കാസര്‍കോട്: ബാവിക്കരയിലെ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി കാസര്‍കോട്ടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ മന്ത്രിസഭാ യോഗത്തില്‍ ധാരണയായതായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്.
റഗുലേറ്റര്‍ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ സര്‍ക്കാറിന്‍െറ അനുമതിക്കായി കാക്കുകയാണെന്നും ഇനിയും വൈകിയാല്‍ ജില്ലയില്‍ ഉപ്പുവെള്ള പ്രശ്നം രൂക്ഷമാകുമെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടിയിരുന്നു.ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിന് 8.20 കോടി രൂപക്കാണ് ഭരണാനുമതി നല്‍കിയത്. ഇതനുസരിച്ച് കഴിഞ്ഞവര്‍ഷം ജനുവരി അഞ്ചിന് സൂപ്രണ്ടിങ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ടെന്‍ഡര്‍ വിളിച്ചു. എന്നാല്‍, ടെന്‍ഡര്‍ ഏറ്റെടുത്ത കരാറുകാരന്‍ 82 ശതമാനം അധിക തുകയാണ് ക്വാട്ട് ചെയ്തത്. ഈ ടെന്‍ഡര്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തത് കാരണമാണ് നിര്‍മാണം വൈകുന്നത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ വിഷയം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന നിലപാടാണ് എല്ലാ മന്ത്രിമാരും സ്വീകരിച്ചതെന്ന് എം.എല്‍.എ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍