ലണ്ടന്‍: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്പെയിനിലെ ബാങ്കുകള്‍ക്ക് 10,000 കോടി യൂറോ സാമ്പത്തിക സഹായമായി നല്‍കാന്‍ യൂറോ മേഖലയിലെ രാജ്യങ്ങള്‍ തീരുമാനിച്ചു. ഈ വാര്‍ത്ത പുറത്തുവന്നതോടെ യൂറോപ്പിലെയും ഏഷ്യയിലെയും ഓഹരി വിപണികള്‍ മുന്നേറ്റം പ്രകടമാക്കി.തീരുമാനത്തിന്റെ പ്രത്യാഘാതം വിദേശ നാണയ വിപണികളിലും പ്രതിഫലിച്ചു. ഡോളറിനെതിരെ യൂറോ അര സെന്റ് വര്‍ധന നേടി.
റിയല്‍ എസ്റ്റേറ്റ് മേഖല കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങിയതോടെ സ്പെയിനിലെ ബാങ്കുകളുടെ കിട്ടാക്കടം പെരുകിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. നൂറുകണക്കിന് കോടി യൂറോയുടെ കിട്ടാകടമാണ് ഒരോ ബാങ്കുകളിലും കുമിഞ്ഞു കൂടിയിരിക്കുന്നത്. മൂന്നു വര്‍ഷത്തിനിടയിലെ രണ്ടാമത്തെ മാന്ദ്യം നേരിടുന്ന സ്പെയിനിന്റെ സമ്പദ്വ്യവസ്ഥ നടപ്പ് വര്‍ഷം 1.7 ശതമാനം ശോഷിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം സ്പെയിനിലെ ബാങ്കുകള്‍ക്കുള്ള ഈ സാമ്പത്തിക സഹായം യൂറോ മേഖലയിലെ രാജ്യങ്ങള്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. അതേസമയം വിപണികള്‍ക്ക് ഇത് ശ്വാസം വിടാനുള്ള ഒരു സമയമം ഈ തീരുമാനം ലഭ്യമാക്കും.
അതിനിടെ സാമ്പത്തിക രക്ഷാ പദ്ധതിക്കെതിരെ സ്പെയിനില്‍ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. ഇത്തരമൊരു സഹായം അവഹേളനമാണോയെന്നു വരെ സ്പെയിനിലെ ഒരു വിഭാഗം ചോദിക്കുന്നുണ്ട്. സ്പെയിനിലെ സര്‍ക്കാര്‍ ഇതുവരെ യൂറോ മേഖലയിലെ രാജ്യങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം തേടിയിട്ടില്ലെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍