കൊച്ചി: പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്ന ജില്ലയില്‍ മൂന്ന് പേര്‍ക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. നിരവധിപേര്‍ ചൊവ്വാഴ്ചയും ഡെങ്കിപ്പനി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സതേടിയെത്തി.
കിഴക്കന്‍ മേഖലയിലെ പോത്താനിക്കാട്ട് രണ്ടുപേര്‍ക്കാണ് ചൊവ്വാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മറ്റൊരാള്‍ പാറക്കടവിലാണ്.
ഗവ. ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നതിനെക്കാള്‍ കൂടുതല്‍ രോഗികള്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രികളിലെത്തുന്നുണ്ട്. ഇതുസംബന്ധിച്ച വിവരം ആരോഗ്യവകുപ്പിന് കൈമാറാന്‍ സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകള്‍ തയാറായിട്ടില്ല. പനിബാധിതരുടെ എണ്ണം ദിവസവും വര്‍ധിച്ചുവരികയാണ്. ചൊവ്വാഴ്ച മാത്രം 733 പേരാണ് ഗവ. ആശുപത്രികളില്‍ ചികിത്സ തേടിയത്. സ്ഥിതി വഷളായ 34 പേരെ അഡ്മിറ്റ് ചെയ്തു. വയറിളക്കം പിടിപ്പെട്ട് 133 പേര്‍ ചൊവ്വാഴ്ച ചികിത്സതേടി. ഇതില്‍ 11 പേരെ അഡ്മിറ്റ് ചെയ്തു. രണ്ട് എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്തു. മുളവുകാട്, പോത്താനിക്കാട് എന്നിവിടങ്ങളിലാണിത്.
പകര്‍ച്ചവ്യാധി നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച തദ്ദേശ സ്ഥാപന മേധാവികളുടെ നേതൃത്വത്തിലുള്ള സ്ക്വാഡിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് ബുധനാഴ്ച തുടക്കം കുറിക്കും. ദിവസം 50 വീടുകളില്‍ സംഘം പരിശോധന നടത്തും. ആവശ്യമായ നിര്‍ദേശങ്ങളും ബോധവത്കരണവും നടത്തുകയാണ് ലക്ഷ്യം. ആരോഗ്യ വകുപ്പ് പ്രതിനിധികള്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജോലിക്കാര്‍, നെഹ്റു യുവകേന്ദ്ര പ്രതിനിധികള്‍ തുടങ്ങിയവരും സംഘത്തിലുണ്ടാകും. ഇതിന്‍െറ ഭാഗമായി ബുധനാഴ്ച വൈകുന്നേരം മൂന്നിന് കുട്ടമ്പുഴ ആദിവാസി കോളനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തിലെ സംഘം പരിശോധന നടത്തും.
ജില്ലയിലെ ജലസ്രോതസ്സുകളില്‍ വ്യാഴാഴ്ച മുതല്‍ ക്ളോറിനേഷന്‍ നടത്താനും ചൊവ്വാഴ്ച ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന അടിയന്തര യോഗം തീരുമാനിച്ചു. ജില്ലതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11 ന് കാക്കനാട് മാര്‍അത്തനേഷ്യസ് സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍വഹിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍