ദുബൈ: ഈ സര്‍ക്കാറിന്‍െറ കാലത്ത് തന്നെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറക്കുമെന്ന് പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ്. കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആശയക്കുഴപ്പങ്ങളും പരിഹരിക്കപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി നേരത്തേ നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നു. ഇത് അക്കൗണ്ടിലേക്ക് മാറ്റാനായില്ല. ഓഹരി നല്‍കാനാകാഞ്ഞതും രസീത് പോലും കൊടുക്കാനാകാഞ്ഞതുമൊക്കെ പ്രശ്നമായി. ഇതാണ് നിക്ഷേപകരെ നിരാശയിലാക്കിയത്. ഇക്കാര്യങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉത്തര മലബാറിന്‍െറ വിവിധോദ്ദേശ്യ വികസനം ലക്ഷ്യം വെച്ച് വെയ്ക്കും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘നോര്‍ത്ത് മലബാര്‍ കോളിങ്’ നിക്ഷേപ സെമിനാറും ബിസിനസ് മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകുന്നില്ല എന്നതാണ് കേരളത്തിന്‍െറ ശാപം. 50 ഇരട്ടി ഫണ്ട് ചെലവഴിച്ചിട്ടും പൂര്‍ത്തിയാക്കാനാകാത്ത പല പദ്ധതികളുമുണ്ട്. അവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് ഈ സര്‍ക്കാറിന്‍െറ ലക്ഷ്യം. ‘വികസനവും കരുതലും’ എന്നതാണ് സര്‍ക്കാറിന്‍െറ മുദ്രാവാക്യം. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയാണ് ‘എമേര്‍ജിങ് കേരള’യുടെ ലക്ഷ്യം. ഉന്നത വിദ്യാഭ്യാസരംഗത്തിന്‍െറ വികസനവും ഉറപ്പാക്കും. കേരളത്തില്‍ ഏത് കോഴ്്സും പഠിക്കാനുള്ള സൗകര്യങ്ങളൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിലെ വളര്‍ന്നുവരുന്ന എമിറേറ്റുകളായ റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ നിന്നൊക്കെ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് നിക്ഷേപ സാധ്യതകള്‍ ആരായണമെന്ന് മുഖ്യാതിഥിയായ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ പറഞ്ഞു. വിദ്യാഭ്യാസത്തിന്‍െറ മൂല്യമല്ല മൂലധനത്തെ കുറിച്ച് ചിന്തിക്കുന്നതാണ് ഈ മേഖലയില്‍ കേരളം പിന്നിലാകാന്‍ കാരണമെന്ന് കെ.എം. ഷാജി എം.എല്‍.എ അഭിപ്രായപ്പെട്ടു. പരിപാടിയുടെ സുവനീര്‍ കെ.എം. ഷാജിക്ക് നല്‍കി സഞ്ജയ് വര്‍മ പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ അബ്ദുള്‍ ഖാദര്‍ പനക്കാട്, സ്വാഗതസംഘം ചെയര്‍മാന്‍ വിനോദ് നാരായണന്‍, കണ്‍വീനര്‍ സി.വി ദീപക്, അഗ്രോണമി ഫാംസ് മാനേജിങ് ഡയറക്ടര്‍ ഡോ. പി.വി. മോഹനന്‍, കെ.വി.ആര്‍ ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ കെ.പി. നായര്‍, പോപുലര്‍ ഓട്ടോപാര്‍ട്സ് മാനേജിങ് ഡയറക്ടര്‍ ബാലന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
500 കോടി രൂപ മുതല്‍ മുടക്കില്‍ കണ്ണൂരില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന അഗ്രോണമി ഫാംസ് ഇന്ത്യ ലിമിറ്റഡ്, കാര്‍ഷിക-ടെക്സ്റ്റൈല്‍-ടൂറിസം മേഖലകളിലെ പദ്ധതികള്‍, മത്സ്യോല്‍പാദന-കോഴിവളര്‍ത്തല്‍-പാല്‍ ഉല്‍പാദനവും സംസ്കരണവും സാധ്യതകള്‍ തുടങ്ങിയവ ശൈഖ് സായിദ് റോഡിലെ ക്രൗണ്‍ പ്ളാസ ഹോട്ടലില്‍ നടക്കുന്ന ദ്വിദിന പരിപാടിയില്‍ അവതരിപ്പിക്കുന്നുണ്ട്.
ജോയ് ആലുക്കാസ്, ഡോ. ആസാദ് മൂപ്പന്‍, ഡോ. കെ.പി. ഹുസൈന്‍, ഇക്കണോമിക് കോണ്‍സല്‍ പി. ജയദീപ് തുടങ്ങിയവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന പരിപാടി ശനിയാഴ്ച രാവിലെ പത്തിന് നടക്കും. സമാപന ദിവസമായ ശനിയാഴ്ച കേന്ദ്ര സഹമന്ത്രി പ്രഫ. കെ.വി തോമസ്, കേരള കൃഷി മന്ത്രി കെ.പി മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 26 വിവിദോദ്ദേശ്യ സ്റ്റാളുകളുള്ള പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയാണ് സമയം. പ്രവേശനം സൗജന്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍