കാസര്‍കോട്: ജില്ലയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രി, അടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവ ഒഴികെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലൊന്നും ഡോക്ടര്‍മാരുടെ ക്ഷാമമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സര്‍ജറി, അനസ്തേഷ്യ, പീഡിയാട്രിക്സ്, റേഡിയോളജി, ബ്ളഡ് ബാങ്ക്, ഡെന്‍റല്‍ എന്നീ വിഭാഗങ്ങളിലായി ആറ് ജൂനിയര്‍ കണ്‍സള്‍ട്ടന്‍റിന്‍െറ ഒഴിവും കാഷ്വാലിറ്റിയില്‍ നാല് ഒഴിവുമുണ്ട്. സര്‍ജറിയിലും അനസ്തേഷ്യയിലും മെഡിക്കല്‍ കണ്‍സള്‍ട്ടന്‍റിന്‍െറ സേവനം ലഭ്യമാണ്. കരാര്‍ അടിസ്ഥാനത്തില്‍ കാഷ്വാലിറ്റി, ഡെന്‍റല്‍ അടക്കം ആറ് ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നു. വര്‍ക്കിങ് അറേഞ്ച്മെന്‍റില്‍ രണ്ട് പീഡിയാട്രീഷ്യന്‍മാരും ഒരു ഗൈനക്കോളജിസ്റ്റും ജോലി ചെയ്യുന്നുണ്ട്.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മെഡിസിന്‍, സര്‍ജറി, അനസ്തേഷ്യ, പീഡിയാട്രിക്സ്, സൈക്യാട്രി, റേഡിയോളജി, ഫോറന്‍സിക് മെഡിസിന്‍, റെസ്പിറേറ്ററി മെഡിസിന്‍ വിഭാഗങ്ങളിലായി 11 സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെയും കാഷ്വാലിറ്റിയില്‍ നാല് ഡോക്ടര്‍മാരുടെയും ഒഴിവുണ്ട്. കാഷ്വാലിറ്റിയില്‍ നാല് ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ ഒരാള്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്നു. ജില്ലയിലെ വിവിധ ആശുപത്രികളിലായി 64 ഡോക്ടര്‍മാര്‍ സേവനം ചെയ്യുന്നു. നീലേശ്വരം, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രികള്‍, മഞ്ചേശ്വരം, പനത്തടി, കുമ്പള, ബദിയഡുക്ക, ബേഡഡുക്ക, മുളിയാര്‍, പെരിയ, മംഗല്‍പാടി, ചെറുവത്തൂര്‍ തുടങ്ങി ജില്ലയിലെ മറ്റ് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഡോക്ടര്‍മാരുടെ സ്ഥിരം ഒഴിവുകള്‍ ഉണ്ടെങ്കിലും കരാര്‍ അടിസ്ഥാനത്തിലും നിര്‍ബന്ധിത ഗ്രാമീണ സേവനം മുഖേനയും ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. ജില്ലയില്‍ നിലവില്‍ നിര്‍ബന്ധിത ഗ്രാമീണ സേവനം മുഖേന 11ഉം, നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന ഒന്നും കരാര്‍ അടിസ്ഥാനത്തില്‍ 51ഉം ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി മുഖേന രണ്ട് ഡോക്ടര്‍മാരും നിലവില്‍ ജോലിചെയ്യുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍