12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

പഞ്ചായത്ത് നിയമനം നടത്തിയില്ല; ജനപ്രതിനിധി പമ്പിങ് സ്റ്റേഷന്‍ ഓപറേറ്ററായി

ചെങ്ങന്നൂര്‍: ജനസേവനത്തിന്‍െറ ഭാഗമായി ജനപ്രതിനിധി പമ്പിങ് സ്റ്റേഷന്‍െറ ഓപറേറ്ററായി. മാന്നാര്‍ പഞ്ചായത്ത് ടൗണ്‍ വാര്‍ഡ് മെംബര്‍ കുരട്ടിശേരി കൊച്ചേനാത്ത് പുത്തന്‍വീട്ടില്‍ കെ.എ. കരീമിനാണ് പുതിയ നിയോഗം.
താന്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡിലെ ജനങ്ങള്‍ക്ക് മുടങ്ങാതെ കൃത്യമായി കുടിവെള്ളം ലഭ്യമാകുന്നെന്ന് ഉറപ്പുവരുത്താനാണ് പമ്പ്ഹൗസ് പ്രവര്‍ത്തിക്കുന്നതിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒന്നരവര്‍ഷമായി പ്രവര്‍ത്തിക്കുന്നത്.
പമ്പ്ഹൗസിലെ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേകമായി ചുമതലക്കാരനെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയോഗിക്കാനോ അതിന് ശമ്പളം നല്‍കാനോ പഞ്ചായത്ത് തയാറാകാത്തതാണ് കരിം ഈ ഉദ്യമം ഏറ്റെടുക്കാന്‍ കാരണം.
വാട്ടര്‍ അതോറിറ്റി മാവേലിക്കര ഡിവിഷന്‍െറ അധീനതയില്‍ മാന്നാറില്‍ രണ്ട് പമ്പ്ഹൗസുകളാണ് ഉണ്ടായിരുന്നത്. ഒന്ന് നായര്‍ സമാജം ടീച്ചേഴ്സ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് വളപ്പിലും മറ്റൊന്ന് മാര്‍ക്കറ്റിനും പൊലീസ് സ്റ്റേഷനും മധ്യേയും.
ഇവയുടെ അറ്റകുറ്റപ്പണി നടത്താനും വെള്ളം പമ്പുചെയ്യാനും നേരത്തേ ഒരു ജീവനക്കാരനെ ഏര്‍പ്പെടുത്തിയിരുന്നു. പമ്പ്ഹൗസുകള്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ വിട്ടുകൊടുത്തതോടെയാണ് പ്രവര്‍ത്തനം അവതാളത്തിലായത്. കാലാകാലങ്ങളില്‍ മാറിമാറിവന്ന സമിതികള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനോ നടത്തിപ്പിന് സംവിധാനമൊരുക്കാനോ പദ്ധതി തയാറാക്കിയില്ല. ഇതോടെ ഒരു പമ്പ്ഹൗസിന്‍െറ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പ്രസിഡന്‍റായിരുന്ന കെ.പി. സീനത്തിന്‍െറ പരിശ്രമത്താല്‍ 1.25 ലക്ഷം രൂപ ചെലവഴിച്ച് പുനരുദ്ധരിച്ച് പമ്പ്ഹൗസ് പ്രവര്‍ത്തിപ്പിക്കുന്നതിന് ഇലക്ട്രീഷ്യനായ ഹംസയെ ചുമതലപ്പെടുത്തി. നാട്ടുകാര്‍ പിരിവെടുത്താണ് മാസന്തോറും നിശ്ചിത തുക നല്‍കിയിരുന്നത്. പുതിയ കമ്മിറ്റി നിലവില്‍ വന്നപ്പോള്‍ അരലക്ഷം മുടക്കി പെയിന്‍റിങ്, തറ കോണ്‍ക്രീറ്റ്, മേല്‍മൂടി, വാതില്‍ തുടങ്ങിയവ നടത്തി. ഒരുവര്‍ഷത്തോളം ഓപറേറ്റിങ്ങിന് പഴയ ആള്‍ ഉണ്ടായിരുന്നു. അദ്ദേഹം പോയതോടെ പുതിയ ഒരാളെ പഞ്ചായത്തില്‍ നിന്ന് നിയമിക്കാന്‍ മെംബര്‍ പരിശ്രമിച്ചെങ്കിലും അതിന് നിയമമില്ലെന്ന് ചൂണ്ടിക്കാട്ടി ആവശ്യം നിരാകരിച്ചു. ഇതോടെയാണ് കരീം ആ ജോലി ഏറ്റെടുത്തത്. ദിവസവും രാവിലെ ഏഴുമുതല്‍ എട്ടുവരെ ഒരു മണിക്കൂര്‍ ഇതിന് ചെലവഴിക്കും. പരുമല-മുല്ലശേരിക്കടവ്-കടപ്രമഠം റോഡ്, ഓടാട്ട് മണപ്പുറം റോഡ്, കോവുംപുറത്ത് ലക്ഷംവീട് കോളനി, പോസ്റ്റോഫിസ് ജങ്ഷന്‍ തുടങ്ങി വാര്‍ഡില്‍ 29 ടാപ്പുകളില്‍ക്കൂടി ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാകുന്നുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com