മലപ്പുറം: വെള്ളിയാഴ്ച രാത്രി പോളണ്ടിലെ വാഴ്സയില്‍ പന്തുരുണ്ടതോടെ യൂറോപ്പിന്‍െറ കളിയാവേശം മലപ്പുറത്തും പടര്‍ന്നു. യൂറോ കപ്പില്‍ പോളണ്ടും ഗ്രീസും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് തന്നെ മലപ്പുറം ടൗണില്‍ ബിഗ് സ്ക്രീന്‍ ഒരുക്കിയിരുന്നു. കുന്നുമ്മലില്‍ ഹെഡ്പോസ്റ്റോഫിസിന് എതിര്‍വശത്തെ ഷോപ്പിങ് കോംപ്ളക്സിലും കിഴക്കത്തേലയിലുമാണ് കൂറ്റന്‍ സ്ക്രീനില്‍ കളി കാണാന്‍ അവസരമൊരുക്കിയത്.
ആദ്യമത്സരത്തിന്‍െറ കിക്കോഫോടെ മലപ്പുറത്തെ കാണികളും ആരവത്തിലാണ്ടു. ഗോളവസരങ്ങളിലെല്ലാം അവര്‍ ആര്‍ത്തുവിളിച്ചു. കൂറ്റന്‍ സ്ക്രീനില്‍ കളികാണാന്‍ സൗകര്യം അറിഞ്ഞ് പരിസരങ്ങളിലുള്ളവരും വീട് വിട്ട് ടൗണിലെത്തി. ലോകകപ്പിന്‍െറയും കോപ്പ അമേരിക്കയുടെയും ആവേശം കാണില്ലെന്ന് കരുതിയ യൂറോ കപ്പിനും ആരവം ഉയര്‍ത്തിയും വരവേല്‍പ്പ് നല്‍കിയും കാല്‍പ്പന്തുകളിയോടുള്ള അഭിനിവേശം ആരാധകര്‍ വിളംബരം ചെയ്തു. മലപ്പുറത്തുകാരുടെ ഇഷ്ട ടീമുകള്‍ കുറവാണെങ്കിലും യൂറോ കപ്പിന്‍െറ ആവേശത്തിന് കുറവുണ്ടാകില്ലെന്ന് തന്നെയാണ് ഫുട്ബാള്‍ പ്രേമികളുടെ സാക്ഷ്യപ്പെടുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍