തിരുവനന്തപുരം: ഏകജാലക രീതിയിലുള്ള പ്ലസ് വണ്‍ പ്രവേശത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷാനമ്പറും ജനനത്തീയതിയും നല്‍കി ട്രയല്‍ ലിസ്റ്റ് പരിശോധിക്കാം. അപേക്ഷകര്‍ക്കുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. ട്രയല്‍ ലിസ്റ്റ് ജൂണ്‍ എട്ടുവരെ പരിശോധിക്കാം.
അപേക്ഷാവിവരങ്ങള്‍ പരിശോധിക്കുന്നതിനും തിരുത്തുന്നതിനും ജൂണ്‍ ഒന്നുവരെ അവസരം നല്‍കിയിരുന്നു. ട്രയല്‍ അലോട്ട്മെന്റിനുശേഷവും ഓപ്ഷന്‍ ഉള്‍പ്പെടെയുള്ള തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ വരുത്താം. തിരുത്തലിനുള്ള അപേക്ഷകള്‍ ജൂണ്‍ എട്ടിന് വൈകുന്നേരം അഞ്ചിന് മുമ്പ് സ്കൂളുകളില്‍ സമര്‍പ്പിക്കണം. തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കും. അപേക്ഷയില്‍ തിരുത്തല്‍ വരുത്താനുള്ള അവസാന അവസരമാണിത്. പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള വിശദ നിര്‍ദേശങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. ഇനിയും കൗണ്‍സലിങ്ങിന് ഹാജരാകാത്ത വിഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ജില്ലാതല കൗണ്‍സലിങ് സമിതിക്ക് മുന്നില്‍ എട്ടിനകം പരിശോധനക്ക് ഹാജരാക്കി റഫറന്‍സ് നമ്പര്‍ വാങ്ങി അപേക്ഷയിലുള്‍പ്പെടുത്തണം. എല്ലാ അപേക്ഷകരും ട്രയല്‍ ലിസ്റ്റ് പരിശോധിക്കേണ്ടതാണെന്നും ഇതിനായി ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാവുന്നതാണെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍