12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

ആക്രോശവുമായി ജനക്കൂട്ടം; പ്രതിക്കൂട്ടില്‍ നിര്‍വികാരനായി രജീഷ്

ആക്രോശവുമായി ജനക്കൂട്ടം; പ്രതിക്കൂട്ടില്‍ നിര്‍വികാരനായി രജീഷ്

കോഴിക്കോട്: വടകര ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി. സമയം വെള്ളിയാഴ്ച ഉച്ച 2.15. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. സന്തോഷ്കുമാറിന്‍െറ നേതൃത്വത്തില്‍ തടിമിടുക്കുള്ള പൊലീസ് വലയത്തിനുള്ളില്‍ രജീഷ് കോടതിയിലേക്ക്. കള്ളിഷര്‍ട്ടും മുണ്ടും മുഖംമൂടിയും വേഷം. പൊലീസ് പ്രതിക്കൂട്ടിലേക്ക് കയറ്റിയപ്പോള്‍ നിരവധി കൊലക്കേസുകളില്‍ പ്രതിയായ അയാള്‍ അനുസരണയുള്ള കുട്ടിയെപ്പോലെ കൂട്ടില്‍ ഒതുങ്ങിനിന്നു.
മജിസ്ട്രേറ്റ് തല ഉയര്‍ത്തി നോക്കി. ‘മുഖംമൂടി മാറ്റൂ, മുഖം കാണട്ടെ’ -കോടതി ബെഞ്ച് ക്ളര്‍ക്കിന്‍െറ നിര്‍ദേശം. പൊലീസുകാര്‍ ധിറുതിയില്‍ മുഖംമൂടി ഊരിമാറ്റി. ഒന്നും സംഭവിക്കാത്തതുപോലെ ഭാവമാറ്റമില്ലാതെ നില്‍ക്കുന്ന രജീഷിനെ അഭിഭാഷകരും കോടതിമുറിയില്‍ നിന്നിരുന്ന ഏതാനും പേരും നോക്കിക്കണ്ടു. ഒരാഴ്ചയായി ഉറങ്ങാത്തതിന്‍െറ ക്ഷീണം കണ്ണുകളില്‍. ‘എന്തെങ്കിലും പരാതിയുണ്ടോ’ -മജിസ്ട്രേറ്റിന്‍െറ ചോദ്യം. പൊലീസുകാരെ നോക്കിയതല്ലാതെ പ്രതി മറുപടി പറയുന്നില്ല. വീണ്ടും മജിസ്ട്രേറ്റിന്‍െറ ഉച്ചത്തിലുള്ള ചോദ്യം: ‘എന്തെങ്കിലും പരാതിയുണ്ടോ.’ പൊലീസുകാരെ വീണ്ടും നോക്കിയശേഷം നിസ്സംഗതയോടെ മറുപടി: ‘ഒന്നുമില്ല.’
റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മജിസ്ട്രേറ്റ് കുറിപ്പെഴുതുന്നു: ‘ജൂണ്‍ 22 വരെ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തയക്കുന്നു.’ ബെഞ്ച് ക്ളര്‍ക്ക് ഉത്തരവ് ഏറ്റുചൊല്ലി. വീണ്ടും മുഖംമൂടിയണിയിച്ച് പൊലീസ് സംഘം പ്രതിയുമായി പുറത്തേക്ക്.
കുടുംബകോടതി ഗേറ്റിലൂടെയാണ് പ്രതിയെ കോടതിഹാളിലത്തെിച്ചത്. ഉച്ചയായിട്ടും പരിസരം നിറഞ്ഞുകവിഞ്ഞ് ആള്‍ക്കൂട്ടം. ടാറ്റാ സുമോ വാനില്‍നിന്ന് പ്രതിയെ കോടതിയിലേക്ക് കൊണ്ടുവരവെ ആക്രോശവുമായി ജനക്കൂട്ടം പാഞ്ഞടുത്തു. ജനരോഷം ഭയന്നാവണം, മറ്റൊരു വഴിയെയാണ് ഇയാളെ കോടതിയില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോയത്.
കോടതിയില്‍ എത്തിക്കുംമുമ്പ് വടകര ജില്ലാ ആശുപത്രിയില്‍ അരമണിക്കൂര്‍ പ്രതിക്ക് വൈദ്യപരിശോധന നടത്തി. കൊലയാളിയെ കൊണ്ടുവരുമെന്നറിഞ്ഞ് രാവിലെ മുതല്‍ ആശുപത്രി പരിസരത്തും വന്‍ ജനക്കൂട്ടം. ഉച്ചക്ക് 12.25ന് ഡിവൈ.എസ്.പി ജോസി ചെറിയാന്‍െറ നേതൃത്വത്തില്‍ പ്രതിയുമായി പൊലീസ് സംഘമത്തെി. ഓടിക്കൂടിയ സ്ത്രീകളടക്കം കാഴ്ചക്കാര്‍ പൊലീസ് വാഹനം വളയവെ, ഏറെ പ്രയാസപ്പെട്ടാണ് പൊലീസ് ഇയാളെ ആശുപത്രിക്കുള്ളില്‍ എത്തിച്ചത്. പരിശോധനക്കിടെ മുഖംമൂടി ഊരുന്നത് ആരും കാമറയില്‍ പകര്‍ത്താതിരിക്കാന്‍ ഒ.പി മുറിയുടെ ജനല്‍ വലിച്ചടച്ച് പൊലീസ് കര്‍ട്ടനിട്ടു. അടച്ചിട്ട ജനലിനിടയിലൂടെ കൊലയാളിയെ കാണാന്‍ സ്ത്രീകള്‍ തിക്കിത്തിരക്കുന്നുണ്ടായിരുന്നു.
സുരക്ഷ കണക്കിലെടുത്ത് വടകര എസ്.പി ഓഫിസിനടുത്ത് അന്വേഷണ സംഘത്തിന്‍െറ ക്യാമ്പ് ഓഫിസിലാണ് വ്യാഴാഴ്ച മുതല്‍ പ്രതിയെ പാര്‍പ്പിച്ചത്. രാവിലെ ഏഴു മുതല്‍ മാധ്യമപ്പട ഇവിടെ തമ്പടിച്ചിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com