കൊല്ലം: ജില്ലയിലെ പരിസ്ഥിതി പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭമാരംഭിക്കാന്‍ ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപനസമിതി തീരുമാനിച്ചു.
ജില്ലയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും പൊലീസുകാരും ഭൂമാഫിയ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ക്ക് വിധേയരായാണ് പ്രവര്‍ത്തിക്കുന്നതെന്നും പരിസ്ഥിതി പ്രവര്‍ത്തകരുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രഹസനമാണ് കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന ചര്‍ച്ചകളെന്നും ഏകോപനസമിതി നിര്‍വാഹകസമിതി കുറ്റപ്പെടുത്തി.പത്തനാപുരം താലൂക്കിലെ അറയ്ക്കല്‍-മലമേല്‍ പ്രദേശത്ത് പാറമാഫിയക്കുവേണ്ടി അധികൃതര്‍ നടത്തുന്ന വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ ഇതിന് ഉദാഹരണമാണ്.
റവന്യുഭൂമി കൈയേറി അനധികൃതമായി പാറഖനനം നടത്തിയ ആളില്‍നിന്ന് ഒരു കോടി നാലുലക്ഷം രൂപ പിഴ ഈടാക്കാനുള്ള ജിയോളജി വകുപ്പിന്‍െറ ഉത്തരവ് വര്‍ഷങ്ങള്‍ക്ക് ശേഷവും നടപ്പാക്കിയിട്ടില്ല. കൈയേറ്റ ഭൂമി തിട്ടപ്പെടുത്താനുള്ള ഉത്തരവ് പാലിക്കാത്തതിനെതുടര്‍ന്നുള്ള പരാതികളിന്മേല്‍ പരസ്പരവിരുദ്ധമായ 15 സ്കെച്ചുകള്‍ വിവിധ ഉദ്യോഗസ്ഥ സംഘങ്ങള്‍ തയാറാക്കുകയും ചെയ്തു.
കുറ്റക്കാരായി കണ്ടെത്തിയ സര്‍വേ ഉദ്യോഗസ്ഥരെ ശിക്ഷിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവും അവഗണിക്കപ്പെട്ടു. പരിസ്ഥിതി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സമീപനവും ഉണ്ടാവുന്നു.റവന്യു ഓഫിസുകള്‍ കേന്ദ്രീകരിച്ചാണ് സമരത്തിന്‍െറ ആദ്യഘട്ടം നടത്തുക. സമരപരിപാടികള്‍ക്ക് തുടക്കംകുറിച്ച് ഈ മാസം 19ന് കൊട്ടാരക്കര താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താനും ജൂലൈ ഏഴിന് ശനിയാഴ്ച കൊല്ലം കലക്ടറേറ്റിന് മുന്നില്‍ കൂട്ട സത്യഗ്രഹം നടത്താനും തീരുമാനിച്ചതായി ടി.കെ. വിനോദനും ജനറല്‍ കണ്‍വീനര്‍ എസ്. ബാബുജിയും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍