12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

പൊലീസില്‍ മുസ്ലിം ഇന്‍സ്പെക്ടര്‍മാര്‍

പൊലീസില്‍ മുസ്ലിം ഇന്‍സ്പെക്ടര്‍മാര്‍

ഇന്ത്യയിലെ അമ്പതു വര്‍ഷത്തെ മുസ്ലിം സ്ഥിതിയെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച സച്ചാര്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകളില്‍ ക്രമസമാധാനം നിയന്ത്രിക്കുന്ന ഒരു മുസ്ലിം സബ്ഇന്‍സ്പെക്ടറെയെങ്കിലും നിയമിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയുണ്ടായി. കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയ ഈ നിര്‍ദേശം ജൂണ്‍ അവസാനത്തോടെ നടപ്പാക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇതേവരെ കേരളം ഉള്‍പ്പെടെയുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയില്ലെന്നാണ് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയത്. രണ്ട് കാരണങ്ങളാലായിരുന്നു സച്ചാര്‍ കമ്മിറ്റിയുടെ ശിപാര്‍ശ. ഒന്ന്, മുസ്ലിം, ന്യൂനപക്ഷം പൊതുവെ അനുഭവിക്കുന്ന അരക്ഷിതബോധം കണക്കിലെടുത്ത് അവരില്‍ വിശ്വാസം ജനിപ്പിക്കല്‍. രണ്ട്, പൊലീസ് സേനയിലെ ദയനീയമായ മുസ്ലിം പ്രാതിനിധ്യം. ഒരുവേള രണ്ടിന്റെയും പരിഹാരമെന്ന നിലയിലാവും കേന്ദ്ര ആഭ്യന്തരവകുപ്പ് മുസ്ലിംകള്‍ ഗണ്യമായി താമസിക്കുന്ന മേഖലയിലെ പൊലീസ് സ്റ്റേഷനുകളില്‍ ഒരു എസ്.ഐ എങ്കിലും മുസ്ലിം ആയിരിക്കണമെന്ന് നിര്‍ദേശിച്ചത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടുതന്നെ പാടെ നിരാകരിച്ച ബി.ജെ.പി നിയന്ത്രിത സംസ്ഥാനങ്ങളിലെ സര്‍ക്കാറുകള്‍ സ്വാഭാവികമായും ഈ നിര്‍ദേശം പരിഗണിക്കുകയില്ല. മാത്രമല്ല, തുറന്നെതിര്‍ക്കുകയും ചെയ്തിരിക്കുന്നു. ബി.ജെ.പി ഇതര സര്‍ക്കാറുകള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങള്‍ തന്നെ കേന്ദ്ര നിര്‍ദേശത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നത് സച്ചാര്‍കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കുന്നതിനോട് പൊതുവെ രാജ്യത്ത് നിലനില്‍ക്കുന്ന തണുത്ത പ്രതികരണത്തിന്റെ പ്രതിഫലനമായി കാണണം. കേന്ദ്രസര്‍ക്കാര്‍ ഉറച്ച നിലപാടെടുത്ത് ശക്തിയായി ആവശ്യം മുന്നോട്ടുവെച്ചാല്‍ മതേതര സംസ്ഥാന സര്‍ക്കാറുകളെങ്കിലും ഒരളവോളം അനുകൂലമായി പ്രതികരിച്ചെന്നുവരും. വിശിഷ്യാ ഇപ്പോള്‍തന്നെ താരതമ്യേന മെച്ചപ്പെട്ട മുസ്ലിം പ്രാതിനിധ്യമുള്ള കേരള പൊലീസിന്റെ കാര്യത്തില്‍ കേരള സര്‍ക്കാറിന്റെ റിപ്പോര്‍ട്ട് വൈകുക മാത്രമാവാം സംഭവിച്ചത്. അഥവാ ഇന്‍സ്പെക്ടര്‍ തസ്തികയില്‍ വേണ്ടത്ര മുസ്ലിം പ്രാതിനിധ്യം ഇല്ലെങ്കില്‍ അവ പരിഹരിക്കാനുള്ള സത്വര നടപടികള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. മുസ്ലിം പിന്തുണയോടെ സമാജ്വാദി പാര്‍ട്ടി അധികാരത്തിലേറിയ യു.പി, തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമബംഗാള്‍, കോണ്‍ഗ്രസ്-എന്‍.സി.പി കൂട്ടുകക്ഷി ഭരണത്തിലുള്ള മഹാരാഷ്ട്ര, കോണ്‍ഗ്രസ് ഭരിക്കുന്ന അസം മുതലായ സംസ്ഥാനങ്ങളില്‍ കേന്ദ്രനിര്‍ദേശം നടപ്പാക്കാന്‍ ഇച്ഛാശക്തിയുണ്ടെങ്കില്‍ അനുകൂല സാഹചര്യമാണുള്ളത്.
പക്ഷേ, കൂടുതല്‍ ശ്രദ്ധേയമായ ഒരു മറുവശം ഈ പ്രശ്നത്തിനുണ്ട്. സച്ചാര്‍ കമ്മിറ്റി വളരെയേറെ ഊന്നിപ്പറഞ്ഞത് മുസ്ലിം ന്യൂനപക്ഷത്തിന്റെ അരക്ഷിതബോധത്തെയും അത് അവരുടെ സമഗ്ര പുരോഗതിയെ പ്രതികൂലമായി ബാധിക്കുന്നതിനെയും കുറിച്ചാണ്. തീവ്രവാദത്തിന്റെയും ഭീകരതയുടെയും പേരില്‍ അകാരണമായി സംശയിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്ന ദുരവസ്ഥയാണ് കമ്മിറ്റി ചൂണ്ടിക്കാണിച്ചത്. ഇക്കാര്യത്തില്‍ പൊലീസ് സേനയുടെ പങ്ക് റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കടുത്ത മുന്‍വിധി, വര്‍ഗീയ ഫാഷിസ്റ്റ് പ്രചാരണങ്ങളുടെ സ്വാധീനം, മാധ്യമങ്ങളുടെ പക്ഷപാതപരമായ സമീപനം എന്നിവയെല്ലാം ചേര്‍ന്ന് രാജ്യവ്യാപകമായി പൊലീസ് സേനയില്‍ ഗണ്യമായൊരു വിഭാഗത്തിന്റെ മനസ്സ് മലിനമാക്കിയിട്ടുണ്ടെന്ന സത്യം നിഷേധിച്ചിട്ട് കാര്യമില്ല. 2002ലെ ഗുജറാത്ത് കലാപത്തില്‍ ഉള്‍പ്പെടെ ഇതഃപര്യന്തം ഇന്ത്യയില്‍ നടന്ന ന്യൂനപക്ഷ വിരുദ്ധ കലാപങ്ങളിലെല്ലാം നിശിതമായി വിമര്‍ശിക്കപ്പെട്ടതാണ് പൊലീസിന്റെ പങ്കാളിത്തം അല്ലെങ്കില്‍ നിഷ്ക്രിയത്വം. ഏതാണ്ടെല്ലാ അന്വേഷണ കമീഷനുകളും ഈ വസ്തുത സ്ഥിരീകരിച്ചിട്ടുമുണ്ട്. ബിഹാറിലെ മിലിട്ടറി പൊലീസ്, യു.പിയിലെ പി.എ.സി പോലുള്ള വ്യൂഹങ്ങള്‍ ഈ രംഗത്ത് കുപ്രസിദ്ധിതന്നെ നേടിയിട്ടുണ്ട്. ഇപ്പോള്‍ തീവ്രവാദ സ്വഭാവമുള്ള കേസ് അന്വേഷണത്തിന് പ്രത്യേകമായി രൂപവത്കരിക്കപ്പെട്ട എന്‍.ഐ.എയും കേന്ദ്ര ഇന്റലിജന്‍സ് എന്നിവപോലും വിമര്‍ശിക്കപ്പെടുന്നുണ്ട്. ഒരു പ്രദേശത്ത് മുസ്ലിം പൊലീസ് ഓഫിസര്‍മാരെ നിയോഗിക്കപ്പെട്ടതുകൊണ്ടുമാത്രം പരിഹരിക്കപ്പെടാവുന്നതല്ല ആഴത്തിലുള്ള ഈ രോഗം. നിലവിലെ സാഹചര്യങ്ങളില്‍ നാമമാത്ര മുസ്ലിം പൊലീസുദ്യോഗസ്ഥര്‍ തന്നെയും ജോലിയെക്കുറിച്ച ഉത്കണ്ഠ നിമിത്തം പൊതുധാരയില്‍നിന്ന് മാറിചിന്തിക്കാന്‍ ധൈര്യപ്പെടില്ല. ചിലരെങ്കിലും രാജാവിനേക്കാള്‍ കവിഞ്ഞ രാജഭക്തി കാണിക്കേണ്ടിവന്ന അനുഭവവുമുണ്ട്.
അപ്പോള്‍ പരിഹാരം സുരക്ഷാസേനയുടെയും അന്വേഷണ ഏജന്‍സികളുടെയും മനോഭാവത്തില്‍ കാതലായ മാറ്റം വരുത്തുകയാണ്. മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയുടെ ചൈതന്യം മര്‍മപ്രധാനമായ പൊലീസ് സേനയെ ബോധ്യപ്പെടുത്താന്‍ നടപടികളുണ്ടാവണം. വര്‍ഗീയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ റിക്രൂട്ട് ചെയ്യാതിരിക്കുകയാണ് ഒന്നാമതായി വേണ്ടത്. റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ക്ക് കായിക പരിശീലനത്തോടൊപ്പം മാനവിക ധാര്‍മിക ബോധവത്കരണവും പരിശീലനത്തിന്റെ ഭാഗമായി നടക്കണം. എല്ലാം നടന്നാലും ഭരിക്കുന്ന സര്‍ക്കാറുകളുടെ നിലപാടും മനോഭാവവുമാണ് പരമപ്രധാനം. പൊലീസ് സ്വന്തമായി നയം രൂപവത്കരിക്കുകയോ നടപ്പാക്കുകയോ ചെയ്യുന്നില്ല. വര്‍ഗീയ കലാപങ്ങള്‍ നിത്യസംഭവമായിരുന്ന ബോംബെയില്‍ അന്നത്തെ സംസ്ഥാന പ്രധാനമന്ത്രി (മുഖ്യമന്ത്രി) മൊറാര്‍ജി ദേശായി മുഖംനോക്കാതെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് ഉത്തരവ് നല്‍കിയതോടെ കലാപം നിശ്ശേഷം ഒതുങ്ങിയത് ചരിത്രമാണ്. ഇങ്ങിവിടെ കേരളത്തിലും പൊട്ടിപ്പുറപ്പെട്ട പൂവാര്‍-വിഴിഞ്ഞം കലാപം പെട്ടെന്നമര്‍ത്താന്‍ കഴിഞ്ഞതും അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്റെ ഉരുക്കുമുഷ്ടി പ്രയോഗം മൂലമാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വേദവാക്യമായി എടുക്കാതെ തുറന്ന മനസ്സോടെയും നിശ്ചയദാര്‍ഢ്യത്തോടെയും പൊലീസിനെ പ്രവര്‍ത്തിപ്പിക്കാന്‍ ആഭ്യന്തരമന്ത്രിമാര്‍ക്ക് കഴിഞ്ഞാലേ എല്ലാവിഭാഗം ജനങ്ങളിലും വിശ്വാസം ജനിപ്പിക്കാനാവൂ.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com