മണ്ണാര്‍ക്കാട്: നാഥനില്ലാത്ത ആന നാട്ടുകാരെ വട്ടംകറക്കി വെള്ളിയാഴ്ച 12.30 മണിയോടെ കണ്ടമംഗലം-പൊതുവപ്പാടം റോഡില്‍ കുന്തിപ്പാടത്താണ് നാഥനില്ലാത്ത ആന വട്ടംകറങ്ങിയത്. ലോറിയില്‍ കൊണ്ടുവന്ന ആനയെ ഇവിടെ ഇറക്കിവിട്ട ശേഷം പോവുകയായിരുന്നുവെന്ന് പറയുന്നു.
ആനയെ ഇറക്കുമ്പോള്‍ രണ്ടുപേര്‍കൂടെയുണ്ടായിരുന്നതായും പിന്നീട് ഇവരും പോയതായും നാട്ടുകാര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ ഒരു പൊലിസ് സ്റ്റേഷനില്‍ ദിവസങ്ങളോളം ഉടമസ്ഥാവകാശ തര്‍ക്കത്തെ തുടര്‍ന്ന് ചങ്ങലയില്‍ കഴിയേണ്ടിവന്ന ആനയാണിതെന്നാണ് സൂചന. അവകാശ തര്‍ക്കം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണെന്നും പറയുന്നു. ആന മണ്ണാര്‍ക്കാട്ടെത്തിയതില്‍ ദുരൂഹതയുണ്ട്. ലോറിയില്‍ നിന്നിറക്കിവിട്ട ആന മൂന്നര മണിക്കൂറോളം കറങ്ങി കുണ്ടിലക്കാട് എത്തിയപ്പോഴേക്കും മറ്റൊരു ലോറിയിലെത്തിയ ആളുകള്‍ ആനയെ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ആനയെ വഴിയിലുപേക്ഷിച്ച വാര്‍ത്ത പരന്നതോടെ വനം വകുപ്പ് അധികൃതരും കുഴങ്ങി. ആനയെ പലയാളുകളും കണ്ടെങ്കിലും നാട്ടാനയായതിനാല്‍ ആരും കാര്യമായെടുത്തില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍