നായകനായ ആദ്യ ചിത്രം റിലീസാകുന്നതിന് മുമ്പ് പൃഥ്വിരാജിനെ വീണ്ടും ബോളിവുഡ് വിളിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം പൃഥ്വിയെ വിളിച്ചിരിക്കുന്നത് ചില്ലറക്കാരല്ല, മുന്‍നിര നിര്‍മ്മാതാക്കളായ യഷ് രാജ് ഫിലിംസ് ആണ്. യഷ് രാജിന്റെ ഏറ്റവും പുതിയ പ്രൊജക്ട് ആയ 'ഔറംഗസീബ്' എന്ന ചിത്രത്തില്‍ നായക തുല്ല്യമായ റോളിലേക്കാണ് പൃഥ്വിക്ക് ക്ഷണം. വര്‍ഷാവസാനം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തില്‍ 'ഇഷ്ക്സാദെ' ഫെയിം അര്‍ജുന്‍ കപൂറാണ് പ്രധാന വേഷത്തില്‍. ബോളിവുഡിലെ മുന്‍നിര നായികമാര്‍ അണിനിരക്കുന്ന 'ഔറംഗസീബ്' സംവിധാനം ചെയ്യുന്നത് അതുല്‍ സര്‍വാളാണ്.
പൃഥ്വി നായകനാക്കി അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'അയ്യ' സെപ്തംബറില്‍ പുറത്തിറങ്ങാനിരിക്കുകയാണ്. മറാത്തിക്കാരി പെണ്‍കുട്ടിയും ദക്ഷിണേന്ത്യക്കാരനായ യുവാവും തമ്മിലുള്ള പ്രണയമാണ് 'അയ്യ'യുടെ ഇതിവൃത്തം.ചിത്രം റിലീസാകുന്നതിന് മുമ്പാണ് പൃഥ്വിയെത്തേടി യഷ് രാജിന്റെ ബിഗ് ബജറ്റ് ചിത്രത്തിലേക്കുള്ള ക്ഷണം വന്നിരിക്കുന്നത്.
ഹിന്ദി സിനിമകള്‍ക്ക് അനുയോജ്യമായ ശരീരഭാഷയും മാനറിസങ്ങളും കൈയ്യടക്കവുമാണ് ബോളിവുഡ് ചിത്രങ്ങള്‍ ലഭിക്കുന്നതിന് പൃഥ്വിയെ സഹായിച്ചത്. പ്രവാല്‍ രാമന്റെ പുതിയ ഹൊറര്‍ ചിത്രത്തിലും പൃഥ്വി അഭിനയിക്കുമെന്ന വാര്‍ത്തകളുമുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍