ ഷഹന്‍ഷാ പറയുമായിരുന്നു- ഒന്ന്, സംഗീതം. രണ്ട്- ഈശ്വരന്‍. സത്യത്തില്‍ ഇതുരണ്ടും രണ്ടാണോ? അവയുടെ അദ്വൈതം തെളിയിച്ച ജന്മമായിരുന്നു മെഹ്ദിയുടേത്. ആയിരത്താണ്ടുകളില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന സുകൃതം. അത് മായ്ച്ചുകളയാന്‍ കാലത്തിനും പണിപ്പെടേണ്ടിവരും. കാരണം, ഇത്തരം ജന്മങ്ങള്‍ ശേഷിപ്പിക്കുന്ന ഒസ്യത്ത് അവ്വിധമാണ്. മനുഷ്യരാശിയുടെ ജനിതകങ്ങളിലേക്കുള്ള സമ്പത്ത്. മെഹ്ദിതന്നെ പാടിയിട്ടുള്ളപോലെ,
'അബ് കെ ഹം ബിച്ചഡേ തോ ശായദ് കഭീ ഖാബോം മേ
മിലേ ജിസ് തരഹ് സൂകേ ഹുയേ ഫൂല്‍ കിതാബോ മേ മിലന്‍
ആജ് ഹം ഓര്‍ പെ ഖീംചെ ഗയേ ജിന്‍ ബാതോം പര്‍ ക്യാ അജബ്
കല്‍ വേ സമാനേ കോ നിസാബോം മേ മിലന്‍'
ദൈവത്തിന്റെ നാദം നിലക്കുന്ന പ്രശ്നമില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com