കൈറോ: വിപ്ലവാനന്തര ഈജിപ്തില്‍ പുതിയ ഭരണഘടനാ നിര്‍മാണത്തെച്ചൊല്ലിയുണ്ടായ ആശയക്കുഴപ്പങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമായി. ഭരണഘടനാ നിര്‍മാണ സമിതിയിലെ പ്രാതിനിധ്യത്തെക്കുറിച്ച് രാജ്യത്തെ വിവിധ പാര്‍ട്ടികളുമായും സ്ഥാപനങ്ങളുമായും നിലവിലെ സൈനിക ഭരണകൂടം (എസ്. സി.എ.എഫ്) ധാരണയിലെത്തിയതോടെയാണ് ഇതു സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കപ്പെട്ടത്.
നേരത്തെ, രാജ്യത്തെ ഓരോ വിഭാഗത്തിനും അര്‍ഹമായ പ്രാതിനിധ്യം കിട്ടിയില്ലെന്നാരോപിച്ച വിവിധ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഭരണഘടനാ നിര്‍മാണ സമിതിയെ പിരിച്ചു വിടുകയായിരുന്നു.
ഇപ്പോഴത്തെ ധാരണയനുസരിച്ച്, നൂറംഗ സമിതിയില്‍ 39 പേര്‍ പാര്‍ലമെന്റംഗങ്ങളായിരിക്കും. ഇതില്‍തന്നെ, പാര്‍ലമെന്റിലെ അംഗബലത്തിനനുസരിച്ചാവും ഓരോ പാര്‍ട്ടിക്കും പ്രാതിനിധ്യം ലഭിക്കുക. ഇതനുസരിച്ച് ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിക്ക് 16ഉം സലഫി പാര്‍ട്ടിയായ അല്‍ നൂറിന് എഴും സീറ്റുമാണ് ലഭിക്കുക. ആറ് സീറ്റ് ജഡ്ജിമാര്‍ക്കും ഒമ്പതെണ്ണം രാജ്യത്തെ നിയമ വിദഗ്ധര്‍ക്കൂം 13എണ്ണം യൂനിയനുകള്‍ക്കും നീക്കിവെച്ചിട്ടുണ്ട്.
കൈറോയിലെ അല്‍അസ്ഹര്‍ സര്‍വകലാശാലക്ക് അഞ്ചും കോപ്ടിക് ഓര്‍ത്തഡോക്സ് ചര്‍ച്ചിന് നാലും സീറ്റുകള്‍ മാറ്റിവെച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഭരണഘടനാ നിര്‍മാണ സമിതിയിലേക്കുള്ള പാര്‍ലമെന്റ് അംഗങ്ങളെ തെരഞ്ഞെടുക്കുക. എസ്. സി.എ.എഫ് തലവന്‍ മാര്‍ഷല്‍ തന്‍താവിയുടെ നേതൃത്വത്തിലുള്ള സംഘം രാജ്യത്തെ 22 പാര്‍ട്ടികളുമായി നടത്തിയ 48 മണിക്കൂര്‍ ചര്‍ച്ചക്കൊടുവിലാണ് ഭരണഘടനാ നിര്‍മാണ പ്രതിസന്ധിക്ക് പരിഹാരം കണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍