12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

ഒഞ്ചിയത്ത് സംഭവിക്കുന്നത്; കേരളത്തിലും

2008 മുതല്‍ ഒഞ്ചിയത്ത് പ്രവര്‍ത്തിച്ചു തുടങ്ങിയ റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ടി.പി. ചന്ദ്രശേഖരനെ സി.പി.എം ആസൂത്രിതമായി കൊലപ്പെടുത്തി എന്ന വാര്‍ത്ത കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നടുക്കം സൃഷ്ടിച്ചത് സ്വാഭാവികമാണ്. സി.പി.എമ്മില്‍നിന്നു പുറത്തിറങ്ങിയ ടി.പി. ചന്ദ്രശേഖരന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ബദല്‍വഴികളാണ് തിരഞ്ഞത്. സാധാരണഗതിയില്‍ കേരളത്തിലെ മുന്നണിരാഷ്ട്രീയത്തില്‍ പതിവില്ലാത്ത ഒന്നായിരുന്നു ഇത്. സി.പി.എം വിട്ടാല്‍ യു.ഡി.എഫ് പാളയത്തിലെത്തുക എന്ന പതിവുരീതി തിരുത്തിക്കുറിച്ചതിന് നല്‍കേണ്ടിവന്ന വിലകൂടിയാണ് ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം. വലത്തോട്ടു പോയിരുന്നെങ്കില്‍ സി.പി.എം നേതൃത്വത്തിനുപോലും ചന്ദ്രശേഖരന്‍ സ്വീകാര്യനാവുമായിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ രൂപവത്കരിച്ച റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയവീക്ഷണമാണ് സി.പി.എമ്മിനെ അലോസരപ്പെടുത്തിയത്.
റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും തുടര്‍ന്ന് രൂപപ്പെട്ട ഇടതുപക്ഷ ഏകോപന സമിതിയും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച ബദല്‍ രാഷ്ട്രീയം ഇരുമുന്നണികളുടെയും ഇടയില്‍ ചുവടുറപ്പിച്ചുനിന്ന് ജനകീയ രാഷ്ട്രീയത്തിന്റെ പുതിയപാത വെട്ടിത്തുറക്കുന്നതിലാണ് ഊന്നിയത്. അതുകൊണ്ടാണ് സി.പി.എം വിട്ടശേഷം റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ച് ടി.പി. ചന്ദ്രശേഖരനുള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ പോരാട്ടത്തിന്റെ ദിശ നിശ്ചയിച്ചത്. ഇടതുപക്ഷ ഏകോപന സമിതിയായി വികസിച്ച ഈ സംവിധാനം അഖിലേന്ത്യാടിസ്ഥാനത്തില്‍ സി.പി.ഐ-എം.എല്‍ ലിബറേഷന്‍, പഞ്ചാബിലെ സി.പി.എം പഞ്ചാബ്, മഹാരാഷ്ട്രയിലെ ലാല്‍ നിഷാന്‍ ലെനിനിസ്റ്റ് പാര്‍ട്ടി, പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ് കേന്ദ്രമായ റെവലൂഷനറി കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്) തുടങ്ങിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പൊതുവേദിയായി മാറി.
21ാം നൂറ്റാണ്ടില്‍ ലോകത്തെങ്ങും ഉയര്‍ന്നുവരുന്ന ജനകീയ മുന്നേറ്റങ്ങളുടെ ഊര്‍ജം സ്വാംശീകരിച്ച് പുതിയ രാഷ്ട്രീയപാത നിശ്ചയിക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ പുറത്തിറങ്ങിയ നേതാവാണ് ടി.പി. ചന്ദ്രശേഖരന്‍. ആര്‍.എം.പി കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ കേരള രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച ചലനങ്ങളാണ് ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിനുശേഷം ഉയര്‍ന്നുവന്ന ജനകീയ വികാരത്തിന്റെ അടിത്തറ. സി.പി.എം നേതൃത്വം നല്‍കുന്ന ഫാഷിസ്റ്റ് മുഖമുള്ള രാഷ്ട്രീയ സംവിധാനത്തിനെതിരെ കേരളത്തില്‍ ഉയര്‍ന്നുവന്ന ജനകീയവികാരം പുതിയൊരു അനുഭവമാണ്. അതുകൊണ്ടാണ് കേരളത്തില്‍ ആദ്യമായി കൊലചെയ്യപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകനല്ല ടി.പി എന്ന സി.പി.എം നേതൃത്വത്തിന്റെ നിലവിളി പുറത്തുവരുന്നത്. തീര്‍ച്ചയായും കേരളത്തില്‍ കൊലചെയ്യപ്പെടുന്ന അവസാനത്തെ രാഷ്ട്രീയ പ്രവര്‍ത്തകനാവണം ടി.പി. ചന്ദ്രശേഖരന്‍ എന്ന ജനകീയവികാരത്തെ ഓരോരുത്തരും നെഞ്ചേറ്റേണ്ടതുണ്ട്.
സി.പി.എമ്മില്‍ കഴിഞ്ഞ ഒന്നരദശാബ്ദത്തിലേറെ ആളിക്കത്തിയ ആശയ സമരത്തിന്റെ വികാസമാണ് ഒഞ്ചിയത്ത് രൂപപ്പെട്ട റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി. സി.പി.എം നേതൃത്വത്തിന്റെ അഴിമതിക്കും നയവ്യതിയാനങ്ങള്‍ക്കുമെതിരെ വിവിധ തലങ്ങളില്‍ വര്‍ഷങ്ങളായി നടന്നുകൊണ്ടിരുന്ന ആശയപ്പോരാട്ടത്തിന്റെ സ്വാഭാവികഫലമായിരുന്നു ആര്‍.എം.പിയുടെ രൂപവത്കരണം. കൂട്ടത്തോടെ പാര്‍ട്ടി അംഗങ്ങളും അനുഭാവികളും പാര്‍ട്ടിക്കു പുറത്തേക്കൊഴുകി. സി.പി.എം നേതൃത്വത്തിന്റെ പ്രലോഭനങ്ങളോ ഭീഷണികളോ ഒന്നും വിലപ്പോയില്ല. തുടര്‍ന്നാണ് റെവലൂഷനറി പ്രവര്‍ത്തകര്‍ക്കെതിരെ കായികമായ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ സി.പി.എം ആസൂത്രിതമായി തീരുമാനിച്ചത്.
കഴിഞ്ഞ എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്താണ് ഒഞ്ചിയത്ത് റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി പിറവിയെടുത്തത്. തുടര്‍ന്നുള്ള നാളുകളില്‍ അതിഭീകരമായ വേട്ടയാടലിനാണ് റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി വിധേയമായത്.
നിരവധി തവണ ടി.പി. ചന്ദ്രശേഖരനെ ലക്ഷ്യമിട്ട് വധശ്രമമുണ്ടായി. റെവലൂഷനറിയുടെ യുവജന വിഭാഗം നേതാക്കളായ പി. ജയരാജന്‍, കെ.കെ. ജയന്‍ എന്നിവര്‍ക്ക് ഗുരുതരമായി വെട്ടേറ്റു. റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കളായ അഴിയൂരിലെ അബ്ദുല്‍ ഖാദര്‍, മുയിപ്രയിലെ ദാമോദരന്‍, കുന്നുമ്മക്കരയിലെ ടി.പി. ബാലന്‍ തുടങ്ങിയവരെ മാരകമായി വെട്ടിപ്പരിക്കേല്‍പിച്ചു. ആര്‍.എം.പിയുടെ ഏരിയാ സമ്മേളന പതാകജാഥ 2012 ഫെബ്രുവരി 19ന് നാദാപുരം റോഡില്‍ ആക്രമിക്കപ്പെട്ടു. 50ലേറെ പേര്‍ക്കാണ് ഈ സംഭവത്തില്‍ പരിക്കേറ്റത്. ഇതിന്റെ തുടര്‍ച്ചയായാണ് മേയ് നാലിന് രാത്രി ടി.പി. ചന്ദ്രശേഖരനെ സി.പി.എമ്മിന്റെ ക്രിമിനല്‍സംഘം വെട്ടിക്കൊന്നത്. സി.പി.എമ്മിനെതിരെ നിലപാടെടുത്തതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരും കള്ളക്കേസില്‍ കുടുങ്ങിയവരും ഗള്‍ഫ് യാത്ര മുടങ്ങിയവരുമൊക്കെ ഒഞ്ചിയത്തുണ്ട്.
കണ്ണൂര്‍ ജില്ലയിലെ സി.പി.എമ്മിന്റെ ഉന്നത നേതൃത്വം നേരിട്ടു നിയന്ത്രിക്കുന്ന കൊലയാളിസംഘങ്ങള്‍ പള്ളൂരില്‍നിന്നും ചൊക്ളിയില്‍നിന്നും തലശ്ശേരിയില്‍നിന്നുമൊക്കെ ബോംബും വടിവാളുകളും സംഭരിച്ച് ഒഞ്ചിയത്ത് ആക്രമണം നടത്തി തിരിച്ചുപോവുന്ന അവസ്ഥയാണ് കഴിഞ്ഞ നാലുവര്‍ഷവും ഉണ്ടായത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ രൂക്ഷമായ ആക്രമണ പരമ്പരകളും കൊലപാതകശ്രമങ്ങളും ഉണ്ടായിട്ടും പൊലീസ് അക്രമികള്‍ക്കെതിരെ ചെറുവിരല്‍പോലും അനക്കിയിട്ടില്ല. ഒഞ്ചിയം മേഖലയിലെ പൊലീസ് സ്റ്റേഷനുകളുടെ നിയന്ത്രണംപോലും സി.പി.എം അംഗത്വമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഏല്‍പിക്കുകയാണ് ഫലത്തില്‍ സംഭവിച്ചത്. കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തി കടന്ന് ഒഞ്ചിയത്തെത്തി ആക്രമണം നടത്തി മടങ്ങുന്ന ക്വട്ടേഷന്‍ സംഘങ്ങളുടെ വാഹനങ്ങള്‍ പരിശോധിക്കാനോ കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാനോ ഒന്നും പൊലീസ് തയാറായില്ല. ഇതിനൊക്കെ നല്‍കേണ്ടിവന്ന വിലയാണ് ചന്ദ്രശേഖരന്റെ വിലപ്പെട്ട ജീവന്‍.
ടി.പി. ചന്ദ്രശേഖരന്‍ രക്തസാക്ഷിയായതിനുശേഷം കേരളീയ സമൂഹത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന അതിശക്തമായ ജനവികാരം കേരളത്തിലെ എല്ലാ പാര്‍ട്ടികളിലെയും നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. കൊലപാതകം സംഘടിപ്പിച്ച് എതിര്‍രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന ശൈലി പാരമ്പര്യമായി കൊണ്ടുനടക്കുന്ന കണ്ണൂരിലെ സി.പി.എം നേതാക്കളില്‍ ചിലര്‍ക്ക് ഇതൊക്കെ വലിയ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. കേരള രാഷ്ട്രീയത്തിലെ കുപ്രസിദ്ധമായ കണ്ണൂര്‍ ശൈലിക്കെതിരെയാണ് ജനവികാരം ഉയര്‍ന്നുവന്നിട്ടുള്ളത്.
പാര്‍ട്ടി നേതൃത്വം കൊലപാതകം തീരുമാനിക്കുകയും പാര്‍ട്ടിയുടെ കൊലയാളി സംഘം അവ നടപ്പാക്കുകയും കേസുമായി ബന്ധമില്ലാത്തവരെ പ്രതികളാക്കി യഥാര്‍ഥ കൊലയാളികളെ സംരക്ഷിക്കുകയും ചെയ്യുന്ന രീതിയാണ് കണ്ണൂരില്‍ എക്കാലത്തും നടക്കുന്നത്. ഇതിന്റെ മികച്ച ദൃഷ്ടാന്തമാണ് യുവമോര്‍ച്ച സംസ്ഥാന നേതാവ് ജയകൃഷ്ണന്‍ മാസ്റ്ററുടെയും എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിന്റെയും കൊലപാതകം. ജയകൃഷ്ണന്‍ മാസ്റ്ററുടെ വധക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട അഞ്ചുപേരും നിരപരാധികളായിരുന്നു എന്ന് പിന്നീട് സി.പി.എം പരസ്യപ്രഖ്യാപനം നടത്തിയിരുന്നു. സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയിരുന്നില്ലെങ്കില്‍ നിരപരാധികള്‍ തൂക്കിലേറ്റപ്പെട്ടേനേ. പക്ഷേ, യഥാര്‍ഥ കൊലയാളികള്‍ ആരാണ് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. ഫസലിന്റെ കൊലപാതകികള്‍ ആര്‍.എസ്.എസുകാരാണ് എന്നു പ്രചരിപ്പിച്ച സി.പി.എം നേതൃത്വം ഇപ്പോള്‍ സി.ബി.ഐ അന്വേഷണത്തിന്റെ ഫലമായി യഥാര്‍ഥ പ്രതികള്‍ കണ്ടെത്തപ്പെട്ടതോടെ പ്രതിരോധത്തിലാണ്. സി.ബി.ഐക്ക് തങ്ങളുടെ നേതാക്കളെ കൈമാറുന്ന പ്രശ്നമില്ലെന്നാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ നിയമവ്യവസ്ഥയോടുള്ള പരസ്യമായ വെല്ലുവിളിയാണിത്.
രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെങ്കില്‍ രാഷ്ട്രീയ നേതൃത്വം ജനാധിപത്യപരമായ പ്രവര്‍ത്തനശൈലിയില്‍ ഉറച്ചുനില്‍ക്കേണ്ടതുണ്ട്. എതിരാളികളെ ആശയപരമായി നേരിടുന്നതിനു പകരം കായികമായി നേരിടുന്ന സമീപനം കേരളത്തില്‍ വളര്‍ത്തിയെടുത്തതില്‍ സി.പി.എമ്മിനും ആര്‍.എസ്.എസിനും തുല്യപങ്കാളിത്തമുണ്ട്.
ഈ തെറ്റായ പ്രവര്‍ത്തനശൈലി തിരുത്താന്‍ ഇരു പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിനും ബാധ്യതയുണ്ട്. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം എന്നു വീമ്പടിക്കുന്ന സി.പി.എമ്മിന് സമീപകാലത്ത് സംഭവിച്ച ഫാഷിസ്റ്റ് ശൈലിയിലേക്കുള്ള വഴിമാറ്റമാണ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനിടയാക്കിയത്. ഈ നിഷ്ഠുരമായ കൊലപാതകത്തിനുശേഷവും പിണറായി വിജയന്‍ നടത്തിയ 'കുലംകുത്തി' പ്രയോഗവും മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുത്താനുള്ള ആസൂത്രിത നീക്കങ്ങളും പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതുമൊക്കെ ചേര്‍ത്തുവായിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയാല്‍ റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷ ഏകോപനസമിതിയും തകരും എന്ന സി.പി.എം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍ തകര്‍ക്കുന്ന വിധത്തിലുള്ള ജനമുന്നേറ്റമാണ് ഇപ്പോള്‍ കേരളത്തിലുണ്ടായത്. സി.പി.എമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തെപ്പോലും ടി.പി വധം സ്വാധീനിച്ചിരിക്കുന്നു. എല്ലാ ജനാധിപത്യ വിശ്വാസികളിലും കൊലപാതക രാഷ്ട്രീയത്തിനും സി.പി.എമ്മിന്റെ ഫാഷിസ്റ്റ് നിലപാടുകള്‍ക്കുമെതിരെ പ്രതിഷേധം രൂപപ്പെട്ടിരിക്കുന്നു.
രാഷ്ട്രീയ എതിരാളികളെ കൊലചെയ്യുന്ന സംസ്കാരത്തിനെതിരെ വിശാലമായ ഒരു ബഹുജന പ്രസ്ഥാനം കേരളത്തില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇടതുപക്ഷ ഉള്ളടക്കമുള്ള ഇത്തരമൊരു പ്രസ്ഥാനത്തിന് നേതൃത്വം നല്‍കാനാണ് റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടികൂടി ഉള്‍പ്പെട്ട ഇടതുപക്ഷ ഏകോപനസമിതി തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായ ആശയപ്രചാരണങ്ങള്‍ കേരളത്തിലാകെ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങള്‍ പാടില്ല എന്ന താക്കീത് സി.പി.എം അടക്കമുള്ള പാര്‍ട്ടികള്‍ക്ക് നല്‍കാന്‍ കേരളീയര്‍ ഒത്തൊരുമിച്ച് രംഗത്തിറങ്ങേണ്ട സന്ദര്‍ഭമാണിത്. ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന്റെ മുന്നറിയിപ്പും മറ്റൊന്നല്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com