12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

കുടിവെള്ളവിതരണം നിലച്ചു; ജനപ്രതിനിധികള്‍ അതോറിറ്റി ഓഫിസ് ഉപരോധിച്ചു

ചേര്‍ത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ കുടിവെള്ള വിതരണം നിലച്ചതിനെത്തുടര്‍ന്ന് ജനപ്രതിനിധികള്‍ ജല അതോറിറ്റി ഓഫിസ് ഉപരോധിച്ചു. രാവിലെ 11ന് ആരംഭിച്ച ഉപരോധം ഉച്ചക്ക് ഒന്നുവരെ നീണ്ടു. ഒരാഴ്ചയായി പഞ്ചായത്തില്‍ കുടിവെള്ളവിതരണം നടക്കുന്നില്ല. പരാതി പറഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഭരണ-പ്രതിപക്ഷ ഭേദമന്യേ ജനപ്രതിനിധികള്‍ അതോറിറ്റി ഓഫിസ് ഉപരോധിച്ചത്. പത്തുദിവസത്തിനകം പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
പ്രക്ഷുബ്ധാവസ്ഥ നിലനിന്ന അന്തരീക്ഷത്തിലാണ് ഉപരോധം മണിക്കൂറുകള്‍ നീണ്ടത്. വാട്ടര്‍ അതോറിറ്റി ഓഫിസില്‍ പുറത്തുനിന്ന് ആരെയും കയറാന്‍ അനുവദിച്ചില്ല. ഉപരോധസമയത്ത് വെള്ളക്കരം അടക്കാന്‍ എത്തിയവരും വാട്ടര്‍ കണക്ഷന് അപേക്ഷ നല്‍കാന്‍ എത്തിയവരും വലഞ്ഞു.
മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ 315 പൊതുടാപ്പുകളാണ് ഉള്ളതെങ്കിലും 448 ടാപ്പുകള്‍ക്കാണ് ജല അതോറിറ്റി പണം ഈടാക്കുന്നതെന്നും തീരപ്രദേശം ഉള്‍പ്പെടെ പഞ്ചായത്തിലെ 18 വാര്‍ഡുകളിലും വെള്ളം ലഭിക്കാതായിട്ടും അതോറിറ്റിയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെന്നും ജനപ്രതിനിധികള്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് മുഴുവന്‍ പഞ്ചായത്ത് അംഗങ്ങളും ഉപരോധത്തിന് എത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പ്രഭ മധു പറഞ്ഞു. ഉപരോധം പ്രസിഡന്‍റ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് എം.ഡി. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. അതിനിടെ, ഓഫിസിലെത്തേണ്ട സമയം കഴിഞ്ഞ് വന്ന ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ സമരം മൂലം വെട്ടിലായി. 11നാണ് ജനപ്രതിനിധികള്‍ ഉപരോധസമരം ആരംഭിച്ചത്. അതിനുശേഷം എത്തിയ ജീവനക്കാര്‍ സമരത്തിനിടെ അകത്തുകയറാന്‍ കഴിയാതെ പ്രയാസപ്പെട്ടു. വൈകിയെത്തിയരെ അകത്തുകടത്താന്‍ സമരക്കാര്‍ തയാറായതുമില്ല. ഇതോടെ അങ്കലാപ്പിലായ ജീവനക്കാര്‍ അവസാനം അവധിയെടുത്ത് പോയി. ജല അതോറിറ്റി ചേര്‍ത്തല ഓഫിസില്‍ രാവിലെ പത്തിന് ജീവനക്കാര്‍ മുഴുവന്‍ ഹാജരാകുക എന്നത് അപൂര്‍വമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. തിങ്കളാഴ്ച രാവിലെ പത്തിന് കുറച്ച് ജീവനക്കാര്‍ മാത്രമാണ് ഓഫിസില്‍ എത്തിയത്. ചിലര്‍ ഫീല്‍ഡ് വര്‍ക്കിലാണെന്ന് പറഞ്ഞ് തടിതപ്പിയത്രേ.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com