Mon, 06/11/2012 - 01:14 ( 49 weeks 6 daysago)
ഫ്രാന്‍സിന് ഇംഗ്ളീഷ് ടെസ്റ്റ്
(+)(-) Font Size
ഫ്രാന്‍സിന് ഇംഗ്ളീഷ് ടെസ്റ്റ്

ഡൊണസ്ക്: പരിക്കേറ്റ ഇംഗ്ളണ്ടും ആത്മവിശ്വാസം വീണ്ടെടുത്ത്  പാപക്കറ കഴുകാന്‍ ഇറങ്ങുന്ന ഫ്രാന്‍സും ഇന്ന് യൂറോകപ്പ് പോരാട്ടത്തിലെ ആദ്യ ഗ്രൂപ് അങ്കത്തില്‍ മുഖാമുഖം. സന്നാഹ മത്സരങ്ങളില്‍ ഫോം വീണ്ടെടുത്തും മിന്നുന്ന വിജയങ്ങളുടെ അടിത്തറയുമായാണ് മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് യുക്രെയ്നിലെ ഡൊണസ്കില്‍ കളത്തിലിറങ്ങുന്നത്. മുന്‍നിര താരങ്ങളുടെ തിളക്കമൊന്നുമില്ലാതെയാണ് ഇംഗ്ളണ്ടിന്റെ പടപ്പുറപ്പാട്. ടൂര്‍ണമെന്റ് തുടങ്ങും മുമ്പ് ഏറെ ഒച്ചപ്പാടുകള്‍ക്ക് വഴിവെച്ച ടീം തെരഞ്ഞെടുപ്പും വിവാദവും കെട്ടടക്കിയാണ് കോച്ച് റോയ് ഹോഡ്സന്റെ സംഘം 14ാമത് യൂറോകപ്പില്‍ പന്തു തട്ടാനിറങ്ങുന്നത്.
മൂന്നു തവണ മാത്രമാണ് ഇംഗ്ളണ്ട് യൂറോയുടെ ചരിത്രത്തില്‍ ഗ്രൂപ് റൗണ്ട് കടന്നത്. 1964, 96 യൂറോകളില്‍ സെമിയിലും 2004ല്‍ ക്വാര്‍ട്ടറിലും കടന്നു. ശേഷിച്ച വര്‍ഷങ്ങളിലെല്ലാം നിരാശപ്പെടുത്തിയ അവര്‍ കഴിഞ്ഞ തവണ യോഗ്യതയും നേടിയില്ല. ജോണ്‍ ടെറി വ്യാഴാഴ്ച പരിശീലനത്തിനിറങ്ങിയതാണ് ടീമിന്റെ പ്രതീക്ഷ. ആന്‍ഡി കരോളും ഡാനിവെല്‍ബകുമാണ് ടീമിന്റെ മുന്‍നിര ആക്രമണത്തിന്റെ ചുക്കാനേന്താന്‍ കോച്ചിന്റെ പട്ടികയിലുള്ളത്. ഒറ്റയാന്‍ മുന്നേറ്റത്തില്‍ ആര്‍ക്കാവും ആദ്യ ഇലവനില്‍ അവസരം നല്‍കുകയെന്നതാണ് പ്രധാന ചോദ്യം. വെല്‍ബക് മികച്ച ഫോമിലാണ്. ജെയിംസ് മില്‍നര്‍, സ്റ്റീവന്‍ ജെറാര്‍ഡ്, പാര്‍കര്‍, ഡൗണിങ് എന്നിവര്‍ കോച്ചിന്റെ ഇഷ്ട സംഘത്തില്‍ ഇടം നേടിയേക്കും. സ്റ്റാര്‍ സ്ട്രൈക്കര്‍ വെയ്ന്‍ റൂണിക്ക് സസ്പെന്‍ഷനും ഗാരി കാഹില്‍, ഫ്രാങ്ക് ലാംപാര്‍ഡ് എന്നിവര്‍ക്ക് പരിക്കുമായി പ്രതിസന്ധിയിലാണ് ഇംഗ്ളീഷ് സംഘം.
അതേസമയം, ഫ്രാന്‍സ് റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരം കരിം ബെന്‍സേമയുടെ ഫോമിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. ഫ്രാങ്ക് റിബറി, നസ്റി, ഫ്ളോറന്റ് മലൂദ എന്നിവരും പ്രതീക്ഷനല്‍കി ടീമിനൊപ്പമുണ്ട്. ഇരുവരും അവസാനം ഏറ്റുമുട്ടിയ രണ്ടു മത്സരങ്ങളിലും ഫ്രാന്‍സിനായിരുന്നു ജയം.

യുക്രെയ്ന് ആദ്യ അങ്കം

കിയവ്: ആതിഥേയരെന്ന ആനുകൂല്യത്തില്‍ ലഭിച്ച യൂറോ ടിക്കറ്റിനെ മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് യുക്രെയ്ന്‍. സഹആതിഥേയരായ പോളണ്ട് മിന്നുന്ന കളിയോടെ തുടങ്ങിയപ്പോള്‍ യുക്രെയ്ന് ആശ്വസിക്കാന്‍ ജയത്തില്‍ കുറഞ്ഞൊന്നും മതിയാവില്ല. എന്നാല്‍, എതിരാളിയായ സ്വീഡനില്‍ നിന്ന് സൗജന്യമൊന്നും പ്രതീക്ഷിക്കാത്ത യുക്രെയ്ന്‍ ഏറെനാളത്തെ തോല്‍വികള്‍ക്ക് കണക്കു തീര്‍ത്തുവേണം മത്സരം സ്വന്തമാക്കാന്‍. തുടര്‍ച്ചയായ നാലു മത്സരങ്ങളിലെ വിജയമാണ് സ്വീഡന് ആത്മവിശ്വാസം നല്‍കുന്നത്. പ്രവചന സാധ്യതകളെല്ലാം സ്വീഡനൊപ്പം നില്‍കുമ്പോള്‍ നാട്ടുകാര്‍ക്കു മുന്നില്‍ ഒരു അട്ടിമറിയാണ് യുക്രെയ്ന്റെ സ്വപ്നം.

കളത്തില്‍ ഇന്ന്
ഫ്രാന്‍സ് x ഇംഗ്ളണ്ട്
രാത്രി 9.30

യുക്രെയ്ന്‍ x സ്വീഡന്‍
രാത്രി 12.15
(മത്സരങ്ങള്‍ തല്‍സമയം നിയോ പ്രൈമില്‍)

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus