ന്യൂദല്‍ഹി: ഇസ്രായേല്‍ എംബസി കാര്‍ ആക്രമണ കേസില്‍ പ്രമുഖ ഉര്‍ദു പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് അഹ്മദ് കാസ്മിയുടെ വിചാരണ തടവ് നീട്ടിയ റിമാന്‍ഡ് ഉത്തരവില്‍ ജഡ്ജിയുടെ കൈയൊപ്പില്ലെന്ന് മേല്‍കോടതി കണ്ടെത്തി. കാസ്മി ജയിലിലായ ശേഷം നടത്തിയ അന്വേഷണത്തിന്റെ മുഴുവന്‍ ഫയലുകളും വെള്ളിയാഴ്ച പരിശോധിച്ചപ്പോഴാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്.എസ് രതി ഇക്കാര്യം കണ്ടെത്തിയത്.
അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് വിലയിരുത്തിയ മേല്‍കോടതി ദല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലിന് അന്വേഷണ കാലയളവ് നീട്ടിക്കൊടുക്കുകയും ചെയ്തു. തടവ് നീട്ടിയതിനെതിരെ കാസ്മി സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് അന്വേഷണത്തിന്റെ മുഴുവന്‍ ഫയലുകളും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്. വെള്ളിയാഴ്ച രേഖകള്‍ പരിശോധിച്ച മേല്‍കോടതി റിമാന്‍ഡ് ഉത്തരവില്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് വിനോദ് യാദവിന്റെ കൈയൊപ്പില്ലെന്ന് കണ്ടെത്തുകയും ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
റിമാന്‍ഡ് അപേക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ കാസ്മിക്ക് കൈമാറാതെയാണ് വിചാരണ കോടതി ജയില്‍വാസം നീട്ടിയതെന്ന് കാസ്മിയുടെ അഭിഭാഷകന്‍ മഹ്മൂദ് പ്രാച ബോധിപ്പിച്ചിരുന്നു. റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് കാസ്മിയുടെ അഭിഭാഷകന് നല്‍കാതെ എങ്ങനെയാണ് അദ്ദേഹത്തിന് പ്രൊസിക്യൂഷന്‍ ഉന്നയിച്ച വാദത്തെ എതിര്‍ക്കാന്‍ കഴിയുകയെന്ന് ചോദിച്ച മേല്‍കോടതി അന്വേഷണത്തിന് കൂടുതല്‍ സുതാര്യത വേണമെന്ന് ദല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലിനോട് ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പലതും നഷ്ടപ്പെട്ടതായി അഡീഷനല്‍ സെഷന്‍സ് ജഡ്ജി നേരത്തേ കണ്ടെത്തിയിരുന്നു. കാസ്മിയെ 20 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ ആദ്യമായി വിട്ടുകൊടുത്ത് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് പുറപ്പെടുവിച്ച വിധി വളരെ മോശമായ കൈപ്പടയില്‍ എഴുതിയുണ്ടാക്കിയതാണെന്നും നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസ് ജൂലൈ മൂന്നിന് കോടതി വീണ്ടും പരിഗണിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍