കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിന്‍െറ കോഴിക്കോട് കേന്ദ്രത്തിന് കൊച്ചിയില്‍ സാറ്റലൈറ്റ് കാമ്പസ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അഞ്ചേക്കര്‍ സ്ഥലം കൈമാറുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിവിധ കോഴ്സുകള്‍ ഉള്‍പ്പെടുത്തി കൊച്ചിയില്‍ ആരംഭിക്കുന്ന സാറ്റലൈറ്റ് കാമ്പസ് ഇന്‍ഫോപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഏറ്റവും പ്രാധാന്യവും ഗുണമേന്മയുമുള്ള സ്ഥാപനങ്ങളിലൊന്നായി ഐ.എ.എം കോഴിക്കോടിനെ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ തെരഞ്ഞെടുത്തത് കേരളത്തിന് ലഭിച്ച അംഗീകാരമാണ്. ഈ സ്ഥാപനം കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതും നിലനില്‍ക്കേണ്ടതും സംസ്ഥാനത്തിന്‍െറ ആവശ്യമാണ്. ഇന്‍ഫോപാര്‍ക്കിന് സമീപം തന്നെ പുതിയ കാമ്പസിന് സ്ഥലം ലഭ്യമാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കും. സംസ്ഥാന മന്ത്രിമാര്‍ ഒരുദിവസം കോഴിക്കോട് ഐ.എ.എമ്മില്‍ പരിശീലനം നേടിയ കാര്യവും മുഖ്യമന്ത്രി അനുസ്മരിച്ചു. ഇത് താനുള്‍പ്പെടെയുള്ളവര്‍ക്ക് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നതിന് കൂടുതല്‍ സഹായകമായി. ഐ.എ.എമ്മില്‍നിന്ന് ഉയര്‍ന്ന നിലയില്‍ പഠനം പൂര്‍ത്തിയാക്കുന്ന 28 പേരെ മന്ത്രിമാര്‍ക്കൊപ്പം നിയമിച്ച് പ്രത്യേക പരിശീലനം നല്‍കുന്നതിന് പദ്ധതി ആവിഷ്കരിച്ച ഡയറക്ടറുടെ നടപടി സ്വാഗതാര്‍ഹമാണ്. ഓരോ വര്‍ഷവും ഇപ്രകാരം മികച്ച നിലവാരം പുലര്‍ത്തുന്നവരെ നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഐ.എ.എമ്മിന്‍െറ പരിശീലനം നേടിയവര്‍ സംസ്ഥാനത്തിനും ജനങ്ങള്‍ക്കും വേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കണം. ഇത് വിലപ്പെട്ട രേഖയായി സര്‍ക്കാര്‍ കാണും. പുതിയ തലമുറയുടെ കാഴ്ചപ്പാടുകളോട് സര്‍ക്കാര്‍ ഉദാര സമീപനം സ്വീകരിക്കും. ഇ-ഗവേണന്‍സിന്‍െറ കാര്യത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതെത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുകയാണ്. ഐ.എ.എമ്മിന് ഇക്കാര്യത്തില്‍ സര്‍ക്കാറിന് വേണ്ടി പലതും ചെയ്യാന്‍ കഴിയും. മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, കെ. ബാബു, ഐ.ടി സെക്രട്ടറി പി.എച്ച്. കുര്യന്‍, ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ ജിജോ ജോസഫ്, ഐ.എ.എം ഡയറക്ടര്‍ ദേബാഷിസ് ചാറ്റര്‍ജി എന്നിവര്‍ സംസാരിച്ചു.
സര്‍ക്കാര്‍ ഐ.എ.എമ്മിന് സ്ഥലം അനുവദിക്കുന്നതിനൊപ്പം മറ്റാവശ്യങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് കൂടി അനുവദിക്കണമെന്ന് ഡയറക്ടര്‍ ധനമന്ത്രി കെ.എം. മാണിയോട് ആവശ്യപ്പെട്ടു. സാറ്റലൈറ്റ് കാമ്പസില്‍ എം.ബി.എ കോഴ്സുകള്‍ക്ക് പുറമെ ഹ്രസ്വകാല കോഴ്സുകളും ആരംഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍