Fri, 06/08/2012 - 09:32 ( 50 weeks 20 hoursago)
നീരാളി, ആന, പശു, പന്നി, കീരി... യൂറോയിലും 'പ്രവചന മത്സരം'
വാഴ്സോ: കഴിഞ്ഞ ലോകകപ്പിലെ പ്രവചനക്കാരന്‍ പോള്‍ നീരാളിയെ ആരും മറന്നിട്ടില്ല. മിക്കവാറും എല്ലാ മത്സരങ്ങളും കൃത്യമായി പ്രവചിച്ച നീരാളിയുടെ പാത പിന്തുടര്‍ന്ന് പിന്നീട് പലരും വന്നു. പോള്‍ ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും മറ്റൊരു നീരാളി, രണ്ട് ആനകള്‍, പന്നി, പശു, കീരി, ലാമ തുടങ്ങിയ ജീവികള്‍ യൂറോകപ്പ് രംഗം കീഴടക്കിക്കഴിഞ്ഞു.
ഹോളണ്ടുകാരിയായ കുട്ടിയാന നെല്ലിയുടെ പ്രവചനരീതി ഇതിനകം ശ്രദ്ധനേടിയിട്ടുണ്ട്. കാല്‍പ്പന്തുകളിയിലൂടെയാണിത്. അടുത്തടുത്ത് രണ്ട് ഗോള്‍ പോസ്റ്റുകള്‍ സ്ഥാപിച്ച് അതില്‍ ഇരു ടീമിന്റെയും കൊടികള്‍ നാട്ടും. മധ്യത്തിലായി പന്ത് വെക്കും. ഏതു പോസ്റ്റിലേക്ക് നെല്ലി ഗോളടിക്കുന്നുവോ ആ ടീം ജയിക്കും. പോര്‍ചുഗലിനെ ജര്‍മനി തോല്‍പിക്കുമെന്നാണ് നെല്ലിയുടെ പ്രവചനം. പോളണ്ടിലെ ക്രാകോ മൃഗശാലയിലെ സിറ്റ എന്ന ആന വെള്ളിയാഴ്ചത്തെ ഉദ്ഘാടന മത്സരം പ്രവചിച്ചിട്ടുണ്ട്. ഗ്രീസിനെതിരെ പോളണ്ട് വെന്നിക്കൊടി നാട്ടുമെന്നാണ് സിറ്റയുടെ പക്ഷം. പോളിഷ് പതാകക്കുമേല്‍ വെച്ച മാങ്ങ എടുത്താണ് പ്രവചനം നടത്തിയത്. തന്റെ 'എതിരാളികളായ' കഴുതയെയും തത്തയെയും തോല്‍പിച്ച് സിറ്റ ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സി ചാമ്പ്യന്മാരാവുമെന്ന് കൃത്യമായി പ്രവചിച്ചിരുന്നു.
പോളണ്ടിനെക്കൂടാതെ സഹ ആതിഥേയരായ യുക്രെയ്ന്‍ സൈക്കിക് പിഗ് എന്നറിയപ്പെടുന്ന പന്നിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ബിയര്‍ കുടിക്കല്‍ പ്രധാന വിനോദമാക്കിയ പന്നി, ഏതു പാത്രത്തില്‍നിന്നുള്ള ഭക്ഷണമാണ് തിരഞ്ഞെടുക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് പ്രവചനം.
പോളിനെപ്പോലെ ജര്‍മനായ നീരാളിയാണ് പോളസ്. എന്നാല്‍, അത് പോര്‍ട്ടോയിലെ പോര്‍ചുഗീസ് അക്വേറിയത്തിലാണ് കഴിയുന്നത്. ആഫ്രിക്കയില്‍ കാണപ്പെടുന്ന ഒട്ടക വര്‍ഗത്തില്‍പ്പെട്ട ജീവിയായ ലാമ ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സി ജയിക്കുമെന്ന പ്രവചനം നടത്തിയിരുന്നു. യുക്രെയ്നിലെ ഖാര്‍കീവില്‍ നിന്നുള്ള കീരിയായ ഫ്രെഡും യൂറോ കപ്പിനുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍