എയര്‍ ഇന്ത്യ റിയാദ് ഓഫീസ് താല്‍ക്കാലികമായി അടച്ചു

റിയാദ്: യാത്രാപ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കടുത്ത പ്രതിഷേധവുമായി ജനങ്ങള്‍ രണ്ടാം ദിനവും കൂട്ടം കൂട്ടമായി ഇരച്ചെത്തിയതോടെ എയര്‍ ഇന്ത്യ റിയാദ് ഓഫീസ് താല്‍ക്കാലികമായി അടച്ചു. ‘എയര്‍ ഇന്ത്യ ഓഫീസ് താല്‍ക്കാലികമായി അടച്ചതായി’ അറിയിക്കുന്ന വലിയ പോസ്റ്റര്‍ ചൊവ്വാഴ്ച ഉച്ചയോടെ ഓഫീസിന്‍െറ മുന്‍വശത്ത് പതിച്ചു. അതേസമയം കൂട്ടമായി ജനങ്ങളെത്തി പ്രക്ഷുബ്ധാന്തരീക്ഷം സൃഷ്ടിക്കുകയും ക്രമസമാധാന പ്രശ്നത്തിനിടയാക്കുകയും ചെയ്യുന്നതിനാല്‍ അവരെ നിയന്ത്രിക്കാനുള്ള നടപടിയാണിതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്നുള്ള വിശദീകരണം. ഓഫീസ് പതിവു പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളമൊഴികെ, വിമാനസര്‍വീസ് ലഭ്യമായ മറ്റ് സെക്ടറുകള്‍ക്ക് വേണ്ടിയുള്ള ഓപറേഷനുകളാണ് നടക്കുന്നത്. ടിക്കറ്റ് റീഫണ്ടിങ്, സര്‍വീസ് നിലവിലുള്ള സെക്ടറുകളിലേക്ക് ആവശ്യപ്പെട്ടാല്‍ കേരള യാത്രക്കാരുടെ ടിക്കറ്റുകള്‍ മാറ്റി നല്‍കുന്ന നടപടി എന്നിവയും നടക്കുന്നുണ്ട്. ഇതര വിമാന കമ്പനികളില്‍ സീറ്റ് ലഭ്യമാണെങ്കില്‍ എയര്‍ ഇന്ത്യയില്‍ അടച്ചുകഴിഞ്ഞ അതേ തുകക്കുതന്നെ ടിക്കറ്റ് മാറ്റി നല്‍കാന്‍ തയാറാണെന്ന് അധികൃതര്‍ ഔദ്യാഗികമായി അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെയോടെ ജനങ്ങളുടെ പ്രതിഷേധം അനിയന്ത്രിതമായി മാറുകയായിരുന്നു. വിവരമറിഞ്ഞ് രണ്ട് വാഹനങ്ങളില്‍ പൊലീസെത്തി. ക്രമസമാധന പ്രശ്നമുണ്ടാക്കാന്‍ നില്‍ക്കാതെ പിരിഞ്ഞുപോകാനാണ് പൊലീസ് ആളുകളോട് ആവശ്യപ്പെട്ടത്. ഇന്ത്യന്‍ എംബസിയില്‍ പോയി പരാതിപ്പെടാനും നിര്‍ദേശമുണ്ടായി. ജനങ്ങള്‍ കൂട്ടം കൂടിയതോടെ രംഗം പന്തിയല്ലെന്ന് കണ്ട് എയര്‍ ഇന്ത്യ അധികൃതര്‍ രാവിലെ 10 മണിയോടെ മുന്‍ വശത്തെ കൗണ്ടറുകള്‍ അടച്ചുപൂട്ടുകയും കടലാസുകളില്‍ അറബിയിലും ഇംഗ്ളീഷിലും വിവരമെഴുതി പതിക്കുകയായിരുന്നു. ഉച്ചയോടെയാണ് വലിയ പോസ്റ്റര്‍ തയാറാക്കി പതിച്ചത്. ബഹളം കേട്ടാണ് അവിടെ എത്തിയതെന്നും വന്‍ ജനക്കൂട്ടമാണ് അവിടെയുണ്ടായിരുന്നതെന്നും റിയാദ് ഇന്ത്യന്‍ കലാസാംസ്കാരിക വേദി (റിക്സ്) ഭാരവാഹി ശ്രീലാല്‍ ബി. നായര്‍ പറഞ്ഞു. സന്ദര്‍ശകവിസയിലെത്തിയ ഒരു മലയാളിയുടെ കാലാവധി ബുധനാഴ്ച അവസാനിക്കുന്നതിനാല്‍ അതിനു മുമ്പ് രാജ്യം വിട്ടില്ലെങ്കിലുണ്ടാകുന്ന ഗുരുതര ഭവിഷ്യത്തുകള്‍ വിളിച്ചുപറഞ്ഞ് അയാള്‍ ഉച്ചത്തില്‍ ബഹളം വെക്കുന്നുണ്ടായിരുന്നു. 10000 റിയാല്‍ പിഴയും വിസ ആരുടെ സ്പോണ്‍സര്‍ഷിപ്പിലാണോ അയാള്‍ക്ക് എക്സിറ്റും ലഭിക്കുന്ന ഗുരുതര കുറ്റമാണ് സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞാലുണ്ടാവുക. ഇതുപോലുള്ള നിരവധി പ്രശ്നങ്ങളില്‍ പെട്ടവരാണ് പ്രതിഷേധവുമായി ഓഫീസിലെത്തുന്നവരില്‍ കൂടുതലും. എംബസിയില്‍ പോയി പരാതി പറയാന്‍ പൊലീസ് പറഞ്ഞതുകേട്ട് താനടക്കം നിരവധി പേര്‍ ഇന്ത്യന്‍ എംബസിയിലെത്തി വെല്‍ഫെയര്‍ വിങില്‍ പരാതിപ്പെട്ടെങ്കിലും നിസഹായരാണെന്ന് അവര്‍ കൈമലര്‍ത്തുകയായിരുന്നെന്ന് കെ.എം.സി.സി പ്രവര്‍ത്തകന്‍ ഷാനവാസ് ആറളം ‘ഗള്‍ഫ് മാധ്യമ’ത്തോടു പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus