12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

വിളതിന്നുന്ന വേലിക്കമ്പുകള്‍ പിഴുതുമാറ്റണം

വിളതിന്നുന്ന വേലിക്കമ്പുകള്‍ പിഴുതുമാറ്റണം

കേരളത്തെയും കേരളീയരെയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുകൊള്ളാമെന്നേറ്റവരില്‍ ചിലരുടെയെങ്കിലും കാക്കിക്കുപ്പായത്തില്‍ ചോരത്തുള്ളികളടക്കമുള്ള പാപക്കറകള്‍ പതിഞ്ഞിരിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ ഉള്‍ക്കിടിലത്തോടെയേ ഉള്‍ക്കൊള്ളാനാവൂ. സേനാശൃംഖലയുടെ വാലറ്റത്ത് കിടക്കുന്ന സാദാ പൊലീസുകാര്‍ മാത്രമല്ല, സ്ഥാനവലുപ്പത്തിന്‍െറ നക്ഷത്രചിഹ്നങ്ങള്‍ മുതുകില്‍ നിരത്തിവെച്ചിരിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍വരെയുണ്ടെന്നത് വിഷയത്തിന്‍െറ ഗൗരവം വര്‍ധിപ്പിക്കുന്നു. വെറുതെ, ആരോ എവിടെയോ അവരുടേതായ നാട്ടുശൈലിയില്‍ വായാടിത്തം പറഞ്ഞതല്ല, മറിച്ച് വിവരാവകാശ നിയമപ്രകാരം ഉന്നത നീതിപീഠത്തിന് നല്‍കിയ ആധികാരിക രേഖയാണിതെന്നിരിക്കെ, കണക്കില്‍പെടാത്തവരായി വേറെ കുറേപേര്‍ വേഷംമാറി നടക്കുന്നുണ്ടാവുമെന്ന സംശയം അസ്ഥാനത്താവില്ല. ഇതത്ര പൊലിപ്പിക്കാനുണ്ടോ? മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ എന്താണ്? ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍ കേരളത്തിന്‍െറ അനുഭവം എത്ര ആശ്വാസകരം! ഇത്യാദി മറുവാക്കുകളില്‍ സംതൃപ്തിയടയാന്‍ ശ്രമിക്കുന്നത് വിഷയത്തെ പരിധിവിട്ട് ലളിതവത്കരിക്കലായിരിക്കും.
ആരോപണവിധേയരാകുന്ന സേനാംഗങ്ങളെ പ്രോസിക്യൂട്ട് ചെയ്യുന്ന കാര്യത്തില്‍ നാം തികഞ്ഞ ശുഷ്കാന്തി പുലര്‍ത്തിവരുന്നതും മറ്റു സംസ്ഥാനങ്ങള്‍ അലംഭാവം കാണിക്കുന്നതുമാണ് കേരളത്തിന് ഇത്രത്തോളം പേരുദോഷം വരുത്തിയതെന്ന ന്യായവാദംകൊണ്ട് മാറ്റിയെടുക്കാന്‍ കഴിയുമാറ് ഉപരിതലസ്പര്‍ശിയാണ് രോഗമെന്ന് കരുതിയെങ്കില്‍ തെറ്റി. റിയല്‍ എസ്റ്റേറ്റ് ബിസിനസ് മുതല്‍ മണിചെയിന്‍ ഇടപാടുവരെ പലവിധ സൈഡ് ബിസിനസുമായി കഴിയുന്ന പൊലീസ് ഓഫിസര്‍മാരുടെ എണ്ണം ശുഷ്കമല്ളെന്നാണ് ഈ ഡിപാര്‍ട്മെന്‍റിനുള്ളിലെതന്നെ അടക്കംപറച്ചില്‍. പരിശീലനം നേടുന്നതും പ്രതിജ്ഞയെടുക്കുന്നതും ഒന്ന്; പുറത്തുപറയുന്നതും പ്രയോഗിക്കുന്നതും മറ്റൊന്ന് എന്ന വഴിവിട്ട പോക്ക് അരാജകത്വത്തിലാണ് ചെന്നവസാനിക്കുക. നേരെചൊവ്വേ നിയമവാഴ്ച ഉറപ്പുവരുത്താന്‍ ഇത്തരക്കാര്‍ക്ക് സമയം കിട്ടിയിട്ടു വേണ്ടേ നാട് രക്ഷപ്പെടാന്‍. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ -പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍പോലെ- പൊലീസുകാരുടെ കുറ്റവാസന കുപ്രസിദ്ധമാണ്. ഒരു പ്രകോപനവുമില്ലാതെ തല്ലാനും കൊല്ലാനും കാണിക്കുന്ന ചങ്കുറപ്പിന്‍െറ ചരിത്രം അറിയണമെങ്കില്‍ വിവിധ സന്ദര്‍ഭങ്ങളിലായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പഠനറിപ്പോര്‍ട്ടുകളിലൂടെ കണ്ണോടിച്ചാല്‍ മതി. ക്വട്ടേഷന്‍ സംഘംപോലും തോറ്റുപോകും അവരുടെ കണ്ണില്‍ ചോരയില്ലായ്മക്കു മുമ്പില്‍.
അതേസമയം, ഇത്തരം നെറികേടുകളുടെ നാലയലത്തുപോലും നമ്മുടെ പൊലീസ് എത്തുകയില്ല എന്നായിരുന്നു പൊതുവെയുള്ള വിശ്വാസവും ആശ്വാസവും. അടിയന്തരാവസ്ഥക്കാലത്ത് നടന്നതുപോലുള്ള ഒറ്റപ്പെട്ട ചില ‘രാജമര്‍ദനം’ ഒഴിച്ചുനിര്‍ത്തിയാല്‍ വലിയ പേക്കൂത്തുകള്‍ക്കൊന്നും കെ.പി.എസ് അംഗങ്ങള്‍ വേഷംകെട്ടിയതായി പുറംലോകത്തിന് അറിയില്ല. എന്നാല്‍, ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ്. സംസ്ഥാന പൊലീസ് സേനയില്‍ 600ലധികം പേര്‍ വ്യത്യസ്ത കേസുകളില്‍ പ്രതികളാണത്രെ. പെറ്റി കേസല്ല, കൊലപാതകം അടക്കമുള്ള കൊടുംകുറ്റങ്ങളുടെ പേരില്‍ പ്രോസിക്യൂഷന്‍ നടപടി നേരിടുന്നവര്‍വരെയുണ്ട്. സി.ബി.ഐ, വിജിലന്‍സ്, വനംവകുപ്പ്, എക്സൈസ് ഇങ്ങനെ കേസിന്‍െറ ഇനവും കുറ്റങ്ങളുടെ മട്ടും മാറിമറിഞ്ഞുവരുന്നതുകാണാം. ഒടുവില്‍ കേസ് എന്താവും, തള്ളുമോ കൊള്ളുമോ എന്നത് വേറെ കാര്യം. സിവില്‍ പൊലീസ് ഓഫിസര്‍ മുതല്‍ ഐ.പി.എസുകാരന്‍ ഐ.ജി, ഡി.ജി.പി വരെയുള്ളവര്‍ക്കെതിരെ ചാര്‍ജ്ഷീറ്റ് ഫ്രെയിം ചെയ്യാനും വേണമല്ളോ ഒരു നാരും നാമ്പും. തീര്‍ത്തും ‘ഗ്യാസ്’ എന്നുകരുതി എഴുതിത്തള്ളുന്നതിനേക്കാള്‍ യുക്തി സംശയത്തിന്‍െറ നിഴലിലെങ്കിലും നിര്‍ത്തുകയല്ളേ. ഇപ്പോഴീ കാണുന്നതൊക്കെ രോഗലക്ഷണം മാത്രമാണ്. രോഗം ഉള്ളില്‍ ഒളിഞ്ഞുകിടപ്പുണ്ട്. പൊലീസ് സേന ഇന്ന് ഒരു ചട്ടുകം മാത്രമാണ്. ആര്‍ക്കൊക്കെയോ ഇഷ്ടംപോലെ തിരിക്കാനും മറിക്കാനുമുള്ള ചട്ടുകം. ഭരണകൂടത്തിന്‍െറ ആജ്ഞാനുവര്‍ത്തികള്‍ എന്നതിനപ്പുറം സ്വന്തമായ അസ്തിത്വവും വിവേചനാധികാരവും നഷ്ടപ്പെട്ടിട്ട് നാളെറേയായി. സര്‍ക്കാറിനാകട്ടെ ഭരണകക്ഷിയുടെ താളത്തിനൊത്ത് തുള്ളാതിരിക്കാനും വയ്യ. രാഷ്ട്രീയ പാര്‍ട്ടികളൊ ക്രിമിനല്‍ മാഫിയകളുടെ ചിറകിനടിയിലും -ഇതാണ് മൊത്തത്തിലുള്ള നാട്ടുനടപ്പ്. ഈ നാട്ടുനടപ്പിന്‍െറ ആകത്തുക എന്തെന്ന് മുകളില്‍ പറഞ്ഞ സമവാക്യങ്ങളുടെ ഉത്തരത്തിലുണ്ട്.
ഇത്തരമൊരു പതിതാവസ്ഥയില്‍ കുറെപ്പേരെങ്കിലും ചാപല്യങ്ങള്‍ക്കു കീഴടങ്ങാതെ പിടിച്ചുനില്‍ക്കുന്നവരായുണ്ടെന്നത് മഹാഭാഗ്യം. അവരെ പ്രശംസിച്ചേ പറ്റൂ. അതിനാല്‍, പൊലീസിനെ നിയന്ത്രിക്കുന്ന കാണാച്ചരടുകള്‍ അറുത്തുമാറ്റാത്തിടത്തോളം കേരളത്തിനെന്നല്ല, ഒരു സംസ്ഥാനത്തിനും രക്ഷയില്ല. കാലം ചെല്ലുംതോറും സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയും ചെയ്യും. ഇങ്ങനെയുള്ള വന്‍ദോഷങ്ങള്‍ ദൗര്‍ബല്യമായിക്കഴിഞ്ഞവരുടെ കൈയില്‍ നാടിന്‍െറ ക്രമവും സമാധാനവും എല്‍പിച്ചാലുണ്ടാവുന്ന ഭവിഷ്യത്തിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ദീപസ്തംഭം മഹാശ്ചര്യം എന്നേ പറയാനുള്ളൂ. വേലിതന്നെ വിളതിന്നുതുടങ്ങിയാല്‍ എവിടെയത്തെും കാര്യങ്ങള്‍. കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങേണ്ടിവരുന്ന അവസ്ഥയില്‍നിന്ന് പൗരന്മാര്‍ക്ക് മോചനം കിട്ടേണ്ടതുണ്ട്. അതിന് നിയമപാലകരുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കുകയും അവരുടെ വ്യക്തിജീവിതം നിരീക്ഷിക്കപ്പെടുകയും ചെയ്തെങ്കിലേ രക്ഷയുള്ളൂ. നിയമം പാലിച്ചതുകൊണ്ടു മാത്രമായില്ല തങ്ങള്‍ നീതിനിഷ്ഠരുമാണെന്ന് നികുതിദായകര്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ട്.
പൊതുഖജനാവില്‍നിന്ന് പ്രതിഫലം പറ്റി പകരം സുരക്ഷിതത്വം വാഗ്ദാനം ചെയ്തിരിക്കുന്നവരുടെ പ്രതിബദ്ധത സമൂഹത്തോട് തന്നെയായിരിക്കണം. മറ്റാര്‍ക്കും അത് പണയപ്പെടുത്താനാവരുത്. ഒരു ന്യൂനപക്ഷത്തിന്‍െറ കാര്യമെടുത്ത്് സാമാന്യവത്കരിക്കുകയാണെന്ന് തെറ്റിദ്ധരിക്കരുത്. ‘നഞ്ഞെന്തിന് നാനാഴി’ എന്ന ചൊല്ല് ഇക്കാര്യത്തിലും പ്രസക്തമാണ്. ഏതാനും കള്ളനാണയങ്ങളുടെ സാന്നിധ്യം മൊത്തത്തില്‍ സേനാസംവിധാനത്തിന്‍െറ ആത്മവീര്യംകെടുത്തും. സമൂഹത്തിന് ഇത് നല്‍കുന്ന സന്ദേശം വിപരീതദിശയിലുള്ളതുമായിരിക്കും. അതിനാല്‍ അത്തരം കള്ളനാണയങ്ങളെ മുഖംനോക്കാതെ പുറത്തെടുത്തിട്ടേ പറ്റൂ. അവിടെ ജോലിയുടെയും കുടുംബത്തിന്‍െറയും പേരുപറഞ്ഞ് വേണ്ടാത്ത ദൗര്‍ബല്യങ്ങള്‍ക്ക് വശംവദരായിപ്പോകുന്നത് താല്‍ക്കാലിക നേട്ടങ്ങള്‍ക്കപ്പുറം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷം വരുത്തിവെക്കും. പക്ഷേ, പലപ്പോഴും സംഭവിക്കുന്നത് മറിച്ചാണ്. എത്രതന്നെ പരാക്രമങ്ങള്‍ കാട്ടിക്കൂട്ടിയാലും ഒന്നും സംഭവിക്കില്ളെന്ന തോന്നലാണ് പലരെയും ക്രിമിനല്‍ ബന്ധത്തിലെ കണ്ണികളാക്കുന്നത്. ഒടുവില്‍ എല്ലാ പാപക്കറകളും നൊടിയിടയില്‍ മായ്ച്ചുകളയാന്‍തക്ക വീര്യമുള്ള രസതന്ത്രം അവര്‍ക്കറിയാം. അതിന്‍െറ പേരാണല്ളോ രാഷ്ട്രീയ ഇടപെടല്‍. അതില്ലാതാവണമെങ്കില്‍ സിവില്‍ സൊസൈറ്റി സദാ ജാഗരൂകമായേ തീരൂ. രാഷ്ട്രീയം മൂല്യബോധത്തിന്‍െറ ചുണ്ണാമ്പുവെള്ളത്തില്‍ സ്ഫുടം ചെയ്തെടുക്കുകയും വേണം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com