12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

പട്ടയം: റവന്യൂ മന്ത്രിയുടെ പ്രഖ്യാപനവും പാഴായി

കട്ടപ്പന: ജില്ലയിലെ 2085 കര്‍ഷകര്‍ക്ക് ഞായറാഴ്ചക്ക് മുമ്പ് പട്ടയം നല്‍കുമെന്ന റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്‍െറ പ്രഖ്യാപനവും പാഴായി. മേയ് 22 ന് ഇടുക്കി കലക്ടറേറ്റില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് മന്ത്രി ജൂണ്‍ 10 ന് മുമ്പ് പട്ടയം നല്‍കുമെന്ന് അറിയിച്ചത്. ഇതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.
1977ന് മുമ്പ് കുടിയേറിയ മുഴുവന്‍ കര്‍ഷകര്‍ക്കും യു.ഡി.എഫ് സര്‍ക്കാറിന്‍െറ ഒന്നാം വാര്‍ഷികത്തിന് മുമ്പ് പട്ടയം നല്‍കുമെന്ന് പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച വേളയില്‍ മുഖ്യമന്ത്രിക്കും ജില്ലാ പട്ടയ മേളയില്‍ അന്നത്തെ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രഖ്യാപിച്ചിരുന്നു.
രണ്ട് പ്രഖ്യാപനങ്ങളും മന്ത്രിമാര്‍ നടത്തിയതല്ലാതെ ഒരു പട്ടയം പോലും നല്‍കിയിട്ടില്ല.
വാഗ്ദാന ലംഘനത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് സര്‍ക്കാറിന്‍െറ ഒന്നാം വാര്‍ഷിക ദിനമായ മേയ് 18 ന് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇടത് മുന്നണിയുടെയും ബി.ജെ.പിയുടെയും സഹകരണത്തോടെ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് മേയ് 22 ന് റവന്യൂ മന്ത്രി, ജൂണ്‍ 10 ന് മുമ്പ് രണ്ടായിരം കര്‍ഷകര്‍ക്ക് പട്ടയം നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് റവന്യൂ മന്ത്രിയെ ഇടുക്കിയിലെത്തിച്ച് പ്രഖ്യാപനം നടത്തിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച തീയതി പിന്നിടുമ്പോഴും പട്ടയം ഇനി എന്ന് നല്‍കുമെന്ന് ഒരറിയിപ്പും ഉണ്ടായിട്ടില്ല. ജില്ലാ ഭരണകൂടത്തിനും വ്യക്തമായ നിര്‍ദേശം ലഭിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും കേരള കോണ്‍ഗ്രസ്-എം സംസ്ഥാന കമ്മിറ്റിയംഗവുമായ ബേബി പതിപ്പള്ളി മേയ് 22 ന് റവന്യൂ മന്ത്രി ഇടുക്കിയിലെത്തിയ ദിവസം ഇരട്ടയാറില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹ സമരം നടത്തിയിരുന്നു.
ഇത് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലെ ബന്ധം വഷളാകാനും ഇടയാക്കി. കോണ്‍ഗ്രസിന്‍െറ സമ്മര്‍ദത്തെ തുടര്‍ന്ന് ബേബി നിരാഹാരസമരം അവസാനിപ്പിക്കുകയായിരുന്നു. സമരം അവസാനിപ്പിക്കുന്നതിന് കാരണമായി പറഞ്ഞത് ഉടന്‍ പട്ടയ നടപടികള്‍ ആരംഭിക്കുമെന്നാണ്. പട്ടയ വിതരണം ഉടന്‍ ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ നീക്കം.

വൈകാതെ നല്‍കും-കലക്ടര്‍
കട്ടപ്പന: കാലതാമസമുണ്ടാകാതെ പട്ടയം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍. 10 ന് മുമ്പ് 2085 കര്‍ഷകര്‍ക്ക് പട്ടയം നല്‍കാനായിരുന്നു തീരുമാനം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിച്ചതിലും കൂടുതല്‍ പട്ടയം നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. റവന്യൂ മന്ത്രിയുടെ തീയതി കിട്ടിയാലുടന്‍ പട്ടയങ്ങള്‍ വിതരണം ചെയ്യും.
1200 വനാവകാശ രേഖയും വിതരണത്തിന് തയാറായിട്ടുണ്ട്. പട്ടയ വിതരണം നടക്കുന്നത് വരെ എല്ലാ അവധി ദിവസങ്ങളിലും എല്‍.എ ഓഫിസുകള്‍ പ്രവര്‍ത്തിക്കുമെന്നും കലക്ടര്‍ അറിയിച്ചു. കലക്ടര്‍ കട്ടപ്പന എല്‍.എ ഓഫിസ് ശനിയാഴ്ച സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com