Sat, 06/09/2012 - 00:48 ( 49 weeks 1 dayago)
ഇന്ന് അര്‍ജന്റീന x ബ്രസീല്‍ പോരാട്ടം
ഈസ്റ്റ് റൂഥര്‍ഫോര്‍ഡ് (യു.എസ്.എ): കളി ഫുട്ബാളും എതിരാളികള്‍ അര്‍ജന്റീനയും ബ്രസീലും ആകുമ്പോള്‍ കളത്തില്‍ സൗഹൃദ ചിന്തകള്‍ക്കൊന്നും സ്ഥാനമില്ല. സൗഹൃദ മത്സരമാണെങ്കില്‍പോലും അതിരുകളില്ലാത്ത വാശിയും വീറും മാറ്റുരക്കുന്ന ലാറ്റിനമേരിക്കന്‍ കരുത്തരുടെ പോരാട്ടം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും കവര്‍ന്നെടുക്കുന്നത് പതിവാണ്. യൂറോകപ്പിന്റെ ആവേശത്തള്ളിച്ചക്കിടയിലും ആധുനിക ഫുട്ബാളിന്റെ ആകാംക്ഷക്ക് അരങ്ങൊരുക്കി ഇന്ന് ബ്രസീല്‍- അര്‍ജന്റീനാ പോരാട്ടം. നിഷ്പക്ഷ വേദിയായ അമേരിക്കയിലെ ന്യൂജഴ്സിയില്‍ ഈസ്റ്റ് റൂഥര്‍ഫോര്‍ഡിലുള്ള മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12.30 മുതലാണ് ലയണല്‍ മെസ്സിക്കും സംഘത്തിനുമെതിരെ നെയ്മറും കൂട്ടരും കൊമ്പുകോര്‍ക്കാനിറങ്ങുന്നത്.
ലണ്ടന്‍ ഒളിമ്പിക്സിനു മുന്നോടിയായി യുവരക്തത്തിന് മുന്‍തൂക്കമുള്ള തങ്ങളുടെ ദേശീയ ടീമിന് മതിയായ പരിശീലനമൊരുക്കുകയെന്ന ലക്ഷ്യവുമായാണ് മഞ്ഞപ്പട അയല്‍ക്കാരായ അര്‍ജന്റീനയെ എതിരിടുന്നത്. ലോക ഫുട്ബാളറായ മെസ്സിയുടെ നായകത്വത്തില്‍ കളത്തിലിറങ്ങുന്ന അര്‍ജന്റീനയാവട്ടെ, ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കിടെ പരിശീലനം ലക്ഷ്യമിട്ടാണ് ബദ്ധവൈരികളെ നേരിടുന്നത്.
തോല്‍വി ബ്രസീലിന് എന്നും അചിന്ത്യമാണ്. അര്‍ജന്റീനക്കെതിരെയെങ്കില്‍ അതിന്റെ അളവ് കൂടുതലാണു താനും. അര്‍ജന്റീനക്കും കാര്യങ്ങള്‍ അതുപോലെതന്നെ. 92 തവണ രാജ്യാന്തര ഫുട്ബാളില്‍ ഇരുനിരയും നേര്‍ക്കുനേര്‍ അണിനിരന്നപ്പോള്‍ ജയം പോലും ഒപ്പത്തിനൊപ്പമാണ്- 34 തവണ വീതം. 24 കളികളില്‍ ഇരുനിരയും സമനിലയില്‍ പിരിഞ്ഞു. എന്നാല്‍, കഴിഞ്ഞ എട്ടു മത്സരങ്ങളില്‍ ബ്രസീലിനെതിരെ ഒന്നില്‍ മാത്രമാണ് അര്‍ജന്റീനക്ക് ജയിക്കാനായത്. അഞ്ചു തവണ ജയം മഞ്ഞപ്പടക്കൊപ്പമായിരുന്നു.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ എക്വഡോറിനെ 4-0ത്തിന് തകര്‍ത്താണ് അര്‍ജന്റീന അമേരിക്കയിലെത്തിയിട്ടുള്ളത്. മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ കഴിഞ്ഞയാഴ്ച മെക്സികോയോട് 2-0ത്തിന് തോറ്റതിനു പിന്നാലെയാണ് ബ്രസീല്‍ ശനിയാഴ്ച കളത്തിലിറങ്ങുന്നത്. ഒളിമ്പിക്സിനു മുമ്പ് ബ്രസീല്‍ ടീമിന്റെ അവസാന സന്നാഹ മത്സരം കൂടിയാണിത്. വിശ്വമാമാങ്കം മുന്‍നിര്‍ത്തി 23 വയസ്സില്‍ താഴെയുള്ള കളിക്കാര്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ബ്രസീല്‍ ഈയിടെ കളത്തിലിറങ്ങുന്നത്. എങ്കിലും നെയ്മര്‍, ഹള്‍ക്, ഡാനിലോ, മാര്‍സലോ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ടീമിന് കരുത്തൊട്ടും കുറവല്ല. പരിക്കുകാരണം ക്യാപ്റ്റന്‍ തിയാഗോ സില്‍വ കളിച്ചേക്കില്ല.
മെസ്സി, സെര്‍ജിയോ അഗ്യൂറോ, ഏയ്ഞ്ചല്‍ ഡി മരിയ, ഗോണ്‍സാലോ ഹിഗ്വെയ്ന്‍ എന്നിവര്‍ ഉള്‍പ്പെട്ട അര്‍ജന്റീനാ മുന്‍നിരക്ക് മൂര്‍ച്ചയേറെയാണ്. ക്ളബിനു വേണ്ടി കാഴ്ചവെക്കുന്ന മികവ് ദേശീയ ടീമിനുവേണ്ടി പുറത്തെടുക്കുന്നില്ലെന്ന വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് അര്‍ജന്റീനാ ജഴ്സിയില്‍ മെസ്സി ഈയിടെയായി പുറത്തെടുക്കുന്നത്. യാവിയര്‍ മഷറാനോ, ഫെര്‍ണാണ്ടോ ഗാഗോ, മാക്സി റോഡ്രിഗ്വസ് എന്നിവരുള്‍പ്പെട്ട മധ്യനിരയെയാകും കോച്ച് അലയാന്ദ്രോ സെബല്ല വിന്യസിക്കുക. ലോകത്തെ ഏറ്റവും മികച്ച കളിക്കാരനെതിരെയാണ് തങ്ങള്‍ ശനിയാഴ്ച ബൂട്ടണിയുന്നതെന്നു പറഞ്ഞ ബ്രസീല്‍ കോച്ച് മാനോ മെനസെസ് വ്യക്തിപരമായി ഏറെ പ്രതിഭാധനനാണ് അര്‍ജന്റീനക്കാരനെന്നും കൂട്ടിച്ചേര്‍ത്തു.
സാധ്യതാ ടീമുകള്‍
അര്‍ജന്റീന: ഓറിയോണ്‍, സബലേറ്റ, ഗരായ്, മഷറാനോ, ഫെര്‍ണാണ്ടസ്, റോഡ്രിഗ്വസ്, സാല്‍വിയോ, ഗാഗോ, ഡി മരിയ, അഗ്യൂറോ, മെസ്സി.
ബ്രസീല്‍: റാഫേല്‍, ഡാനിലോ, യുവാന്‍, ബ്രൂണോ ഉവിനി, മാര്‍സലോ, റൊമുലോ, സാന്‍ഡ്രോ, ഹള്‍ക്, ഓസ്കാര്‍, നെയ്മര്‍, ലിയാന്ദ്രോ ഡാമിയാവോ.
നിങ്ങളുടെ അഭിപ്രായങ്ങള്‍