സ്മാര്‍ട്ട്ഫോണുകളും മൊബൈല്‍ഇന്റര്‍നെറ്റും സജീവമായതോടെയാണ് ആപ്സ് എന്ന വാക്ക് നമ്മള്‍ കേട്ടുതുടങ്ങിയത്. എന്താണ് ആപ്സ്? ഇന്റര്‍നെറ്റ് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സ്മാര്‍ട്ട്ഫോണുകളിലും ടാബ്ലെറ്റുകളിലും ഉപയോഗിക്കുന്ന സോഫ്റ്റ്വേയര്‍ ആപ്ലിക്കേഷനുകളാണ് ഇവ. ഇമെയില്‍ പരിശോധിക്കാനും ഇഷ്ടഗാനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് സോഷ്യല്‍നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ ഷെയര്‍ ചെയ്യാനും ചാറ്റ്ചെയ്യാനും വോയ്സ്കോള്‍ ചെയ്യാനും തുടങ്ങി എന്തിനും ഏതിനും 'ആപ്സ്' ലഭ്യമാണ്. ചില 'ആപ്സി'ന് പണം മുടക്കേണ്ടിവരുമ്പോള്‍ മറ്റുചിലത് സൗജന്യമായി ലഭിക്കും. സൗജന്യമായി ലഭിക്കുന്നവയില്‍ പരസ്യങ്ങള്‍ സഹിക്കേണ്ടിയും വരും. ആപ്പുകള്‍ ജനകീയമായതോടെ ഇവ വികസിപ്പിച്ചെടുക്കുന്ന നിരവധി ചെറുകിട സ്ഥാപനങ്ങള്‍ ലോകമെങ്ങുമുണ്ടായി. 'ആപ്സ് ഡെവലപ്പ്മെന്റ്' എന്ന പുതിയ തൊഴില്‍ശാഖ തന്നെ പിറന്നു. ഇത്തരം സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന ആപ്ലിക്കേഷനുകള്‍
ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍, വിന്‍ഡോസ് മാര്‍ക്കറ്റ്പ്ലേസ്, ബ്ലാക്ക്ബെറി ആപ് വേള്‍ഡ് തുടങ്ങിയവയില്‍ അപ്ലോഡ് ചെയ്ത് വിപണനം നടത്തുകയാണ് ചെയ്യുക.
ഒരു പബ്ലിക്ക് ലിമിറ്റഡ് കമ്പനിയെന്ന നിലയില്‍ ഇതൊക്കെ കണ്ട് ഫേസ്ബുക്കിന് വെറുതെയിരിക്കാനാകുമോ? ആദ്യഘട്ടമായി 600 ആപ്ലിക്കേഷനുകള്‍ അടങ്ങിയ ഫേസ്ബുക്ക് ആപ്സ്റ്റോര്‍ കഴിഞ്ഞദിവസം മുതല്‍ അമേരിക്കയില്‍ പ്രവര്‍ത്തനം തുടങ്ങി. ഫേസ്ബുക്ക് വെബ്പേജിലൂടെ പ്രവേശിക്കാവുന്ന ആപ്സ്റ്റോര്‍ അധികം വൈകാതെ ലോകമെങ്ങും ലഭ്യമാകും. ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഓഹരിവിലകള്‍ ഉയര്‍ത്താനുള്ള നീക്കമാണ് ഇതെന്നും അല്ല ഫേസ്ബുക്ക് മൊബൈലിനായുള്ള മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മുന്നൊരുക്കമാണ് ഇതെന്നും 'ടെക്'ലോകം വിലയിരുത്തുന്നു.
പെഴ്സണല്‍ കമ്പ്യൂട്ടര്‍, ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകളിലും ടാബ്ലെറ്റുകളിലും ഉപയോഗിക്കാനാകുന്ന ഈ ആപ്സ് ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രവര്‍ത്തിപ്പിക്കാനും മറ്റു സുഹൃത്തുക്കളുമായി ടൈംലൈനിലൂടെ പങ്കുവെക്കാനും കഴിയും. സെന്‍ഡ് ടു മൊബൈല്‍ എന്ന ലിങ്ക് ഉപയോഗിച്ച് ഫേസ്ബുക്ക് പേജില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് മൊബൈലിലേക്ക് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. ആപ്പിള്‍ സ്റ്റോറും ഗൂഗിള്‍ പ്ലേബുക്കുമായും ഇന്റഗ്രേറ്റ് ചെയ്താണ് 'ഫേസ്ബുക്ക് ആപ്സ് പേജ്' പ്രവര്‍ത്തിക്കുന്നത്.
റഫീഖ് മുഹമ്മദ്


നിങ്ങളുടെ അഭിപ്രായങ്ങള്‍