12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

സഞ്ജയ വിഷാദയോഗം

സഞ്ജയ വിഷാദയോഗം
മാധ്യമങ്ങളിലെ വ്യക്തി

സത്യം പറയാമല്ലോ, സഞ്ജയ് ജോഷി നല്ലൊരു മധ്യസ്ഥനായിരുന്നു. രണ്ടുതലയും കത്തിച്ച് നടുക്കു പിടിക്കുന്ന മധ്യസ്ഥനല്ല. ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്നങ്ങള്‍ തീര്‍ക്കുന്ന വിരുതന്‍. സംഘ്പരിവാറിലെ കുടുംബകലഹങ്ങള്‍ പരിഹരിക്കുന്നതിലായിരുന്നു മിടുക്ക്. അത് വെറുമൊരു പരിവാര്‍ അല്ല. പാരകള്‍ നിറഞ്ഞ പാരാവാരമാണ്. അതിലില്ലാത്ത ഒന്നുമില്ല. വിഷമുള്ളതും ഇല്ലാത്തതുമായി എണ്ണമറ്റ ജീവജാലങ്ങള്‍. അവര്‍ക്കിടയിലെ തൊഴുത്തില്‍കുത്തും കുതികാല്‍വെട്ടും പറഞ്ഞുതീര്‍ക്കലായിരുന്നു ഇത്രനാളും പണി. ഇനിയതിനു പറ്റില്ല. കുടുംബനാഥന്മാര്‍ മധ്യസ്ഥനുമായി കലഹത്തിന് ഇറങ്ങിക്കഴിഞ്ഞു. അതുകൊണ്ട് കുടുംബ്ധില്‍നിന്ന് പടിയിറങ്ങുകയാണ്. ശിഷ്ടകാലം സ്വയംസേവകനായി തുടരും.
സംഗതി സംഘ്പരിവാരത്തിലെ കുടുംബാംഗങ്ങളൊക്കെത്തന്നെയാണെങ്കിലും രാഷ്ട്രീയ സ്വയംസേവകരെ പണ്ടേ പേടിയാണ് ഭാരതീയ ജനതാ പാര്‍ട്ടിക്ക്. അവര്‍ കാക്കിട്രൗസറുമിട്ട് വടിയുംപിടിച്ച് നില്‍ക്കുന്നതുകണ്ടാല്‍ പേടിച്ചുവിറയ്ക്കും ബി.ജെ.പിക്കാര്‍. അങ്ങനെ പേടിപ്പിച്ചുനിര്‍ത്താന്‍ നിയുക്തനായ പ്രചാരക് ആയിരുന്നു ഒരു കാലത്ത്. ആര്‍.എസ്.എസിന്റെ ചാട്ടവാര്‍. അത് ആഞ്ഞുവീണ് പുറംപൊളിഞ്ഞിട്ടുണ്ട് പലര്‍ക്കും. സഞ്ജയ് ജോഷി വരുന്നുണ്ടെന്നുകേട്ടാല്‍ മുട്ടുവിറയ്ക്കുമായിരുന്നു പല ബി.ജെ.പി നേതാക്കള്‍ക്കും. തെരഞ്ഞെടുപ്പ് അടുക്കുമ്പോര്‍ പരിവാരത്തിലെ പാരകള്‍ പടവെട്ടാന്‍ തുടങ്ങും. അവരെ ഒതുക്കാന്‍ ചില്ലറ കൈയൂക്കൊന്നും പോരാ. ഭരണത്തിന്റെ സുഖാനുഭൂതിയില്‍ സംഘതാല്‍പര്യങ്ങള്‍ മറന്ന് മയങ്ങിക്കിടന്ന ബി.ജെ.പി നേതാക്കളുടെ നെടുംപുറത്ത് എത്രതവണ ആഞ്ഞുവീണിട്ടുണ്ട് ഈ ചാട്ടവാര്‍. കുറച്ചു മുമ്പാണ്, ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ കരച്ചില്‍ വരും. വാജ്പേയി സര്‍ക്കാര്‍ പിടിച്ചുനില്‍ക്കാനുള്ള വെമ്പലില്‍ തീവ്രഹിന്ദുത്വത്തില്‍നിന്ന് തെന്നുമ്പോള്‍ വിശ്വഹിന്ദുപരിഷത്തും മസ്ദൂര്‍ സംഘും പരാതിയുമായി വരുമായിരുന്നു. അതൊക്കെ പരിഹരിച്ച് എത്രയും പെട്ടെന്ന് രാമരാജ്യം ഉണ്ടാക്കേണ്ടതിന്റെ അനിവാര്യത ബി.ജെ.പിക്കാരെ ബോധിപ്പിച്ചുകൊണ്ടിരുന്ന ആളാണ്. ജനസംഘപാരമ്പര്യമില്ലാത്ത വെങ്കയ്യ നായിഡുവിനെ സംഘചട്ടങ്ങള്‍ അഭ്യസിപ്പിച്ചവന്‍. സ്വയംകൃതാനര്‍ഥം എന്നല്ലാതെന്തു പറയാന്‍. മോഡിയുമായി ഇടയാന്‍ പോയത് വിനയായി. അങ്ങേര്‍ക്കാണെങ്കില്‍ ഹിറ്റ്ലറുടെ പവറാണ്. വെട്ടിയും നിരത്തിയും നല്ല ശീലം. പൊരുതിനില്‍ക്കാന്‍ തോന്നാത്തതുകൊണ്ട് രാജിവെച്ച് പോവുന്നു. പോവുന്നത് ഗോവിന്ദാചാര്യയുടെ കാല്‍പാടുകള്‍ പിന്തുടര്‍ന്നുകൊണ്ടാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ മുഷ്കിനു വഴങ്ങാതെ രാജിവെച്ചുപോവുന്ന രണ്ടാമത്തെ ആര്‍.എസ്.എസ് പ്രചാരക്.
ആര്‍.എസ്.എസിന്റെ റൂള്‍ബുക് പ്രകാരം ജീവിച്ചയാളാണ്. പറഞ്ഞിട്ടെന്താ കാര്യം, പേരുദോഷം കേള്‍പ്പിച്ചു. ഏഴുകൊല്ലം മുമ്പ് പാര്‍ട്ടി രജതജൂബിലി ആഘോഷത്തിന് കരിനിഴല്‍ വീഴ്ത്തുകയും ചെയ്തു. അന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി. ക്രോണിക് ബാച്ചിലറായതുകൊണ്ട് പെണ്ണുങ്ങള്‍ എന്ത് അപവാദം പറഞ്ഞാലും ജനങ്ങളങ്ങ് വിശ്വസിക്കും. അതാണ് ഉണ്ടായത്. സഞ്ജയ് ജോഷിയുടെ കാമകേളികളുടെ കറപുരണ്ട വസ്ത്രം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വഡോദര സ്വദേശിയായ വനിത ദേശീയ വനിതാ കമീഷനെ സമീപിച്ചതോടെയാണ് കാര്യങ്ങള്‍ വഷളായത്. പിന്നീട് ഒരു അശ്ലീല സീഡി തന്നെ പുറത്തിറങ്ങി. അത് ചില ചാനലുകള്‍ ചൂടോടെ കാണിക്കുകയും ചെയ്തു. നരേന്ദ്ര മോഡിയുടെ അടുത്ത കൂട്ടുകാരിയായ 30കാരി പറ്റിച്ച പണിയാണ്. അതോടെ പ്രചാരക് സ്ഥാനത്തുനിന്നും ഔട്ടായി. പ്രചരിപ്പിക്കുന്നത് ഇങ്ങനെയുള്ള വല്ല സിദ്ധികളുമായാല്‍ എന്തുചെയ്യും എന്ന ആശങ്കയായിരുന്നു ആര്‍.എസ്.എസിന്. മോഡിയും അദ്വാനിയും ചേര്‍ന്നാണ് ജോഷിക്കെതിരെ തന്ത്രം മെനഞ്ഞത് എന്നു കരുതുന്നവര്‍ ഏറെയുണ്ടായിരുന്നു അന്ന് പാര്‍ട്ടിയില്‍. അച്ചടക്കനടപടി നേരിട്ടു. ആറുകൊല്ലം രാഷ്ട്രീയ വനവാസത്തിനുശേഷം ഈയടുത്താണ് മടങ്ങിവന്നത്.
അദ്വാനിയും ആര്‍.എസ്.എസും തമ്മില്‍ ഒരു കാലത്തുണ്ടായ സ്വരച്ചേര്‍ച്ചയില്ലായ്മ മൂര്‍ച്ഛിച്ചതിനു പിന്നില്‍ ചരടുവലിച്ച ആളാണ്. ജോഷി ചുമതലയേറ്റതില്‍ പിന്നെയാണ് അദ്വാനിക്ക് ആര്‍.എസ്.എസുമായുള്ള ബന്ധം വഷളായത്. അദ്വാനി സ്ഥാനമൊഴിയണമെന്ന് സുദര്‍ശന്‍ അന്ന് പരസ്യമായി ആവശ്യപ്പെട്ടത് പലരെയും ഞെട്ടിച്ചിരുന്നു. അതിന്റെയും പിന്നിലെ സൂത്രധാരന്‍ ജോഷിയായിരുന്നു. പിന്നെ ബി.ജെ.പിക്കുള്ളില്‍ മോഡിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ ഉയര്‍ന്ന വെല്ലുവിളിയായി. മോഡിയുമായി പണ്ടേ ഒരുമിച്ചുപോവില്ല. ഗുജറാത്തില്‍നിന്നുള്ള പ്രചാരകുമാരായിരുന്നല്ലോ ഇരുവരും. രണ്ടാളെയും ആര്‍.എസ്.എസ് പാര്‍ട്ടിക്കു വിട്ടുകൊടുത്തതാണ്. പോയി പാര്‍ട്ടിയില്‍ ആവശ്യത്തിന് വിഷം നിറയ്ക്കൂ എന്നു പറഞ്ഞിട്ട്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ജോഷി ചുമതലയേല്‍ക്കുമ്പോള്‍ മോഡി ഗുജറാത്ത് മുഖ്യമന്ത്രിയാണ്. ഗുജറാത്തില്‍ അന്ന് മോഡിക്കു താഴെ. അങ്ങ് ദല്‍ഹിയില്‍ മോഡിക്കു മുകളില്‍. അതായിരുന്നു സ്ഥിതി. സംസ്ഥാനത്ത് വിമതരെ തനിക്കെതിരെ ഇളക്കിവിട്ടത് ജോഷിയാണെന്ന് മോഡി ഉറച്ചു വിശ്വസിച്ചു. മരണം വരെ അവനോടുള്ള പകയടങ്ങില്ല എന്നുവരെ പറഞ്ഞിട്ടുണ്ട് മോഡി. മോഡിയുമായുള്ള പോരിനെ തുടര്‍ന്നാണ് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗത്വം രാജിവെച്ച് രണ്ടാഴ്ചയാകുമ്പോഴേക്കും ജോഷി പാര്‍ട്ടി വിട്ടത്. മോഡിക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതിനു പകരം, അദ്ദേഹത്തിന്റെ എതിരാളിയായ ജോഷിയെ ബലിയാടാക്കുകയായിരുന്നു പാര്‍ട്ടിനേതൃത്വം.
മെക്കാനിക്കല്‍ എന്‍ജിനീയറായ മഹാരാഷ്ട്രക്കാരനാണ്. സ്വയംസേവകനാവുന്നതിനു മുമ്പ് കുറച്ചുകാലം എന്‍ജിനീയറിങ് പഠിപ്പിക്കുകയും ചെയ്തു. ജനസമൂഹങ്ങളെ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയപരീക്ഷണശാലയാക്കുന്ന സോഷ്യല്‍ എന്‍ജിനീയറിങ്ങിലായി പിന്നീട് കമ്പം. ഗുജറാത്ത് രാഷ്ട്രീയത്തില്‍ സംഘടനാചുമതലയുമായി ചേരുന്നത് 1988ല്‍. വര്‍ഷങ്ങള്‍ക്കുശേഷം 1995ല്‍ ശങ്കര്‍സിങ് വഗേലയുടെ കലാപം സംസ്ഥാനഘടകത്തില്‍ മൂര്‍ച്ഛിച്ചപ്പോള്‍ തുടങ്ങിയതാണ് മോഡിയുമായുള്ള പോര്. അന്ന് മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍. മുതിര്‍ന്ന മന്ത്രി വഗേല അട്ടിമറിക്ക് മുതിര്‍ന്നു. കുറെ എം.എല്‍.എമാരെ ചാക്കിലാക്കി മധ്യപ്രദേശിലെ ഖജൂരാഹോയിലെ പഞ്ചനക്ഷത്രഹോട്ടലില്‍ കൊണ്ടുപോയി താമസിപ്പിച്ചു. അന്ന് മധ്യപ്രദേശ് ഭരിക്കുന്നത് കോണ്‍ഗ്രസ്. വഗേല പതുക്കെ കോണ്‍ഗ്രസിലേക്കു ചാഞ്ഞു. പട്ടേലിന് പദവി ഉപേക്ഷിക്കേണ്ടിവന്നു. സുരേഷ് മേത്ത മുഖ്യമന്ത്രിയായി. പട്ടേലിന് മൂന്നുകൊല്ലം കാത്തിരിക്കേണ്ടിവന്നു. 1998ല്‍ സംസ്ഥാനത്ത് ബി.ജെ.പി വീണ്ടും അധികാരത്തിലെത്തി. അന്ന് തെരഞ്ഞെടുപ്പു വിജയത്തിനു കാരണക്കാരനായ അമരക്കാരനായിരുന്നു സഞ്ജയ് ജോഷി. പട്ടേലിന്റെ വിശ്വസ്ത അനുയായി. സഹയാത്രികന്‍. സംഘടനാപാടവത്തിന്റെ പേരില്‍ അന്നു കിട്ടിയ പ്രശംസക്ക് കണക്കില്ല. 2001ല്‍ ഭൂകമ്പദുരിത നിവാരണത്തില്‍ പരാജയപ്പെട്ട പട്ടേല്‍ കടുത്ത വിമര്‍ശം വ്യാപകമായി നേരിട്ടപ്പോള്‍ മോഡിക്ക് മുഖ്യമന്ത്രിക്കസേര കിട്ടി. പട്ടേലിന്റെ പകരക്കാരനായി വന്ന മോഡി അയാളുടെ വിശ്വസ്തനെ ശത്രുവായി കണ്ടു. അതുവരെ അടിത്തട്ടിലായിരുന്ന ഭിന്നത മറനീക്കി പുറത്തുവന്നു. കേശുഭായ് പട്ടേല്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാന ഭരണത്തില്‍ സഞ്ജയ് ജോഷി നടത്തിയ ഇടപെടലുകള്‍ തുടരാന്‍ അനുവദിക്കില്ലെന്ന് മോഡി മുഖ്യമന്ത്രിക്കസേരയിലിരുന്ന് പാര്‍ട്ടി നേതൃത്വത്തെ ധരിപ്പിച്ചു. അന്നു തുടങ്ങിയതാണ് തമ്മിലടി. ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ താന്‍ പങ്കെടുക്കണമെങ്കില്‍ സമിതിയില്‍നിന്ന് സഞ്ജയ് ജോഷിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് മോഡി സമ്മര്‍ദതന്ത്രം മെനഞ്ഞു. നേതൃത്വം അതിനു വഴങ്ങി. അങ്ങനെ മോഡിയുടെ ബലിയാടായി.
ഭാരതീയ ജനതാ പാര്‍ട്ടിയില്‍ സംഘടനയുടെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് ആര്‍.എസ്.എസ് നിയോഗിക്കുന്ന പ്രചാരക് മാധ്യമപ്രിയനാകരുത് എന്നുണ്ട് സംഘചട്ടത്തില്‍. അതിനനുസരിച്ച് മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തില്‍നിന്ന് അകന്നുനിന്നിട്ടേയുള്ളൂ എന്നും. മാധ്യമങ്ങളില്‍ നല്ല തെളിച്ചത്തോടെ ജനങ്ങള്‍ മുഖം കണ്ടത് വഡോദര സ്വദേശി വനിതയോടൊപ്പമുള്ള ദൃശ്യങ്ങള്‍ ഒരു ചാനല്‍ കാണിച്ചപ്പോഴാണ്. ആര്‍.എസ്.എസിന്റെ മറ്റൊരു പോഷകസംഘടനയായ ഭാരതീയ ഇതിഹാസ് പരിഷത്തിന്റെ ഭാരവാഹിത്വം കാത്തുകിടപ്പുണ്ട്. മോഡിക്കു മുന്നില്‍ തോറ്റാല്‍പിന്നെ അതുതന്നെയേയുള്ളൂ ഗതി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com