ആറ്റിങ്ങല്‍: അമ്മയും മകനും പൊലീസ് സ്റ്റേഷനില്‍ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വേളാര്‍കുടി വട്ടവിളവീട്ടില്‍ വിജയമ്മ(52), മകന്‍ കുട്ടന്‍ എന്ന രാജേഷ് (29) എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 ഓടെയാണ് സംഭവം.
വേളാര്‍കുടി ശാരി നിവാസില്‍ ലാല്‍പ്രസാദ് വസ്തുവിന്‍െറ അതിര്‍ത്തി സംബന്ധിച്ച തര്‍ക്കത്തില്‍ രാജേഷിനെതിരെ ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തര്‍ക്കത്തിനിടെ അസഭ്യം വിളിച്ചെന്നാരോപിച്ച് വേളാര്‍കുടി സ്വദേശിനി ഉഷയും പരാതി നല്‍കിയിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പൊലീസ് രാജേഷിനോട് ചൊവ്വാഴ്ച രാവിലെ 11ന് സ്റ്റേഷനില്‍ ഹാജരാകാന്‍ അറിയിച്ചിരുന്നു. ഇതനുസരിച്ച് മാതാവ് വിജയമ്മക്കൊപ്പം എത്തിയ രാജേഷ് ഉച്ചക്ക് 12 വരെ സ്റ്റേഷന് മുന്നില്‍ കാത്തുനിന്നു. തിരക്ക് കഴിഞ്ഞിറങ്ങിയ എസ്.ഐ രാജേഷിനോട് സംസാരിക്കുകയും ദേഷ്യപ്പെടുകയും ചെയ്തു. മറുപടി ഇഷ്ടപ്പെടാതിരുന്ന എസ്.ഐ. രാജേഷിനെ മര്‍ദിച്ചു. പൊലീസ് മകനെ മര്‍ദിക്കുന്നത് കണ്ട വിജയമ്മ സ്റ്റേഷന് പുറത്തിറങ്ങി സമീപ കടയില്‍നിന്ന് ബ്ളേഡ് വാങ്ങി കൈയിലെ ഞരമ്പ് മുറിച്ചു. ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലെങ്കില്‍ മരിച്ചു തരാമെന്ന് പറഞ്ഞ് രക്തം ചിന്തുന്ന കൈയുമായി വീണ്ടും സ്റ്റേഷനകത്തേക്ക് വന്നു. ഇത് കണ്ട മകന്‍ രാജേഷും ഉടന്‍ അമ്മയുടെ കൈയില്‍ നിന്ന് ബ്ളേഡ് വാങ്ങി സ്വന്തം കൈയിലെ ഞരമ്പും അറുത്തു. എന്ത് ചെയ്യണമെന്നറിയാതെ പൊലീസുകാര്‍ പകച്ചുനില്‍ക്കുകയായിരുന്നു. സ്റ്റേഷന് പുറത്തുണ്ടായിരുന്നവര്‍ രാജേഷിനെ ശാന്തനാക്കാന്‍ ശ്രമിച്ചു. കൂടുതല്‍ ഞരമ്പുകള്‍ അറുക്കാന്‍ രാജേഷ് ശ്രമിച്ചെങ്കിലും തുടര്‍ന്ന് പൊലീസുകാര്‍ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. ശേഷം ഇരുവരെയും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയും വീട്ടിലെത്തിക്കുകയും ചെയ്തു.
ആത്മഹത്യാശ്രമത്തിന് ഇരുവരുടെയും പേരില്‍ പൊലീസ് കേസെടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ രാജേഷിനെ മാത്രമാണ് സ്റ്റേഷനിലെത്താന്‍ അറിയിച്ചതെന്നും രാജേഷിനെ മര്‍ദിച്ചിട്ടില്ലെന്നും ആറ്റിങ്ങല്‍ പൊലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍