തൊടുപുഴ: അഞ്ചേരി ബേബിയെ വെടിവെച്ച് കൊല്ലുമ്പോള്‍, ഇപ്പോള്‍ നിരപരാധി ചമഞ്ഞ് പൊലീസിന് മൊഴികൊടുത്ത മോഹന്‍ദാസും സംഭവ സ്ഥലത്തുണ്ടായിരുന്നെന്ന് കേസിലെ ദൃക്സാക്ഷി. അഞ്ചേരി ബേബി കൊല്ലപ്പെട്ടത് ദിവസങ്ങള്‍ക്കുശേഷമാണ് താന്‍ അറിഞ്ഞതെന്നും എന്നാല്‍, സി.പി.എം നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് പ്രതിയായതെന്നുമുള്ള പാര്‍ട്ടി മുന്‍ ഏരിയാ സെക്രട്ടറി മോഹന്‍ദാസിന്‍െറ മൊഴി കളവാണെന്നാണ് കേസിലെ ദൃക്സാക്ഷിയും ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനുമായ മേലേ ചെമ്മണ്ണാര്‍ കാരാട്ടുകുടി നാരായണന്‍ വെളിപ്പെടുത്തുന്നത്. ബേബിയെ വെടിവെച്ച പനക്കല്‍ കുഞ്ഞൂഞ്ഞിനൊപ്പം സംഭവം നടക്കുമ്പോള്‍ മോഹന്‍ദാസിനെയും കണ്ടിരുന്നെന്നാണ് നാരായണന്‍െറ വെളിപ്പെടുത്തല്‍. വെടിയേറ്റ സമയത്ത് ബേബിയുടെ ഒപ്പമുണ്ടായിരുന്നയാളാണ് നാരായണന്‍.
‘ഞങ്ങള്‍ നടന്നുപോകവെ ചിതലയന്‍ എന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തി ടി.എം.ടീ എസ്റ്റേറ്റില്‍ തൊഴില്‍ തര്‍ക്കമുണ്ടെന്നും പരിഹരിച്ചിട്ട് പോകണമെന്നും പറഞ്ഞു. എസ്റ്റേറ്റില്‍ എത്തിയെങ്കിലും അവിടെ ആരുമുണ്ടായിരുന്നില്ല. അവിടെനിന്ന് മണത്തോടിന് ഏലത്തോട്ടത്തിലൂടെ നടക്കുമ്പോള്‍ തടിയൂര്‍പാറ ജോസ് മുന്നില്‍ ചാടിവീണ് ബോംബെറിഞ്ഞു. ബോംബ് പൊട്ടാതിരുന്നതിനത്തെുടര്‍ന്ന് മറുവശത്തുനിന്ന് തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. പനക്കല്‍ കുഞ്ഞൂഞ്ഞ് ഉതിര്‍ത്ത വെടി നെഞ്ചിലേറ്റാണ് ബേബി മരിച്ചതെന്ന് നാരായണന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
കുഞ്ഞൂഞ്ഞ്, മകന്‍ സുഗതന്‍, അന്നത്തെ സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മോഹന്‍ദാസ്, കോട്ടയം പ്രസാദ്, മൈക്കിള്‍ എന്നിവരെ ഞാന്‍ അവിടെ നേരില്‍ കണ്ടു’-നാരായണന്‍ പറഞ്ഞു. വെടിയേറ്റ ബേബിയെ താന്‍ തോളിലിട്ട് മണത്തോട്ടിലത്തെിച്ചു. അവിടെനിന്ന് ജീപ്പില്‍ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. തനിക്കും ബെന്നി ഇടുക്കാറിനും വെടിയേറ്റ് പരിക്ക് പറ്റിയിരുന്നു. വീണുകിടന്ന മരത്തിന്‍െറ മറവില്‍ കിടന്നാണ് കൂടെയുള്ളവര്‍ രക്ഷപ്പെട്ടതെന്നും നാരായണന്‍ ഓര്‍മിച്ചു.
ബേബി കൊല്ലപ്പെടുമ്പോള്‍ താന്‍ മാട്ടുത്താവളത്തെ എസ്റ്റേറ്റിലായിരുന്നെന്നും പിന്നീട് ആനപ്പാറയിലെ പാര്‍ട്ടി പ്രവര്‍ത്തകന്‍െറ വീട്ടിലത്തെിയപ്പോഴാണ് ബേബിയുടെ മരണം വെടിയേറ്റാണെന്നുപോലും അറിഞ്ഞതെന്നും കേസില്‍ രണ്ടാം പ്രതിയായിരുന്ന മുന്‍ ഏരിയാ സെക്രട്ടറി മോഹന്‍ദാസ് കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം മുമ്പാകെ മൊഴി നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍