Sat, 06/09/2012 - 00:40 ( 49 weeks 5 daysago)
സംഭവബഹുലം; സമനിലത്തുടക്കം
(+)(-) Font Size
സംഭവബഹുലം; സമനിലത്തുടക്കം
പോളണ്ട് 1, ഗ്രീസ് 1

സ്വന്തം മണ്ണിലെ പോരാട്ടവേദിയില്‍ അലറി വിളിക്കുന്ന പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ആവേശജയത്തിലേക്ക് വല കുലുക്കാന്‍ പോളണ്ടിന് കഴിഞ്ഞില്ല. യൂറോ കപ്പില്‍ സംഭവ ബഹുലമായ ഉദ്ഘാടന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ഗ്രീസ് 1-1ന് പോളിഷ് വീര്യത്തെ പിടിച്ചുകെട്ടി. ഇരു ടീമും ചുവപ്പുകാര്‍ഡ് കണ്ട മത്സരത്തില്‍ പെനാല്‍റ്റി പാഴാക്കിയിരുന്നില്ലെങ്കില്‍ വിജയം തന്നെ യവന സംഘത്തിന് സ്വന്തമായേനേ. 17ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്റോവ്സ്കിയിലൂടെ മുന്നിലെത്തിയ പോളണ്ടിനെതിരെ സബ്സ്റ്റിറ്റ്യൂട്ട് ദിമിത്രിസ് സാല്‍പിംഗിഡിസാണ് ഗ്രീസിന്റെ സമനിലഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ മധ്യത്തില്‍ ഗ്രീക്കുകാര്‍ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റികിക്ക് ക്യാപ്റ്റന്‍ ഗിയോര്‍ജിയോസ് കരാഗൂണിസ് തൊടുത്തത് ആതിഥേയരുടെ പകരക്കാരന്‍ ഗോളി പ്രെസമിസ്ലാവ് ടൈറ്റണ്‍ തട്ടിയകറ്റി. ആളെണ്ണം കുറഞ്ഞിട്ടും ഒരുമയോടെ പടനയിച്ച ഗ്രീസ് അര്‍ഹിച്ച സമനിലയാണ് പൊരുതി നേടിയത്.
അത്യാകര്‍ഷകവും ഹൃദ്യവുമായ ഉദ്ഘാടന ചടങ്ങിനെ തുടര്‍ന്ന് ആരംഭിച്ച പതിനാലാമത് യൂറോകപ്പിന്റെ ആദ്യ മത്സരത്തില്‍, ആതിഥേയരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി. റോബര്‍ട്ട് ലവ്ന്റോവ്സ്കി പതിനേഴാം മിനിറ്റില്‍ മനോഹരമായ ഹെഡര്‍ഗോളോടെ ഗാലറിയെ ആവേശത്തിലാഴ്ത്തി.
സ്പെയിന്‍കാരന്‍ കര്‍ബലോ നിയന്ത്രിച്ച മത്സരത്തിലെ ആദ്യ മുന്നേറ്റം ഗ്രീസിന്റെ ഗേക്കാസിലിന്റെ വകയായിരുന്നു. സംഘടിതമായിരുന്നെങ്കിലും പോളിഷ് ഗോള്‍മുഖത്ത് ആദ്യമുന്നേറ്റം അപകടം വിതച്ചില്ല.
നാലാം മിനിറ്റുവരെ ആതിഥേയരെ നിഷ്പ്രഭരാക്കിയ പ്രകടനമായിരുന്നു കരഗോണിനും സോക്രട്ടീസും കൂടി നടത്തിയത്. പതിനൊന്നാം മിനിറ്റില്‍ ലവ്ന്റോസ്കിയും ആദ്രിയാന്‍ മിസറേവ്സ്കിയും ചേര്‍ന്നു നടത്തിയ മനോഹര മുന്നേറ്റം കടുത്ത ഇടപെടലോടെ സോക്രട്ടീസ് തടഞ്ഞപ്പോഴേ ഗ്രീക്ക് ടീമിന്റെ അപകടകരമായ ഡിഫന്‍സിവ് ഗെയിമിന് തെളിവായി.
പതിനേഴാം മിനിറ്റില്‍ നായകന്‍ ക്യൂബ, യാക്കൂബ് ബാലോസരോസ് കിക്ക് മറിച്ചുകൊടുത്ത പന്ത് ഗോള്‍പോസ്റ്റില്‍ പതിനാല് മീറ്റര്‍ മുന്നില്‍നിന്ന് ലവ്ന്റോവ്സ്കി തലയില്‍ സ്വീകരിച്ച് അതേ ശക്തിയില്‍ മുന്നോട്ടു തള്ളിയപ്പോള്‍ ഗ്രീക്ക് ഗോളിക്ക് ഇടതുവശത്തേക്ക് ചാടാനേ കഴിഞ്ഞുള്ളൂ. പ്രവചനങ്ങള്‍ അതുപടി യാഥാര്‍ഥ്യമാക്കി പോളണ്ടിന്റെയും ലവ്ന്റോവ്സ്കിയുടെയും പതിനാലാമത് യൂറോകപ്പിലെയും പ്രഥമ ഗോളിലേക്ക് പന്തു പാഞ്ഞുകയറി. ഗോള്‍ കുടുങ്ങിയതോടെ ഗ്രീക്ക് വീര്യംചോര്‍ന്നുവെന്ന് കരുതിയവരെ അതിശയിപ്പിച്ച് ഒത്തിണക്കത്തോടെ കംഗോങ്സും ഹോളേബാസും ഗേക്കാസും കൂടി പോളിഷ് ഗോള്‍മുഖത്ത് അപകടഭീതി സൃഷ്ടിച്ചു മുന്നേറി. 19ാം മിനിറ്റില്‍ ലവ്ന്റോവ്സ്കിയെ അനാവശ്യമായി ഫൗള്‍ചെയ്ത് ടൂര്‍ണമെന്റിലെ ആദ്യ മഞ്ഞക്കാര്‍ഡ് നേടിയെടുത്ത സോക്രട്ടീസ്, ഒന്നാംപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഗുരുതരമായ ഫൗള്‍ ആവര്‍ത്തിച്ച് തന്റെ മഞ്ഞക്കാര്‍ഡ് ചുവപ്പാക്കിമാറ്റി.
പത്തു പേരില്‍ ഒതുങ്ങി രണ്ടാം പകുതിയിലിറങ്ങിയ ഗ്രീക്ക് താരങ്ങള്‍ അശേഷം സങ്കോചം കൂടാതെയാണ് പോളണ്ട് നിരകളിലേക്കിരച്ചുകയറിയത്. എല്ലാം 'മുന്നേറ്റങ്ങള്‍ക്കായി' മാറ്റിവെച്ച് കോച്ച് ഫെര്‍ണാണ്ടോ സാന്റോസ്, ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ സോക്രട്ടീസിന് പകരം ഡിഫന്റര്‍ക്ക്അവസരം നല്‍കുന്നതിനുപകരം ആക്രമണകാരിയായ ദി മിത്രീസ് സാല്‍പെംഗ ഡീസിനെയാണ് രംഗത്തിറക്കിയത്. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ സാല്‍പെംഗഡീസ്, പോളണ്ട് ഡിഫന്‍സില്‍ അശാന്തിയുടെ അലകള്‍ സൃഷ്ടിച്ചു. 50ാം മിനിറ്റില്‍ ഗേക്കാസ്-സമാരസ്-സാല്‍പിംഗിഡിസ് ത്രയത്തിന്റെ സംയുക്ത മുന്നേറ്റത്തിനിടയില്‍ പെനാല്‍റ്റി ബോക്സിന് മുന്നിലെത്തിയ പകരക്കാരന്‍ സാല്‍പെംഗഡീസ് അവിശ്വസനീയ വേഗത്തില്‍ പന്തുതട്ടി സെസിനിയുടെ വലയിലെത്തിച്ചു. ആള്‍ബലത്തില്‍ പിന്നിലായിട്ടും ആവേശോജ്ജ്വല മുന്നേറ്റങ്ങളായിരുന്നു 2004 ജേതാക്കളില്‍നിന്നുണ്ടായത്. 67ാം മിനിറ്റില്‍ സാല്‍പെംഗഡീസിനെ വീഴ്ത്തിയതിന് പോളിഷ് ഗോളി സെസീനി ചുകപ്പുകാര്‍ഡ് കണ്ട് പുറത്തായി. തുടര്‍ന്നാണ് പെനാല്‍റ്റി തടഞ്ഞ് ടൈറ്റണ്‍ രക്ഷക്കെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus