12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

പാടങ്ങളും കുളങ്ങളും ഇല്ലാതാകുന്നു; ജില്ല പാരിസ്ഥിതിക ദുരന്തത്തിന് കാതോര്‍ക്കുന്നു

പാലക്കാട്: ജില്ലയിലെ തണ്ണീര്‍ തടങ്ങളുടെ ശോഷണം പരിസ്ഥിതിപ്രശ്നങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. ഭൂമാഫിയയും, റവന്യു വകുപ്പിലെ അഴിമതിക്കാരായ ഒരു വിഭാഗവും കൈകോര്‍ത്ത് കുളങ്ങളും ഇരുപ്പൂവല്‍പാടങ്ങളും വ്യാപകമായി നികത്തുകയാണ്.
പുഴകളില്‍നിന്നും തോടുകളില്‍ നിന്നുമുള്ള വ്യാപകമായ മണല്‍ ഖനനം ആവാസവ്യവസ്ഥയെ തകര്‍ക്കുകയാണ്. പാടങ്ങളില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ ജലസ്രോതസ്സുകള്‍ നഷ്ടപ്പെട്ടു. വേനലില്‍ സുഭിക്ഷമായി കുടിവെള്ളം ലഭിച്ചിരുന്ന കിണറുകള്‍ ഡിസംബറിലേ വറ്റുന്നു.
കിഴക്കന്‍ മേഖലയിലെ തെങ്ങിന്‍ തോപ്പുകള്‍ കേന്ദ്രീകരിച്ച് യന്ത്രവത്കൃത മണല്‍ ഖനനം വ്യാപകമായതോടെ ഒഴലപ്പതി, കുപ്പാണ്ട കവുണ്ടന്നൂര്‍, വേലന്താവളം മേഖല ഭൂചലന സാധ്യതാ പട്ടികയില്‍ ഇടം നേടി. ഈ പ്രദേശം കേന്ദ്രീകരിച്ച് ജില്ലാ ഭരണകൂടം ബോധവത്കരണം നടത്തുകയാണ്.
1900ത്തില്‍ എലപ്പുള്ളി പ്രഭവകേന്ദ്രമായി ഭൂകമ്പം ഉണ്ടായതായി രേഖകള്‍ അടിസ്ഥാനമാക്കിയ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യം നിലനില്‍ക്കെ ചിറ്റൂര്‍ താലൂക്കിലെ കൊഴിഞ്ഞാമ്പാറ, മുതലമട, പട്ടഞ്ചേരി, എലവഞ്ചേരി, കിഴക്കഞ്ചേരി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളില്‍ അനധികൃത കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളടക്കമുള്ളവര്‍ ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നുണ്ട്. ചുള്ളിയാര്‍, മീങ്കര ഡാമുകള്‍ സ്ഥിതി ചെയ്യുന്ന മുതലമട ഗ്രാമപഞ്ചായത്തിലാണ് ഏറ്റവുമധികം ക്വാറികള്‍.
കരിങ്കല്‍ഖനനം ഡാമുകളുടെ സുരക്ഷക്ക് ഭീഷണിയാണ്. ജില്ലയില്‍ പതിനായിരത്തോളം കുളങ്ങളും ചെറു ജലസംഭരണികളുമുണ്ടായിരുന്നു. നെല്‍വയല്‍ നികത്തി ഹൗസിങ് പ്ളോട്ടാക്കി മാറ്റുന്ന കച്ചവടം വ്യാപകമായതാണ് ഇവ നാശത്തിന് വഴിവെച്ചത്.
നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ദുരുപയോഗം ചെയ്ത് കുളങ്ങളുള്‍പ്പെടെയുള്ള തണ്ണീര്‍തടങ്ങള്‍ നികത്താന്‍ റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയും കൂടിയായപ്പോള്‍ കഴിഞ്ഞ വര്‍ഷത്തിനുള്ളില്‍ മാത്രം ഏക്കര്‍ കണക്കിന് പാടം നികന്നു. ഏറ്റവും കൂടുതല്‍ കൃഷിയുള്ള ചിറ്റൂര്‍ താലൂക്കിലാണ് കൂടുതല്‍ നികത്തല്‍.
തത്തമംഗലം നഗരസഭയുടെ ചന്തക്ക് പിന്നിലെ മൂന്നരയേക്കര്‍ നികത്താനുള്ള നടപടികളുമായി റിയല്‍ എസ്റ്റേറ്റ് സംഘം മുന്നോട്ടു പോകുകയാണ്. ചന്തയുടെ മതില്‍ പൊളിച്ച് ഇവിടേക്ക് വഴി നിര്‍മിച്ചു. പാടം നികത്തലിനെതിരെ സമരരംഗത്ത് എത്തിയ സംഘടനകള്‍ക്ക് ലക്ഷങ്ങള്‍ ഓഫര്‍ ചെയ്ത് സമരത്തെ തളര്‍ത്താനുള്ള നീക്കവും നടക്കുന്നു. ഇതിനെതിരെ പ്രതികരിക്കുന്നവര്‍ക്ക് ഗുണ്ടാ ആക്രമണവുമുണ്ടത്രെ. ഈയവസ്ഥ തുടര്‍ന്നാല്‍ ജില്ല വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com