ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍െറ ഭാര്യ ഡിംപ്ള്‍ യാദവ് എതിരില്ലാതെ ലോക്സഭയിലേക്ക്. യു.പിയില്‍ കനൗജ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എസ്.പി സ്ഥാനാര്‍ഥിയായ ഡിംപ്ളിനെതിരെ മത്സരിക്കേണ്ടെന്ന് മറ്റു പാര്‍ട്ടികളെല്ലാം തീരുമാനിക്കുകയായിരുന്നു. കനൗജില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടെന്ന് കോണ്‍ഗ്രസാണ് ആദ്യം തീരുമാനിച്ചത്. പിന്നാലെ, ബി.എസ്.പിയും ബി.ജെ.പിയും ഇതേ പ്രഖ്യാപനം നടത്തി. പിന്നീട് മത്സരരംഗത്ത് അവശേഷിച്ച പേരിന് മാത്രം മത്സരിക്കുന്ന ഒരു പാര്‍ട്ടി നേതാവും ഒരു സ്വതന്ത്രനും പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ മത്സരത്തില്‍നിന്ന് പിന്മാറി. ഇതോടെ, ഡിംപ്ള്‍ മാത്രമാണ് മത്സരത്തില്‍ അവശേഷിക്കുന്നതും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നും അഡീഷണല്‍ ഇലക്ടറല്‍ ഓഫിസര്‍ രമേശ് ചന്ദ് പറഞ്ഞു.
അഖിലേഷ് യാദവ് യു.പി മുഖ്യമന്ത്രിയായപ്പോള്‍ എം.പി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് കനൗജ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 35കാരിയായ ഡിംപ്ള്‍ യാദവിന് ഇത് തെരഞ്ഞെടുപ്പ് ഗോദയില്‍ രണ്ടാമങ്കമാണ്. കന്നിയങ്കം 2009ല്‍ യു.പിയിലെ ഫിറോസാബാദ് ലോക്സഭാ മണ്ഡലത്തിലായിരുന്നു. കനൗജിലും ഫിറോസാബാദിലും മത്സരിച്ച് ജയിച്ച അഖിലേഷ് യാദവ് ഫിറോസാബാദ് സീറ്റ് ഒഴിഞ്ഞപ്പോള്‍ ഡിംപ്ളിന് നല്‍കുകയായിരുന്നു. എന്നാല്‍, ഭര്‍ത്താവ് വലിയവിജയം നേടിയേടത്ത് ഭാര്യ പച്ചതൊട്ടില്ല. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച മുന്‍ എസ്.പി നേതാവ് രാജ് ബബ്ബാറിന് മുന്നില്‍ ഡിംപ്ള്‍ തോറ്റു. രണ്ടാമങ്കത്തില്‍ എല്ലാ പാര്‍ട്ടികളുടെയും പിന്തുണയില്‍ എതിരില്ലാതെ ജയിച്ചതിന്‍െറ തിളക്കവുമായാണ് ഭര്‍ത്താവിന്‍െറ അച്ഛന്‍ മുലായം കാരണവരായുള്ള ലോക്സഭയിലേക്ക് ഡിംപ്ള്‍ വരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍