കാന്‍സര്‍ അനുദിനം പെരുകിവരുന്ന മാരകരോഗമാണ്. ജീവിതശൈലി രോഗമെന്നും പുകയില ഉപയോഗം കൊണ്ടുണ്ടാകുന്നതെന്നും പാരിസ്ഥിതിക കാരണങ്ങളാല്‍ ബാധിക്കുന്നതെന്നും അതേപ്പറ്റി പറയാറുണ്ട്. ലോകത്തിന്‍െറ നാനാ ഭാഗങ്ങളിലുള്ള മെഡിക്കല്‍ ലാബുകളില്‍, കാന്‍സറിനെ കീഴ്പ്പെടുത്താന്‍പറ്റുമോ എന്നതിനുള്ള പരീക്ഷണാന്വേഷണങ്ങള്‍ അനുസ്യൂതം നടക്കുന്നു. വൈദ്യശാസ്ത്രവും ചികിത്സാരീതികളും ഏറെ പുരോഗമിച്ചിട്ടും, ലോകത്ത് മരണത്തിനു കാരണമാകുന്ന ഏറ്റവും വലിയ രോഗം ഇന്നും കാന്‍സര്‍ തന്നെയാണെന്നത് അസ്വസ്ഥതയുണ്ടാക്കുന്ന സത്യമാണ്. ലോകത്ത് സംഭവിക്കുന്ന ഓരോ എട്ട് മരണങ്ങളിലും ഒന്ന് കാന്‍സര്‍ മൂലമാണെന്നും ഓരോ വര്‍ഷവും എട്ട് ദശലക്ഷത്തോളമാളുകള്‍ ഇങ്ങനെ മരിക്കുന്നുവെന്നും കണക്കുകള്‍ പറയുന്നു. ഇന്ത്യയില്‍ പ്രതിവര്‍ഷം ഏഴു ലക്ഷം പുതിയ കാന്‍സര്‍ കേസുകളാണുണ്ടാകുന്നത്. 2011-ല്‍ 5.14 ലക്ഷമാളുകള്‍ ഈ മാരകരോഗത്തിന് കീഴടങ്ങിയെന്ന് ഒൗദ്യോഗിക രേഖകള്‍ പറയുന്നു. കേരളത്തില്‍ ഓരോ വര്‍ഷവും 35,000ലധികം പുതിയ കാന്‍സര്‍ രോഗികള്‍ ഉണ്ടാകുന്നു, പത്തുലക്ഷം പേരില്‍ 913 പുരുഷന്മാരും 974 സ്ത്രീകളും കാന്‍സര്‍ രോഗികളാണ് എന്നീ കണക്കുകള്‍ ആരെയും ഞെട്ടിക്കും.
പേടിപ്പെടുത്തുന്ന കണക്കുകളുടെ കാര്‍മേഘങ്ങള്‍ക്കിടയിലും പ്രതീക്ഷയുടെ തിരിനാളമായി ഒരുകാര്യം കാണാനുണ്ട് -കാന്‍സര്‍ ബാധിച്ചാല്‍ പിന്നെ രക്ഷയില്ളെന്ന സങ്കല്‍പം മാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ പത്തുമുപ്പത് വര്‍ഷമായി കാന്‍സര്‍ രോഗികളെ കാണുന്നൊരാളാണ് ഞാന്‍. അവരില്‍ ചിലരുടെ ജീവിതപ്രതീക്ഷകള്‍ പൊഴിഞ്ഞുപോകുന്നതും പലരുടെയും ജീവിതത്തിന് പുതിയ പ്രതീക്ഷകളുടെ മുകുളങ്ങള്‍ തളിര്‍ക്കുന്നതും ഞാന്‍ നോക്കിനിന്നിട്ടുണ്ട്. പ്രാര്‍ഥനാനിരതമായി ലോകം കാത്തിരിക്കുന്നത് കാന്‍സറിനെ പൂര്‍ണമായും കീഴ്പ്പെടുത്താന്‍ വൈദ്യശാസ്ത്രത്തിന് കഴിയുന്നൊരു ദിവസം പുലരുന്നതിനുവേണ്ടിയാണ്.
ഓരോ ദിവസവും വടക്കുനിന്ന് തിരുവനന്തപുരത്തത്തെുന്ന തീവണ്ടികളില്‍ വന്നിറങ്ങുന്ന യാത്രക്കാരില്‍ ഒട്ടേറെ കാന്‍സര്‍ രോഗികളുണ്ടാകും. തിരുവനന്തപുരം റെയില്‍വേ പ്ളാറ്റ്ഫോമില്‍നിന്ന് അവര്‍ ഒറ്റക്കും കൂട്ടമായും പോകുന്ന രംഗം അത്യന്തം വേദനയോടെ നോക്കിക്കാണുന്നു. അമ്മയുടെ ചുമലില്‍ തളര്‍ന്നുറങ്ങുന്ന കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമേറിയവര്‍വരെ അക്കൂട്ടത്തിലുണ്ട്. ജീവിതത്തിന്‍െറ പുതിയ സ്വപ്നങ്ങള്‍ നെയ്തെടുക്കേണ്ട കൗമാരപ്രായത്തിലുള്ളവര്‍ വിഷാദഭാവവുമായി മെല്ളെ നടന്നുനീങ്ങുന്നത് നാം നിത്യനേ കണ്ടുകൊണ്ടിരിക്കുന്നതാണ്. സമ്പാദ്യം മുഴുവന്‍ ചെലവഴിച്ച് ചികിത്സിച്ചിട്ടും മരണത്തിന്‍െറ കൂടെ പോകുന്ന എത്രയോ പേരുണ്ട്. ഒരിക്കലും മാറില്ളെന്നു കരുതിയ രോഗം ഭേദപ്പെട്ട് പുനര്‍ജന്മം പോലെ പുതിയ ജീവിതത്തിലേക്ക് മടങ്ങുന്നവരുമുണ്ട്. ചികിത്സക്കാവശ്യമായിവരുന്ന ഭാരിച്ച ചെലവുകള്‍ വഹിക്കാന്‍ കഴിയാതെ രോഗക്കിടക്കയില്‍ മരണത്തെയും പ്രതീക്ഷിച്ചുകിടക്കുന്നവരുമുണ്ട്. ഇവര്‍ക്കു ലഭിക്കുന്ന ഒരു ചെറിയ സഹായംപോലും വലിയ ആശ്വാസമായിരിക്കും.
ഈ സാഹചര്യം കണക്കിലെടുത്താണ് തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററിനടുത്ത് സി.എച്ച് മുഹമ്മദ് കോയയുടെ നാമധേയത്തില്‍ കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനുള്ള ഒരു കേന്ദ്രം ഞങ്ങള്‍ ആരംഭിച്ചത്. പരിമിത സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചു തുടങ്ങിയ സി.എച്ച് സെന്‍റര്‍, അവിടെ വരുന്ന ഒരു രോഗിയെയും സൗകര്യമില്ളെന്നു പറഞ്ഞ് മടക്കിയയക്കാന്‍ ഇടവരാത്ത വിധം സര്‍വശക്തന്‍െറ അനുഗ്രഹത്തോടെ വളര്‍ന്നുവലുതായിരിക്കുന്നു. അതിന്‍െറ ഉദ്ഘാടനമാണ് ഇന്ന്.
തിരുവനന്തപുരം ആര്‍.സി.സിയിലത്തെുന്ന നന്നേ പാവപ്പെട്ട രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ഞങ്ങളിവിടെ താമസ സൗകര്യവും ഭക്ഷണവും നല്‍കുന്നു. മരുന്നു വാങ്ങാന്‍ കഴിയുന്നത്ര സാമ്പത്തിക സഹായം ചെയ്യുന്നു. ആശുപത്രിയില്‍ പോയിവരാനും റെയില്‍വേ സ്റ്റേഷനില്‍നിന്നു വരാനും തിരിച്ചുപോകാനും ഗതാഗതസൗകര്യം ലഭ്യമാക്കുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ രക്തം ആവശ്യമായി വരുന്നവര്‍ക്ക് അതിനുള്ള ഏര്‍പ്പാടും ചെയ്യുന്നുണ്ട്. റമദാന്‍ മാസത്തില്‍ ഈ സ്ഥാപനത്തിലെയും മെഡിക്കല്‍ കോളജ്, ആര്‍.സി.സി, ശ്രീചിത്ര തുടങ്ങിയ ആശുപത്രികളിലെയും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും തിരുവനന്തപുരത്തെ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം നോമ്പുതുറക്കാനും അത്താഴത്തിനുമുള്ള സൗകര്യങ്ങളും ഞങ്ങള്‍ ചെയ്തുപോരുന്നു.
അഞ്ചുനിലകളുള്ള കെട്ടിടത്തിന്‍െറ നിര്‍മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേകം ഡോര്‍മിറ്ററികളും പ്രാര്‍ഥനാ സൗകര്യങ്ങളുമുണ്ട്. ഇതിനുപുറമെ പ്രത്യേകം താമസിക്കേണ്ടിവരുന്ന രോഗികള്‍ക്ക് മുപ്പതോളം ക്യൂബിക്കുകളും മുകളിലുള്ള രണ്ട് നിലകളില്‍ പ്രത്യേക മുറികളുമുണ്ട്. കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി, അത്യാധുനിക രീതിയിലുള്ള കിച്ചണ്‍, ഡൈനിങ് ഹാള്‍ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.
കക്ഷി രാഷ്ട്രീയ സംഘടനാ വേര്‍തിരിവുകളും ജാതി-സമുദായ വിവേചനവുമെല്ലാം രൂക്ഷമായ കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍, രോഗത്തിന് അടിപ്പെടുന്നതോടെ എല്ലാ വിവേചനങ്ങളും അവസാനിക്കുകയും ‘രോഗികള്‍’ എന്ന വിശേഷണത്തിനു കീഴില്‍, തുല്യദുഃഖിതരായി ആളുകള്‍ ഒന്നിക്കുകയും ചെയ്യന്നു. ദൈവം ആയുസ്സുനല്‍കിയത്രയും കാലം വിഷമങ്ങളില്ലാതെ ജീവിക്കാന്‍ കഴിയണേ എന്ന പ്രാര്‍ഥന മാത്രമാവും അപ്പോള്‍. ഇങ്ങനെ വിവരണാതീതമായ മാനസികാവസ്ഥയില്‍, പ്രതീക്ഷകള്‍ക്കും ആശങ്കകള്‍ക്കും നടുവില്‍ ജീവിക്കുന്നവരുടെ ഒത്തുചേരലാണ് സി.എച്ച് സെന്‍റര്‍. ഇവിടെ രൂപപ്പെടുന്നത് വേദനിക്കുന്നവന്‍െറ വേര്‍തിരിവില്ലാത്ത ഒത്തുചേരലാണ്.
സാഹചര്യങ്ങള്‍ മനുഷ്യനില്‍ ഒരുതരം അഹംബോധം സൃഷ്ടിക്കാനുള്ള സാധ്യത വലുതാണ്. സ്ഥാനമാനങ്ങളും കുടുംബ മഹിമയും ആള്‍ബലവും അധികാരവുമൊക്കെ ഒൗന്നത്യത്തിന്‍െറയും സുരക്ഷിതത്വത്തിന്‍െറയും മിഥ്യാബോധം നമ്മിലുണ്ടാക്കുന്നു. എന്നാല്‍, സ്വന്തം നിയന്ത്രണങ്ങളിലല്ലാത്ത കാര്യങ്ങള്‍ക്കു മുന്നില്‍ മനുഷ്യന്‍ എത്ര നിസ്സഹായനെന്ന് ബോധ്യപ്പെടുന്നത് രോഗിയാകുമ്പോഴും രോഗികള്‍ക്കൊപ്പം നില്‍ക്കുമ്പോഴുമാണ്. രോഗികളെ കാണുമ്പോഴും അവരെ പരിചരിക്കുമ്പോഴും മനസ്സുകള്‍ ലോലമാവുകയും നമ്മിലെ അഹംബോധത്തിന്‍െറ നീര്‍ക്കുമിളകള്‍ ഉടയുകയും ചെയ്യുന്നു. ‘ആരെങ്കിലും രോഗിയെ സന്ദര്‍ശിക്കുന്നതിനായി നടന്നുപോയാല്‍, അവന്‍ സ്വര്‍ഗത്തിലൂടെയാണ് നടക്കുന്നത്. ഇരുന്നാല്‍ അവനുമേല്‍ അനുഗ്രഹം വര്‍ഷിക്കുകയും ചെയ്യുന്നു. അവന്‍ രാവിലെയാണ് പോകുന്നതെങ്കില്‍ വൈകുന്നേരംവരെ എഴുപതിനായിരം മാലാഖമാര്‍ അവനുവേണ്ടി പ്രാര്‍ഥിക്കുന്നു. വൈകുന്നേരമാണെങ്കില്‍ എഴുപതിനായിരം മാലാഖമാര്‍ രാവിലെ വരെയും പ്രാര്‍ഥിക്കുന്നു...’ എന്ന നബിവചനത്തിന്‍െറ പൊരുള്‍ മനസ്സിലാകണമെങ്കില്‍ നാം ഇടക്കിടെ രോഗികളെ സന്ദര്‍ശിച്ചുകൊണ്ടിരിക്കണം.
തനിക്ക് ആരുടെയും സഹായം ആവശ്യമില്ളെന്നും സ്വാശ്രയനായി ജീവിക്കാന്‍ കഴിയുമെന്നും പലരും പ്രഖ്യാപിക്കാറുണ്ട്. ജീവിതത്തെപ്പറ്റി അറിയുന്ന ആര്‍ക്കാണ് അങ്ങനെ പ്രഖ്യാപിക്കാന്‍ കഴിയുക? പ്രതീക്ഷിക്കാത്ത തിരിച്ചടികള്‍ നേരിടുമ്പോള്‍ ആരെങ്കിലുമൊന്ന് സഹായിച്ചിരുന്നെങ്കില്‍ എന്ന് നാം ആഗ്രഹിച്ചുപോകും. രോഗം അടിച്ചേല്‍പിക്കുന്ന നിസ്സഹായതയില്‍ വേദനിക്കുന്നവര്‍ക്ക് ആശ്രയം നല്‍കാന്‍, അവരുടെ വേദനയില്‍ പങ്കുചേരാന്‍, അല്‍പമെങ്കിലും സുരക്ഷിതത്വബോധവും സമാധാനവും നല്‍കാന്‍ കഴിഞ്ഞാല്‍ അത് നമ്മുടെ ജീവിതം ധന്യമാക്കും. ജീവിതത്തില്‍ ധനികനാകുന്നതിനേക്കാളെത്ര മഹത്തരമാണ് ജീവിതം തന്നെ ധന്യമാകുന്നത്!
സി.എച്ച് സെന്‍ററിന്‍െറ പ്രവര്‍ത്തനത്തിനിടയില്‍ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ട ഒരുകാര്യം, നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ സന്നദ്ധരായ ഒട്ടേറെയാളുകള്‍ നമുക്കിടയിലുണ്ട് എന്നതാണ്. തങ്ങളുടെ മരണശേഷവും പ്രതിഫലം മുറിയാതെ ലഭിച്ചുകൊണ്ടിരിക്കുന്ന ദാനധര്‍മം ചെയ്യാന്‍ പറ്റിയ ഒരിടമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന നിഷ്കളങ്കരായ മനുഷ്യര്‍; അവരുടെ സഹായം കൊണ്ടാണ് സി.എച്ച് സെന്‍റര്‍ വളര്‍ന്നു വലുതായതും നടന്നുപോകുന്നതും. ഇങ്ങനെ എത്രകാലം നടത്തിക്കൊണ്ടുപോകാന്‍ കഴിയുമെന്ന ആശങ്കയുള്ളതുകൊണ്ട് സി.എച്ച് സെന്‍ററിന് സ്ഥിരവരുമാനം ലഭിക്കുന്നൊരു മാര്‍ഗത്തെപ്പറ്റി ഞങ്ങള്‍ ആലോചിച്ചു. സെന്‍ററിന് തൊട്ടടുത്ത് റോഡിനഭിമുഖമായി ‘സി.എച്ച് സെന്‍റര്‍ റിലീഫ് ടവര്‍’ എന്ന പേരില്‍ ഒരു കെട്ടിടം നിര്‍മിക്കാന്‍ അങ്ങനെയാണ് തീരുമാനിച്ചത്. സി.എച്ച് സെന്‍റര്‍ കെട്ടിടോദ്ഘാടനം നടക്കുന്ന ഇന്നു തന്നെ റിലീഫ് ടവറിന് ഹൈദരലി ശിഹാബ് തങ്ങള്‍ തറക്കല്ലിടുകയാണ്.
(തിരുവനന്തപുരം സി.എച്ച്
സെന്‍റര്‍ ചെയര്‍മാനാണ്
ലേഖകന്‍)
നിങ്ങളുടെ അഭിപ്രായങ്ങള്‍