ന്യൂദല്‍ഹി: മുന്‍കരസേനാ മേധാവി ജനറല്‍ വി.കെ.സിങ്ങിനെ മാനനഷ്ടക്കേസില്‍ 'പ്രതിയായി' വിളിപ്പിക്കാന്‍ ദല്‍ഹി കോടതി ഉത്തരവിട്ടു. മുന്‍ ലഫ്റ്റനന്റ് ജനറല്‍ തേജീന്ദര്‍ സിങ് നല്‍കിയ മാനനഷ്ടക്കേസിലാണ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ജേ തെരേജ, സിങ്ങിനെ കോടതി കയറ്റാന്‍ ഉത്തരവിട്ടത്. അതേസമയം, സിങ്ങിനെതിരെ ഉന്നയിച്ച ക്രിമിനല്‍ ഗൂഢാലോചനക്ക് എന്തെങ്കിലും തെളിവ് ഹാജരാക്കാന്‍ തേജീന്ദര്‍ സിങ്ങിന് കഴിയാത്തതിനാല്‍ അത്തരമൊരു ആരോപണം കോടതി ഒഴിവാക്കി.
ജനറല്‍ വി.കെ.സിങ്ങിന് പുറമെ എതിര്‍ കക്ഷികളാക്കിയ കരസേനയുടെ ഉപമേധാവി എസ്.കെ.സിങ്, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരായ ലഫ്റ്റനന്റ് ജനറല്‍ ബി.എസ്. താക്കൂര്‍, മേജര്‍ ജനറല്‍ എസ്.എല്‍.നരസിംഹന്‍, ലഫ്റ്റനന്റ് കേണല്‍ ഹിറ്റന്‍ സ്വാനെ എന്നിവരെയും കോടതി വിളിപ്പിച്ചിട്ടുണ്ട്. കരസേനാ മേധാവി ജനറല്‍ സിങ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പ് തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് ഹരജിയില്‍ തേജീന്ദര്‍ ബോധിപ്പിച്ചിരിക്കുന്നത്.
തനിക്ക് മാനഹാനി വരുത്താന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ലെന്നിരിക്കേ ഇത്തരമൊരു വാര്‍ത്താകുറിപ്പ് പുറത്തിറക്കാനും അവര്‍ക്ക് അധികാരമില്ല.
അതിനാല്‍, സൈനിക ഉദ്യോഗസ്ഥരുടെ നടപടി നിയമവിരുദ്ധമാണെന്നും ഇതിലൂടെ ഔദ്യോഗിക പദവിയെയും അധികാരത്തെയുമാണ് നിന്ദിച്ചതെന്നും തേജീന്ദറിന്റ അഭിഭാഷകന്‍ വാദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍