12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

രജീഷ് പാര്‍ട്ടിക്കാരനല്ലെന്ന് പിണറായി; ഓരോന്നായി പുറത്തുവരുമെന്ന് വി.എസ്

രജീഷ് പാര്‍ട്ടിക്കാരനല്ലെന്ന് പിണറായി;  ഓരോന്നായി പുറത്തുവരുമെന്ന് വി.എസ്

ന്യൂദല്‍ഹി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ ടി.കെ. രജീഷുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് സമസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം ഉള്‍പ്പെടെയുള്ള കൊലപാതകം പാര്‍ട്ടി പറഞ്ഞിട്ട് നടത്തിയതാണെന്ന് രജീഷ് സമ്മതിച്ചതായുള്ള വാര്‍ത്തകള്‍ പൊലീസ് പറയുന്നത് മാത്രമാണെന്ന് കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജനും പ്രതികരിച്ചു. എന്നാല്‍, രജീഷുമായി ബന്ധപ്പെട്ട കേസുകളില്‍ നിജസ്ഥിതി ഓരോന്നായി പുറത്തുവരുമെന്നാണ് താന്‍ കരുതുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിനെത്തിയ നേതാക്കള്‍ ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
തലശ്ശേരിക്കടുത്ത പൊന്ന്യം, പാട്യം പ്രദേശങ്ങളുമായി ചെറുപ്പം മുതല്‍ ബന്ധമുള്ളയാളാണ് താനെന്ന് പിണറായി വിജയന്‍ പറഞ്ഞു. രജീഷ് ആ നാട്ടുകാരനാണ് എന്നാണ് പറയുന്നത്. അങ്ങനെയൊരാള്‍ പാര്‍ട്ടിയിലുള്ളതായി കണ്ണൂരുകാരനായ എനിക്കറിയില്ല. രജീഷും കൊടി സുനിയും പാര്‍ട്ടിയുമായി ഒരു ബന്ധവുമുള്ളവരല്ല. ടി.പി വധക്കേസില്‍ പിടിയിലായ സി.പി.എം നേതാക്കളെ പൊലീസ് മര്‍ദിച്ച് മൊഴിയെടുത്ത് തെളിവുണ്ടാക്കുകയാണ്. അതിനെയാണ് സി.പി.എം എതിര്‍ക്കുന്നതെന്നും പിണറായി പറഞ്ഞു. രജീഷുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ ഇ.പി. ജയരാജന്‍ ജയകൃഷ്ണന്‍ വധക്കേസ് പുനരന്വേഷിക്കുന്നതിന് മുമ്പ് നാല്‍പാടി വധക്കേസും കുഞ്ഞനിയന്‍ വധക്കേസുമാണ് ഉമ്മന്‍ ചാണ്ടി അന്വേഷിക്കേണ്ടതെന്ന് ആവശ്യപ്പെട്ടു.
കുഞ്ഞനിയന്‍ വധക്കേസില്‍ തൃശൂര്‍ ഡി.സി.സി സെക്രട്ടറി സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. അക്കാര്യം സര്‍ക്കാര്‍ അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്നും ജയരാജന്‍ ചോദിച്ചു. ടി.കെ. രജീഷുമായി പാര്‍ട്ടിക്കുള്ള ബന്ധം പിണറായിയും ഇ.പി. ജയരാജനും നിഷേധിച്ചപ്പോള്‍ വി.എസ്. അതിന് തയാറായില്ല. മാത്രമല്ല, ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തില്‍ ഉള്‍പ്പെടെ രജീഷിനെ പാര്‍ട്ടി ഉപയോഗിച്ചുവെന്ന് വാര്‍ത്തകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ സത്യം ഓരോന്നായി പുറത്തുവരുമെന്നാണ് വി.എസ് പ്രതികരിച്ചത്. നിലവിലെ സന്ദര്‍ഭത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെന്ന് വ്യാഖ്യാനിക്കാവുന്ന മറുപടിയിലൂടെ തന്റെ വിമതസ്വരം ആവര്‍ത്തിച്ച് വ്യക്തമാക്കുകയായിരുന്നു വി.എസ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com