ദോഹ: രക്ഷിതാക്കളെ ഉള്‍പ്പെടുത്തി ‘ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്’ (ബി.ഒ.ടി) രൂപവത്കരിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ സ്വകാര്യ സ്കൂളുകള്‍ സുപ്രീം എജുക്കേഷന്‍ കൗണ്‍സിലിന്‍െറ നിര്‍ദേശം മറികടക്കുന്നതായി ആക്ഷേപം. സ്കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതില്‍ രക്ഷിതാക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നതിനുമുള്ള വേദിയാണ് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗത്വം. എന്നാല്‍ ഇക്കാര്യത്തില്‍ പല സ്വകാര്യ വിദ്യാലയങ്ങളും കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ മറികടക്കുകയാണെന്ന് ‘ദ പെനിന്‍സുല’ റിപ്പോര്‍ട്ട് ചെയ്തു. മുഴുവന്‍ സ്വകാര്യ സ്കൂളുകളും ‘രക്ഷിതാക്കളുടെയും സ്കൂള്‍ കമ്യൂണിറ്റിയുടെയും പ്രാതിനിധ്യമുള്ളതും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായ’ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് രൂപവത്കരിക്കണമെന്നാണ് സുപ്രീം എജുക്കേഷന്‍ കൗണ്‍സിലിന്‍െറ ചട്ടം. സ്കൂളിന്‍െറ ലക്ഷ്യങ്ങളിലും ഉദ്ദേശ്യങ്ങളിലും പിന്തുണക്കുക, സ്കൂള്‍ പ്രിന്‍സിപ്പലിന് ആവശ്യമായ ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുക, സ്കൂളിന്‍െറ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും പ്രവര്‍ത്തന നിലവാരം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യുക, സ്റ്റാഫ് അംഗങ്ങളും രക്ഷിതാക്കളും ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പങ്ക് വഹിക്കുക തുടങ്ങിയവയാണ് ബി.ഒ.ടിയുടെ മുഖ്യ ലക്ഷ്യങ്ങളായി കൗണ്‍സില്‍ മുന്നോട്ടുവെക്കുന്നത്.
മുഴുവന്‍ സ്വകാര്യ സ്കൂളുകളും രക്ഷിതാക്കളെ ഉള്‍പ്പെടുത്തി ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് രൂപവത്കരിക്കണമെന്നും അംഗങ്ങളുടെ പേരുകള്‍ ഓഫിസില്‍ ഏല്‍പിക്കണമെന്നും പ്രൈവറ്റ് സ്കൂള്‍സ് ഓഫിസ് ഡയറക്ടര്‍ ഫൗസിയ അല്‍ ഖാദര്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. ഒട്ടേറെ സ്കൂളുകള്‍ ഇത്തരത്തില്‍ പട്ടിക സമര്‍പ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇവ തെരഞ്ഞെടുക്കപ്പെട്ട ബോഡിയാണോയെന്ന് അറിയില്ലെന്ന് ഫൗസിയ അല്‍ ഖാദര്‍ വ്യക്തമാക്കി.
രാജ്യത്തെ മിക്ക സ്വകാര്യ സ്കൂളുകളിലും ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ബോര്‍ഡ് ഓഫ് ട്രസ്റ്റികള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇത്തരം സ്കൂളുകളില്‍ അധ്യാപക- രക്ഷാകര്‍തൃ യോഗങ്ങള്‍ കൃത്യമായി നടക്കാറുണ്ടെങ്കിലും സ്കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളേക്കാള്‍ വിദ്യാര്‍ഥികളുടെ പഠന നിലവാരവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യാറുള്ളത്. രക്ഷിതാക്കള്‍ക്ക് പ്രാതിനിധ്യമില്ലാത്ത മാനേജിങ് കമ്മിറ്റികളാണ് രാജ്യത്തെ മിക്ക സ്വകാര്യ സ്കൂളുകളും നിയന്ത്രിക്കുന്നത്. രക്ഷിതാക്കളില്‍ നിന്ന് അഭിപ്രായ സ്വരൂപണം നടത്താതെ ഈ മാനേജിങ് കമ്മിറ്റികളാണ് സ്കൂളിന്‍െറ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത്. സ്കൂളുകളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഓഫിസില്‍ നിന്ന് സര്‍ക്കുലര്‍ ലഭിക്കുമ്പോള്‍ മാത്രമാണ് രക്ഷിതാക്കള്‍ അറിയുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. തങ്ങളുടെ സ്കൂളുകളില്‍ രക്ഷാകര്‍ത്താക്കളെ ഉള്‍പ്പെടുത്തിയുള്ള ഔദ്യാഗിക സമിതികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും എന്നാല്‍ രക്ഷിതാക്കള്‍ക്ക് എത് സമയത്തും സ്കൂളില്‍ എത്തുന്നതിനും കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ച നടത്തുന്നതിനും സൗകര്യമുണ്ടെന്നുമാണ് ചില സ്വകാര്യ സ്കൂള്‍ മാനേജ്മെന്‍റുകള്‍ വ്യക്തമാക്കുന്നു. ചില സ്കൂളുകള്‍ അവര്‍ക്ക് താല്‍പര്യമുള്ള രക്ഷിതാക്കളെ ഉള്‍പ്പെടുത്തിയുള്ള ബി.ഒ.ടി ലിസ്റ്റ് കൗണ്‍സിലിന് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് ചിലയിടങ്ങളില്‍ മക്കള്‍ ഇതേ സ്കൂളില്‍ പഠിക്കുന്ന മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങള്‍ തന്നെയാണ് ബി.ഒ.ടിയില്‍ രക്ഷാകര്‍തൃ പ്രതിനിധികളായിട്ടുള്ളത്. ഇതുവരെ സ്കൂളിലെ ഏതെങ്കിലും രക്ഷാകര്‍തൃ സമിതി തെരഞ്ഞെടുപ്പിനുള്ള യോഗത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ചില രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു. അധ്യാപക രക്ഷാകര്‍തൃ യോഗങ്ങളിലും വാര്‍ഷികാഘോഷം അടക്കമുള്ള പരിപാടികളിലും പങ്കെടുക്കാനും മാത്രമെ സ്കൂളുകളില്‍ നിന്ന് ക്ഷണം ലഭിക്കാറുള്ളൂവെന്നാണ് രക്ഷിതാക്കളുടെ പരാതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍