എയര്‍ ഇന്ത്യ പൈലറ്റ് സമരം അത്യന്തം ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഗള്‍ഫ്മേഖലയില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഈ അടിയന്തര വിഷയം അധികൃതശ്രദ്ധയില്‍ വരത്തക്കവിധം നേരത്തേതന്നെ 'ഗള്‍ഫ് മാധ്യമം' വാര്‍ത്തകളും പ്രതികരണങ്ങളും പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും അവയൊക്കെ ബധിരകര്‍ണങ്ങളിലാണ് പതിച്ചതെന്നു തോന്നുന്നു.
പ്രവാസികാര്യമന്ത്രി വയലാര്‍ രവിയെ ഈയുള്ളവന്‍ നേരില്‍വിളിച്ച് പ്രശ്നത്തിന്റെ ഗൗരവം ധരിപ്പിച്ചിരുന്നുവെങ്കിലും ഒരു പ്രതികരണവും ഇന്നേവരെ ഉണ്ടായിട്ടില്ല. ഗള്‍ഫില്‍ ഏറ്റവും ദുരിതബാധിതരുള്ളത് സൗദി അറേബ്യയിലെ റിയാദിലാണ്. രണ്ടുനാള്‍ മുമ്പ് റിയാദില്‍ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ 'യൂത്ത് ഇന്ത്യ'യുടെ ആഭിമുഖ്യത്തില്‍ സമ്മേളിക്കുകയും പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. സംഘടനാ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് എയര്‍ ഇന്ത്യ മാനേജറെയും ഇന്ത്യന്‍ അബാസഡറെയും കണ്ട് പ്രശ്നം ധരിപ്പിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചതായിരുന്നു. പക്ഷേ, ഇനിയും എയര്‍ ഇന്ത്യ മാനേജറെ നേരില്‍ കാണാന്‍ അനുമതി ലഭിച്ചില്ലെന്നാണറിവ്.
ഇപ്പോള്‍ എയര്‍ ഇന്ത്യയില്‍നിന്ന് ട്രാവല്‍ ഏജന്റുമാര്‍ക്ക് അയച്ച അറിയിപ്പില്‍ ജൂലൈ 31 വരെ റിയാദ്-കരിപ്പൂര്‍ സര്‍വീസ് നിര്‍ത്തിവെച്ചതായി പറയുന്നു. ഇതിനര്‍ഥം, സമരം തുടങ്ങുന്നതിന് മാസങ്ങള്‍ക്കുമുമ്പ് കരിപ്പൂരിലേക്ക് ടിക്കറ്റ് ബുക് ചെയ്തവര്‍ക്ക് ആഗസ്റ്റ് മാസം സമരം തീര്‍ന്നെങ്കില്‍ മാത്രമേ നാടുപിടിക്കാനാവൂ എന്നാണ്. ആയിരക്കണക്കിനു യാത്രക്കാരാണ് ഇതുമൂലം പ്രതിസന്ധിയിലാവാന്‍ പോവുന്നത്. ഇതില്‍ പലരും മറ്റ് വിമാനങ്ങളില്‍ പോകാന്‍ ശ്രമിച്ച് നിരാശരായി നില്‍ക്കുന്നവരാണ്. മധ്യവേനലവധിക്ക് നാട്ടില്‍നിന്ന് രക്ഷിതാക്കളോടൊപ്പം ഒഴിവുകാലം ചെലവഴിക്കാന്‍ വന്ന കുടുംബങ്ങളും അക്കൂട്ടത്തിലുണ്ട്. ഗര്‍ഭിണികളായ സ്ത്രീകളുടെ കാര്യമാണ് ഏറ്റവും ദുഃഖകരം. വിസിറ്റ് വിസയില്‍ വന്ന അവര്‍ക്ക് പ്രസവത്തിന് ആശുപത്രികളില്‍ അഡ്മിഷന്‍ കിട്ടില്ല. പ്രസവശേഷം കുഞ്ഞിനെയുംകൊണ്ട് നാട്ടിലേക്ക് തിരിക്കാനുള്ള നിയമപ്രശ്നങ്ങള്‍ നിരവധിയാണ്. നാട്ടില്‍ പ്രസവശുശ്രൂഷ ലഭിക്കുന്നതുപോലെ ഗള്‍ഫില്‍ എന്തായാലും ലഭിക്കുകയില്ല. കാന്‍സര്‍ രോഗികളടക്കമുള്ളവര്‍ ചികിത്സാര്‍ഥം നാട്ടില്‍ പോകാന്‍ തയാറായി നില്‍ക്കുമ്പോഴാണ് ഈ അശനിപാതം വന്നു പതിച്ചത്. ചികിത്സിച്ചിരുന്ന ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് വാങ്ങി റിയാദ് എയര്‍പോര്‍ട്ടിലെത്തിയ ഒരു കാന്‍സര്‍ രോഗിക്ക് എയര്‍ ഇന്ത്യ വിമാനം കാന്‍സല്‍ ചെയ്തതിനെ തുടര്‍ന്ന് റൂമിലേക്ക് മടങ്ങേണ്ടിവന്നു. അയാളുടെ ശ്വാസനാളത്തിലിറക്കിയ ട്യൂബ് ഇളകി പഴുത്ത് അണുബാധയുണ്ടായി ഗുരുതരാവസ്ഥയിലാണിപ്പോള്‍. ഇത്തരം നിരവധി രോഗികളുടെ വാര്‍ത്ത പലരും 'ഗള്‍ഫ് മാധ്യമം' ഓഫിസില്‍ വിളിച്ച് പറയുന്നു.
വിസിറ്റ് വിസയില്‍ വന്നവര്‍ കാലാവധിക്കുമുമ്പ് തിരിച്ചുപോയില്ലെങ്കില്‍ വന്‍തുക പിഴയടക്കണമെന്നതാണ് ഗള്‍ഫില്‍ എല്ലായിടത്തും നിയമം. ഗള്‍ഫില്‍ അറബ് സ്കൂളുകളില്‍ ജൂണില്‍ വെക്കേഷന്‍ തുടങ്ങുമ്പോള്‍ അറബി വീട്ടുജോലിക്കാരും ഡ്രൈവര്‍മാരുമടങ്ങുന്ന വലിയൊരു വിഭാഗം പ്രവാസികള്‍ നാട്ടിലേക്ക് ടിക്കറ്റ് ബുക് ചെയ്തിരിക്കയായിരുന്നു. ജൂലൈയില്‍ ഇന്ത്യന്‍ സ്കൂളുകളിലും വേനലവധി തുടങ്ങുകയാണ്. റമദാന്‍ ഉള്‍പ്പെടെ രണ്ടു മാസത്തെ ലീവ് ലഭിക്കുന്നതിനാല്‍ പല കുടുംബങ്ങളും നേരത്തേ എയര്‍ ഇന്ത്യക്ക് ടിക്കറ്റ് ബുക് ചെയ്ത് കാത്തിരിക്കുകയുമാണ്. ഈ നിര്‍ണായകഘട്ടത്തിലാണ് പൈലറ്റുമാരുടെ ഒട്ടും നീതീകരണമില്ലാത്ത സമരം. കേരളീയരായ ഗള്‍ഫ് പ്രവാസികളെയാണ് സമരം ഏറ്റവുമേറെ ബാധിച്ചതും. പ്രവാസികാര്യ മന്ത്രിയടക്കം കേന്ദ്ര മന്ത്രിസഭയില്‍ ആറ് പ്രഗല്ഭരായ കേരളീയരുണ്ട്. പല പ്രവാസി സംഘടനകളുമായും ബന്ധമുള്ള അവരെ നേരത്തേ കാര്യം ബോധിപ്പിച്ചിരുന്നുവെങ്കിലും അവരാരും പ്രശ്നം ഗൗരവത്തിലെടുത്തില്ലെന്നതാണ് ഏറെ പ്രതിഷേധാര്‍ഹമായിട്ടുള്ളത്.
ഇതര വിമാനകമ്പനികള്‍ ഈ സന്ദിഗ്ധതയെ ചൂഷണം ചെയ്യുകയാണ്. ബജറ്റ് എയര്‍ലൈനുകള്‍പോലും യാത്രക്കാരെ രണ്ടും മൂന്നും എയര്‍പോര്‍ട്ടുകളില്‍ ട്രാന്‍സിറ്റ് ചെയ്ത് കേരളത്തിലെ വിമാനത്താവളങ്ങളിലെത്തിക്കുന്നതിന് സാധാരണ ചാര്‍ജിന്റെ രണ്ടും മൂന്നും ഇരട്ടിയാണിപ്പോള്‍ വസൂല്‍ ചെയ്യുന്നത്. കേരളീയരായ പ്രവാസികളെ ഇത്തരം ഷൈലോക്കിയന്‍ ചൂഷണത്തിന് ഇരകളായി എറിഞ്ഞുകൊടുക്കുന്നത് ഭൂഷണമാണോ എന്ന് ഒരുവേള കേരള മുഖ്യമന്ത്രിയും പ്രവാസികാര്യ മന്ത്രിയും കേന്ദ്രമന്ത്രിമാരും ചിന്തിച്ചിരുന്നെങ്കില്‍!
ഗള്‍ഫ് പ്രവാസികളാണ് ഇന്ത്യയുടെ വിദേശനാണയ ശേഖരത്തിന് തങ്ങളുടെ ചോരയും നീരും ചെലവഴിച്ച് മുതല്‍ക്കൂട്ടുന്നതെന്ന് അറിയാത്തവരല്ല ഇവരൊന്നും. പ്രവാസി ഭാരതീയ ദിവസ് മാമാങ്കങ്ങളില്‍ പ്രധാനമന്ത്രിയും പ്രസിഡന്റും ഇക്കാര്യം ഉറക്കെ ഉദ്ഘോഷിക്കാറുണ്ട്. പക്ഷേ, അവരുടെ നിക്ഷേപംകൊണ്ട് തിളങ്ങുന്ന ഇന്ത്യയിലെ ദേശീയ ശകടത്തെ ഒന്ന് ശുദ്ധീകരിക്കാനോ നന്നാവില്ലെന്നുണ്ടെങ്കില്‍ ദയാവധത്തിനോ തയാറാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അടിയന്തരമായും ഗള്‍ഫ് പ്രവാസികളുടെ യാത്രാപ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അത്യന്തം ഖാദുക സംഭവങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവരുകതന്നെ ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍