മസ്കത്ത്: വിനിമയ നിരക്ക് സര്‍വകാല റെക്കോര്‍ഡിലെത്തിയത് ഒമാനിലെ കച്ചവട സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി വ്യാപാരികള്‍.
റിയാലിന് മുമ്പെങ്ങുമില്ലാത്ത മൂല്യം നാട്ടില്‍ ലഭിക്കുമെന്നതിനാല്‍ ഇന്ത്യക്കാര്‍ പരമാവധി പണം നാട്ടിലേക്ക് അയക്കുന്ന പ്രവണത വര്‍ധിച്ചതാണ് വിപണിക്ക് ദോഷകരമായത്. ആയിരം രൂപ നാട്ടിലയക്കാന്‍ ഏഴ് റിയാല്‍ മാത്രം മതിയായതിനാല്‍ പലരും കിട്ടുന്ന റിയാലുകള്‍ നാട്ടിലയക്കാനുള്ള ശ്രമത്തിലാണ്. ഒമാനില്‍ പണം ചെലവഴിക്കുന്ന പ്രവണത കുറഞ്ഞു. ചെറുകിട കച്ചവടക്കാരെ ഇത് സാരമായി ബാധിച്ചു. ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ കച്ചവടവും തിരക്കും അനുഭവപ്പെടുന്നത് വാരാന്ത്യ അവധി ദിവസമായ വെള്ളിയാഴ്ചയാണ്. എന്നാല്‍ ഇപ്പോള്‍ വെള്ളിയാഴ്ചകളില്‍ പോലും റൂവിയിലെയും മറ്റും കടകളില്‍ തിരക്കനുഭവപ്പെടുന്നില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ 1000 രൂപക്ക് ഏഴ് റിയാലില്‍ താഴെ മാത്രമാണ് ധനവിനിമയ സ്ഥാപനങ്ങള്‍ ഈടാക്കിയിരുന്നത്. ചില ദിവസങ്ങളില്‍ ഇത് 6.800 വരെ എത്തി. താല്‍കാലികമായി ഇന്ത്യന്‍ രൂപ കഴിഞ്ഞദിവസങ്ങളില്‍ ശക്തിപ്പെട്ടുവെങ്കിലും ഒമാന്‍ റിയാലിന് 150 രൂപവരെ എത്താന്‍ സാധ്യതയുണ്ടെന്ന് ഈരംഗത്തുള്ളവര്‍ പറയുന്നു.
റൂവിയില്‍ ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്നത് മൊബൈല്‍ കടകളിലാണ്. ഇതിനാല്‍ കൂണുകള്‍ പോലെ മൊബൈല്‍ കടകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇവിടെ ഉയര്‍ന്ന് വന്നിരുന്നു. കഫ്തീരിയകളും സൂപ്പര്‍ മാര്‍ക്കറ്റുകളും മൊബൈല്‍ കടകളായി മാറിയിരുന്നു. എന്നാല്‍ ഇത്തരം കടകളിലും വാരാന്ത്യ അവധി ദിവസമായ ഇന്നലെ തിരക്കൊഴിഞ്ഞു കിടന്നു. വേനല്‍ചൂട് ഭയന്ന് കുടുംബങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുന്നത് മറ്റൊരു കാരണമാണ്.
എന്നാല്‍, ഇന്ത്യന്‍ സ്കൂളുകള്‍ക്ക് വേനല്‍ അവധി ആരംഭിക്കുന്നതോടെ പ്രവാസി കുടുംബങ്ങള്‍ കൂട്ടത്തോടെ നാട്ടിലേക്ക് പോവാനൊരുങ്ങുന്ന ഈ സമയത്ത് കച്ചവട സ്ഥാപനങ്ങള്‍ക്ക് തിരക്കനുഭപ്പെടേണ്ട സീസണാതിത്. സീസണില്‍ തുടരുന്ന വിപണിയിലെ മരവിപ്പ് വ്യാപാരികളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഹോട്ടലില്‍ മെസ് കഴിക്കുന്നവര്‍ പലരും ഇപ്പോള്‍ പണം നല്‍കുന്നതില്‍ അലംഭാവം കാണിക്കുകയാണെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു. ഇക്കാലം വരെ കൃത്യമായി പണം നല്‍കിയിരുന്നവരാണ് റിയാലിന്‍െറ മൂല്യം വര്‍ധിച്ചതോടെ സ്വഭാവം മാറിയത്.
വിനിമയ നിരക്ക് മെച്ചപ്പെട്ടതോടെ കടമിടപാടുകളും തീരെ കുറഞ്ഞു. റിയാലിന് നല്ല നിരക്ക് കിട്ടുന്നതിനാല്‍ പലരും പണം കടം കൊടുക്കാന്‍ മടിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍