Mon, 06/11/2012 - 19:10 ( 1 year 1 weekago)
ഫ്രഞ്ച് ഓപണ്‍: നദാലിന് ഏഴാം കിരീടം
(+)(-) Font Size
ഫ്രഞ്ച് ഓപണ്‍:  നദാലിന് ഏഴാം കിരീടം

പാരിസ്: ഫ്രഞ്ച് ഓപണില്‍ റഫേല്‍ നദാലിന്‍െറ മേധാവിത്വത്തിന് മുന്നില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് യോകോവിചും മുട്ടുമടക്കി. ഏഴാം കിരീടവുമായി ഏറ്റവും കൂടുതല്‍ റോളന്‍ഡ് ഗാരോസ് ചാമ്പ്യനാവുന്നയാളെന്ന ചരിത്രനേട്ടത്തിലേക്ക് കുതിച്ച സ്പാനിഷ് സൂപ്പര്‍ താരം തുടര്‍ച്ചയായ മൂന്ന് ഗ്രാന്‍ഡ് സ്ളാം കലാശക്കളികളില്‍ യോകോവിചിനോടേറ്റ തോല്‍വിക്ക് പകരംവീട്ടി. മഴകാരണം രണ്ടാം ദിവസത്തേക്ക് മാറ്റിയ പുരുഷ സിംഗ്ള്‍സ് ഫൈനലില്‍ 6-4, 6-3, 2-6, 7-5നായിരുന്നു ലോക രണ്ടാം നമ്പറുകാരന്‍െറ ജയം.
ഒന്നും രണ്ടും സീഡുകള്‍ തമ്മിലുള്ള പോരാട്ടം ആദിമധ്യാന്തം ആവേശകരമായിരുന്നു. ഞായറാഴ്ച ഇഞ്ചോടിഞ്ച് ഏറ്റുമുട്ടി ആദ്യ സെറ്റ് 6-4ന് നദാല്‍ സ്വന്തമാക്കി. വാശിയേറിയ രണ്ടാം സെറ്റിനൊടുവിലും നിലവിലെ ചാമ്പ്യനാണ് ചിരിച്ചത് (6-3). എന്നാല്‍, തുടര്‍ന്ന് കണ്ടത് യോകോവിചിന്‍െറ ശക്തമായ മുന്നേറ്റങ്ങള്‍. ഫലം 2-6 എന്ന കനത്ത വ്യത്യാസത്തില്‍ സെര്‍ബിയക്കാരന്‍ മൂന്നാം സെറ്റ് സ്വന്തമാക്കി. ഇടക്ക് മഴ മൂലം കളി തടസ്സപ്പെട്ടിരുന്നു. മത്സരം നാലാം സെറ്റിലേക്ക് നീണ്ടെങ്കിലും വീണ്ടും മഴയെത്തിയതിനാല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി. നദാലിന് വെല്ലുവിളിയുയര്‍ത്തി മുന്നേറിയ യോകോവിച് ഒടുവില്‍ 7-5ന് തോല്‍വി സമ്മതിക്കാന്‍ നിര്‍ബന്ധിതനായി.
ആറ് ഫ്രഞ്ച് ഓപണ്‍ എന്ന സ്വീഡന്‍െറ ബ്യോണ്‍ ബോര്‍ഗിന്‍െറ റെക്കോഡാണ് 26കാരന്‍ മറികടന്നത്. 2005, 06, 07, 08 വര്‍ഷങ്ങളില്‍ കിരീടം നേടിയ നദാല്‍ 2009ല്‍ നാലാം റൗണ്ടില്‍ പുറത്തായിരുന്നു. തുടര്‍ന്ന് 2010ലും 11ലും ജേതാവായി ബോര്‍ഗിന്‍െറ നേട്ടത്തിനൊപ്പമെത്തി. ഫ്രഞ്ച് ഓപണില്‍ ഇതുവരെ 53 മത്സരങ്ങള്‍ കളിച്ച നദാല്‍ 52ലും ജയിച്ചു. 2011 വിംബ്ള്‍ഡണിലും യു.എസ് ഓപണിലും നദാലിനെ കീഴടക്കി കപ്പടിച്ച യോകോവിച് ഈ വര്‍ഷമാദ്യം നടന്ന ആസ്ട്രേലിയന്‍ ഓപണിലെ മാരത്തണ്‍ ഫൈനലിലും സ്പാനിഷ് താരത്തെ കശക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus