പാമ്പുകളുടെ തോഴന്റെ ജീവിതം ചൊല്ലി 'നാഗമാണിക്യം'

പാമ്പുകളുടെ തോഴന്റെ ജീവിതം ചൊല്ലി 'നാഗമാണിക്യം'

തിരുവനന്തപുരം: വിഷംചീറ്റുന്ന പാമ്പുകളുടെ തോഴനായ വാവ സുരേഷിന്റെ ജീവിതവുമായി 'നാഗമാണിക്യം'. ഏഴു വര്‍ഷമായി നാട്ടുകാരുടെ ഭയാശങ്കകളെ കൈയിലൊതുക്കുന്ന വാവസുരേഷിനെക്കുറിച്ച ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് 'മാധ്യമം' സബ്എഡിറ്റര്‍ ഭരതന്നൂര്‍ ഷമീറാണ്.
പാമ്പ് പിടിത്തത്തിലെ കൗതുകവും ജിജ്ഞാസയുമാണ് ഈ ഡോക്യുമെന്ററി ചെയ്യാന്‍ ഭരതന്നൂര്‍ ഷമീറിനെ പ്രേരിപ്പിച്ചത്. ഓഫിസുകളില്‍പോലും പാമ്പിനെ കണ്ടാല്‍ നാട്ടുകാര്‍ വാവസുരേഷിന്റെ മൊബൈലിലാണ് വിളിക്കുക. തിരുവനന്തപുരത്തെ 90 ശതമാനം പേരുടെയും മൊബൈലിലുള്ള അവശ്യനമ്പറുകളിലൊന്ന് സുരേഷിന്റേതാണ്.
ഒരു സ്കൂളിലെ സാംസ്കാരിക പരിപാടിയില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ കവിത ചൊല്ലാനെത്തുന്നിടത്താണ് ഹ്രസ്വചിത്രം ആരംഭിക്കുന്നത്. പാമ്പിനെക്കുറിച്ച കവിതക്കിടെ പാമ്പ് പ്രത്യക്ഷപ്പെടുന്നത് കുട്ടികളെ ഭയപ്പെടുത്തുന്നു. കുരീപ്പുഴ ശ്രീകുമാര്‍ ഫോണില്‍ വിളിച്ചതനുസരിച്ച് വാവയെത്തി പാമ്പിനെ പിടികൂടുന്നു.
കുട്ടികള്‍ക്ക് പാമ്പിനെ സ്പര്‍ശിക്കാനവസരമൊരുക്കി കൊച്ചുമനസ്സുകളിലെ ഭീതിയകറ്റുന്നു. ഈ കുട്ടികള്‍ പിന്നീട് വാവയുടെ വീട് സന്ദര്‍ശിക്കാനെത്തുന്നു. പാമ്പുകളുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനൊപ്പം പാമ്പുകള്‍ക്കായി ഉഴിഞ്ഞുവെച്ച ജീവിതപശ്ചാത്തലവും കുട്ടികള്‍ക്ക് വാവ വിവരിച്ചുകൊടുക്കുന്നു. മൊബൈല്‍ ഫോണില്‍ പാമ്പിനെ കണ്ടയാളുടെ വിളിയെത്തുമ്പോള്‍ തന്റെ സ്കൂട്ടറില്‍ വാവ യാത്രയാകുന്നു.
പിന്നെയും തീരാത്ത സംശയവുമായി കുട്ടികളെത്തി, അപ്പോള്‍ നാഗമാണിക്യമേതാണ്? അവിടെ കുരീപ്പുഴ ശ്രീകുമാര്‍ വാവസുരേഷ് തന്നെയാണ് നാഗമാണിക്യമെന്ന് വിശദീകരിക്കുന്നു.
തിരുവനന്തപുരം പ്രസ്ക്ളബില്‍ ശനിയാഴ്ച ആദ്യ പ്രദര്‍ശനം നടത്തിയ നാഗമാണിക്യത്തിന്റെ നിര്‍മാതാവ് പ്രവാസി മലയാളിയായ ടി.എം.എ. ഹമീദാണ്. വാവസുരേഷ് എന്ന വ്യക്തി തന്നെ അദ്ഭുതപ്പെടുത്തിയത് കൊണ്ടാണ് ഈ ചിത്രം നിര്‍മിക്കാന്‍ തയാറായതെന്ന് അദ്ദേഹം പറയുന്നു. കാമറ: സുനില്‍ കൈമനം, എഡിറ്റിങ്: വിജില്‍ കോട്ടയം.വാവസുരേഷും കുരീപ്പുഴ ശ്രീകുമാറും മുപ്പതംഗ സ്കൂള്‍ കുട്ടികളുമാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus