12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

നികത്തിയ പാടത്ത് വാഴയും തെങ്ങിന്‍ തൈയും നട്ടു

തിരുവല്ല: നികത്തിയ പാടത്തെ മണ്ണ് നീക്കാന്‍ കലക്ടര്‍ ഉത്തരവിട്ടതിന് പിന്നാലെ സ്ഥലത്ത് ഉടമ വാഴയും തെങ്ങിന്‍ തൈയും നട്ടു. കലക്ടറുടെ ഉത്തരവ് വന്ന് 12 മണിക്കൂറിനുള്ളിലാണ് തൈകള്‍ നട്ടത്. നിയമം ലംഘിച്ച് നികത്തിയ പാടത്ത് കൃഷിയിറക്കിയത് വന്‍ പ്രതിഷേധത്തിനിടയാക്കി. ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ വെട്ടിനിരത്തല്‍ സമരം അരങ്ങേറുമെന്ന് അഭ്യൂഹം പരന്നതോടെ സ്ഥലത്ത് പൊലീസ് കാവലുണ്ട്.
നിരണം വില്ലേജോഫിസ് അതിര്‍ത്തിയില്‍ മണ്ണംതോട്ടുവഴി നിരണം റോഡില്‍ ബ്ളോക് ഒന്നില്‍ റീസര്‍വേ 646-ഒമ്പതില്‍പ്പെട്ട 37.15 ആര്‍ പാടശേഖരത്താണ് അറുനൂറോളം വാഴകളും 65 തെങ്ങിന്‍ തൈയും വ്യാഴാഴ്ച രാത്രി നട്ടത്. ഡി.സി.സി ജനറല്‍ സെക്രട്ടറിയുടെയും ഭാര്യയുടെയും ഉടമസ്ഥതയിലെ ഒരേക്കര്‍ പാടശേഖരം മണ്ണിട്ട് നികത്തിയത് 14 ദിവസത്തിനകം നീക്കണമെന്ന് കലക്ടര്‍ പി. വേണുഗോപാല്‍ ബുധനാഴ്ച ഉത്തരവിട്ടിരുന്നു. നിശ്ചിത ദിവസത്തിനുള്ളില്‍ ഉടമ മണ്ണ് നീക്കിയില്ലെങ്കില്‍ ഇത് നീക്കാനും ഉടമയില്‍നിന്ന് 25,000 രൂപ പിഴ ഈടാക്കാനും തിരുവല്ല ആര്‍.ഡി.ഒയെ കലക്ടര്‍ ചുമതലപ്പെടുത്തിയിരുന്നു. പാടശേഖരത്ത് അനധികൃതമായി മണ്ണിടുകയും കൃഷി ഇറക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകളും തദ്ദേശവാസികളും സ്ഥലം വെട്ടി നിരത്താന്‍ പദ്ധതിയിടുന്നെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് പുളിക്കീഴ് എസ്.ഐ ബൈജു കെ. ജോസിന്‍െറ നേതൃത്വത്തില്‍ പൊലീസ് ഇവിടെ പട്രോളിങ് ശക്തമാക്കിയുത്. എന്നാല്‍, കലക്ടറിന്‍െറ ഉത്തരവിന് വിരുദ്ധമായാണ് പുളിക്കീഴ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് തദ്ദേശവാസികള്‍ പറയുന്നു. കലക്ടറുടെ ഉത്തരവിനെതിരെ കോടതിയില്‍നിന്ന് സ്റ്റേ ഓര്‍ഡര്‍ ഉണ്ടെന്ന് പുളിക്കീഴ് എസ്.ഐയെ ധരിപ്പിച്ചാണ് പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തിയത്. നിരണത്ത് വ്യാപകമായി അനധികൃത നിലം നികത്തല്‍ നടക്കുന്നത് സംബന്ധിച്ച് തിരുവല്ല ആര്‍.ഡി.ഒക്കും തഹസില്‍ദാര്‍ക്കും തദ്ദേശവാസികള്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു. എന്നാല്‍, അധികൃതരുടെ ഒത്താശയോടെ പാടശേഖരം നികത്തിയതോടെ ജില്ലാ കലക്ടര്‍ക്ക് തദ്ദേശവാസികള്‍ പരാതി നല്‍കി. തുടര്‍ന്ന് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് മേല്‍നടപടി സ്വീകരിക്കുകയായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com