ഹോംവര്‍ക്കുകളുടേയും ടെസ്റ്റുകളുടേയും പിരിമുറുക്കങ്ങളെ മറന്ന് വേനലവധിയുടെ തിമിര്‍പ്പിലേക്ക് പോയവരെ തിരിച്ച് വിളിക്കാന്‍ ഒരു അധ്യയന വര്‍ഷം കൂടി കണ്‍ തുറക്കുന്നു. ഇണക്കവും പിണക്കവും കുസൃതിയും കുശുമ്പും നിറഞ്ഞ ബഹളങ്ങളില്‍ നിന്ന് രണ്ട് മാസത്തേക്ക് അവധിയെടുത്ത കുട്ടുകാരുടെ പുന:സമാഗമം. കളിബഹളങ്ങള്‍ മാത്രം നിറഞ്ഞ കാലത്തിന് ഇനി വിരാമമിടാം. പാഠ പുസ്തകങ്ങള്‍ക്കും പഠനവഴികളിലെ പുത്തന്‍ രീതികള്‍ക്കും സ്വാഗതം.
കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ നിറഞ്ഞ് ചിരിക്കുന്ന പുത്തന്‍ ബാഗുകളും കുടയും ടിഫിന്‍ ബോക്സും വാട്ടര്‍ബോട്ടലുമൊക്കെയായി ആര്‍ഭാടമുള്ള ആഘോഷമാണ് ഇന്ന് സ്കുള്‍ തുറപ്പ് . അവധിക്ളാസുകളുടേയും ചൂരല്‍ വടിയുടേയും ചിന്തയില്ലാതെ കളിച്ച് തിമിര്‍ത്ത് നടന്നിരുന്ന വേനലവധിയും പറഞ്ഞാല്‍തീരാത്ത കളി വിശേഷങ്ങള്‍ നിറഞ്ഞ സ്കുള്‍ തുറക്കലും ഇന്ന് കുട്ടികള്‍ക്ക് പരിചിതമല്ലെന്ന് വേണം പറയാന്‍. കണ്ടു പഴകിയ കാര്‍ട്ടുണ്‍ കഥാപാത്രങ്ങളും കളിച്ച് മടുത്ത വീഡിയോ ഗെയിമുകള്‍ക്കുമപ്പുറം കുത്തിമറിഞ്ഞ ചെളിക്കുഴികളും കടിച്ചീമ്പിയെറിഞ്ഞ മാങ്ങയണ്ടിയും കുമ്പിളില്‍ പെറുക്കിയെടുത്ത ഞാവല്‍പഴവും ചിത്രങ്ങളില്‍ പോലും ഇവര്‍ക്ക് അപരിചിതമാണ്.
എന്നാല്‍ ആകാശം മഴമേഘത്തുണ്ടുകളൊരുക്കിവെച്ച് കാത്തിരിക്കുന്ന ഈ ജൂണ്‍ ഒരോര്‍മപ്പെടുത്തലാണ് പലര്‍ക്കും. ചിന്നിച്ചിതറി തുടങ്ങുന്ന പുതുമഴയുടെ സീല്‍ക്കാരവും വിറപ്പിക്കുന്ന ഇടിയുടെ രൗദ്രഭാവത്തെയുമല്ല . പരീക്ഷാ ഫലത്തെ കുറിച്ച ആധികള്‍ അലട്ടാത്ത വേനലവധിയുടെ ആരവങ്ങളെ, ഫസ്റ്റ് ക്ളാസും റാങ്കും എ പ്ളസും ആശങ്കയാവാത്ത, ക്ളാസ് മുറികളില്‍ മാത്രം ഒതുങ്ങി നിന്ന ഒരു പഠന കാലത്തിന്റെഓര്‍മപ്പെടുത്തല്‍. കാലമെത്രയേറെ കഴിഞ്ഞാലും മറന്നുപോകാത്ത അമ്മയുടെ മടിക്കുത്തിലും അച്ഛന്റെവിരല്‍ തുമ്പിലും പിടിച്ചുള്ള ആദ്യ യാത്രയുടെ ഓര്‍മപ്പെടുത്തല്‍.....
അമ്മയോടൊത്തുള്ള ആദ്യയാത്രയേക്കാള്‍ അഛനെ കാത്തിരിക്കുന്ന വൈകുന്നേരങ്ങളാണ് ‘സെക്കന്‍്റ് ഷോ’യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്റെഓര്‍മകളില്‍. അമ്മയോടൊത്താണ് ആദ്യം നഴ്സറി ക്ളാസിലെത്തുന്നത്-കോഴിക്കോട്ടെ സെവന്‍ത് ഡേ സ്കൂളില്‍. എല്ലാ കുട്ടികളും കരയുന്നത് നോക്കി തെല്ല് ഗമയോടെ ഇരിക്കുകയായിരുന്നു ആദ്യ നാളുകളില്‍. എന്നാല്‍ എല്ലാരും കരച്ചില്‍ മാറ്റയപ്പോ താന്‍ കരയാന്‍ തുടങ്ങിയെന്ന് ഒരു ചിരിയോടെ ശ്രീനാഥ്. അതിനേക്കളൊക്കെ തെളിമയോടെ മനസ്സിലുള്ള ചിത്രം ഗണപത് സ്കൂളിലെ ഒന്നാം ക്ളാസാണ്. വൈകുന്നേരം എല്ലാ കുട്ടികളും പോയിക്കഴിഞ്ഞും അഛനെ കാത്തുള്ള ഇരിപ്പ്. ആ ഒരു മണിക്കൂര്‍ തന്റെജീവിതത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് ശ്രീനാഥ് വിശ്വസിക്കുന്നു.
തെയ്യച്ചനും കുഞ്ഞിപ്പെണ്ണും
വലിയ പരന്ന മൂക്കുള്ള വസൂലിക്കല നിറഞ്ഞ മുഖം. ഏതോ തമിഴ് സിനിമയിലെ വില്ലനെ ഓര്‍മിപ്പിക്കുന്ന ആ മുഖത്തിന്റെഉടമയാണ് തെയ്യച്ചന്‍. വിരസമായ തന്റെകാത്തിരിപ്പു വേളകളെ രസകരമാക്കിയത് തെയ്യച്ചനാണ്. സ്കൂളിലെ കഞ്ഞിയമ്മയോ ആയയോ മറ്റോ ആയിരുന്ന കുഞ്ഞിപ്പെണ്ണും തെയ്യച്ചനുമായിരുന്നു അഛനെ കാത്തിരുന്ന വൈകുന്നേരങ്ങളില്‍ ശ്രീനാഥിന് കൂട്ട്. അധ്യാപകരില്‍ നിന്ന് കിട്ടിയതിനേക്കാള്‍ ഒത്തിരി കാര്യങ്ങള്‍ അവരില്‍ നിന്നും പഠിക്കാന്‍ പറ്റി. നാലാം ക്ളാസില്‍ നിന്ന് പോരുമ്പോ തെയ്യച്ചനില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങിയത് ഇന്നും രസകരമായ ഓര്‍മയാണ്. തെയ്യച്ചന്റെഒപ്പ് അന്നത്തെ നാലാം ക്ളാസുകാരനെ അതിശയപ്പെടുത്തിയിരുന്നു. അത് വെറുമൊരു കുത്തിവരയായിരുന്നെന്ന് മുതിര്‍ന്നപ്പോ മനസ്സിലായി . എങ്കിലും അക്ഷരാഭ്യാസം പോലുമില്ലാത്ത ആ മനുഷ്യന്റെസ്നേഹത്തിന്റെശേഷിപ്പായി ആ കടലാസ് തുണ്ട് ഇന്നും ശ്രീനാഥ് സൂക്ഷിച്ച് വെച്ചിരിക്കുന്നു.
കുടുംബം
അഛനും അമ്മയും ഏട്ടനും. ഏട്ടന്‍ ഇപ്പോള്‍ സിങ്കപ്പൂരില്‍. തന്റെഎല്ലാ വികൃതികള്‍ക്കും കൂട്ടുനിന്നിരുന്ന ഏട്ടനായിരുന്നും ശ്രീനാഥിന്റെആദ്യ ശത്രു. എപ്പോഴും ഏട്ടനുമായി വഴക്കുണ്ടാക്കും. ഏട്ടനും വഴക്കും നിറഞ്ഞ ലോകത്തിനപ്പുറമുള്ള കാര്യങ്ങള്‍ തീര്‍ത്തും അപരിചിതമായിരുന്നു. ഒരു തരത്തില്‍ഏട്ടനില്‍ നിന്നുള്ള രക്ഷപ്പെടലായാണ് അന്നത്തെ കുഞ്ഞു മനസ്സ് സ്കൂളില്‍ പോക്കിനെ കണ്ടത്.
സ്കൂള്‍ തുറക്കല്‍ ഇന്ന് കുട്ടികളെക്കാളേറെ കച്ചവടക്കാരുടെ ഉല്‍സവമാണെന്നാണ് ശ്രീനാഥിന്റെഅഭിപ്രായം. ഒരു ഇടത്തരം കുടുംബത്തിലെ അംഗമായ തനിക്ക് കൊല്ലം കൊല്ലം പുതിയ ബാഗും കുടയും കിട്ടാറില്ലായിരുന്നു. പുതിയ ബാഗ് മോഹത്തില്‍ ഒരു കൊല്ലം ഉപയോഗിച്ച് അടുത്തകൊല്ലം പകുതിയാവുമ്പഴേക്കും ആരുമറിയാതെ ബാഗിന്റെവള്ളികള്‍ അറുക്കാന്‍ തുടങ്ങും.‘വേദവ്യാസ’യിലാണ് അഞ്ചാം ക്ളാസ് മുതല്‍ പ്ളസ്ടു വരെ പഠിച്ചത്. കലാമേഖലകളില്‍ സജീവമായിരുന്നു അന്ന്. താന്‍ കേറാത്ത ഒരു പരിപാടിയും സ്കൂളില്‍ ഉണ്ടാകാറില്ല. പിന്നെ പിന്നെ സ്റ്റേജില്‍ നിന്നും പിന്‍ വലിഞ്ഞു. കലയിലെ മല്‍സരങ്ങളേക്കാള്‍ അത് വളര്‍ത്താനുള്ള അവസരങ്ങളാണ് ആവശ്യമെന്ന പക്ഷക്കാരനാണ് ശ്രീനാഥ്. ഉള്ളില്‍ കലയുളളവര്‍ക്ക് ഒരു മല്‍സരവേദിയുടെ ആവശ്യമില്ല. കലയുള്ളവരെല്ലാം കലാതിലകങ്ങളും കലാപ്രതിഭകളുമാണ്. കലയുടെ കാമ്പറിയാന്‍ ഒരു പട്ടത്തിന്റെആവശ്യമില്ല.
സിനിമാ മോഹം
പതിനൊന്നാം ക്ളാസില്‍ നിന്നാണ് ആദ്യമായി സിനിമ കാണാന്‍ ക്ളാസ് കട്ട് ചെയ്യുന്നത്. ദിലീപിന്റെജോക്കര്‍ എന്ന സിനിമ കാണാന്‍. അതിന് കൂട്ടു വന്നതും ഏട്ടന്‍. അന്ന് കണ്ട സിനിമയുടെ മധുരം പിന്നെ ജീവിതത്തില്‍ ഒരിക്കലും കിട്ടിയിട്ടില്ലെന്നാണ് ശ്രീനാഥ് പറയുന്നത്. സിനിമയെ ഗൗരവമായി കണ്ട് തുടങ്ങിയത് എഞ്ചിനീയറിങ്ങ് പഠനത്തിനിടെ.മകനൊരു മിടുക്കനായ എഞ്ചിനീയറാവണമെന്ന മോഹം അഛനും അമ്മക്കും ഉണ്ടായിരുന്നിരിക്കണം. മല്‍സരങ്ങളുടെ ലോകത്ത് മകന്‍ തനിച്ചായിപ്പോകുമോ എന്നൊരു പേടി. എന്നാല്‍ തന്റെഇഷ്ടങ്ങള്‍ക്ക് ഏട്ടന്‍ കൂടെ നിന്നു.
‘സെക്കന്‍്റ് ഷോ’....
ക്വട്ടേഷന്‍ സംഘത്തിന്റെകഥ പറഞ്ഞ ആദ്യ സിനിമ പ്രശംസയോടൊപ്പം ഏറെ വിമര്‍ശവും ഏറ്റു വാങ്ങി. എന്നാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ വഴിമാറിപോയ ഒത്തിരി ‘ഗുണ്ടകളെ’ കുറിച്ച് പറഞ്ഞ് കേട്ടിട്ടുണ്ട്. മംഗളം വാരികയിലെ കഥകള്‍ വായിച്ച് കരയുന്നവര്‍. ചോര കണ്ട് അറപ്പുമാറിയവരെന്ന് നാം വിശേഷിപ്പിക്കുമ്പോഴും ഇവര്‍ക്കുള്ളിലെ ഹൃദയം...ചിന്ത..മരണം കൂടെ നടക്കുമ്പോഴും കളിക്കുകയും ചിരിക്കുകയും ചെയ്യുന്ന ഇവരുടേത് മാത്രമായ ലോകം...ഇത് മലയാളികള്‍ക്ക് ഒത്തിരി പരിചിതമാണെങ്കിലും കാണാത്ത രീതിയിലൂടെ കഥ പറയാനാണ് ശ്രമിച്ചത്. ഇതില്‍ ഒരളവോളം വിജയിച്ചെന്ന് സിനിമയുടെ ജനപ്രീതി തെളിയിച്ചു. ഒടുവില്‍ എല്ലാം അതിജീവിക്കുന്ന നായകന്‍ എന്നതില്‍ നിന്ന് മാറി ഇവരുടെ ജീവിതം ഏതെങ്കിലും കത്തിപ്പിടിയില്‍ തീരാനുള്ളതാണെന്നും നഷടങ്ങളുടെ കണക്കു മാത്രമേ ഇവര്‍ക്ക് ബാക്കിയാവൂ എന്നും സിനിമ പറയുന്നു.
പുതിയസിനിമ...
പപ്പടം ചുടും പോലെ സിനിമ എടുക്കില്ലെന്നായിരുന്നു ശ്രീനാഥിന്റെപ്രതികരണം. സിനിമ യാദൃശ്ചികമായി കണ്ടുമുട്ടി ക്രമേണ ജീവിതസഖിയായി മാറുന്ന ഒരു പെണ്ണിനെപോലെയാണ്. അവളെ കണ്ട് കണ്ട്...ഒരിഷ്ടം തോന്നി...അത് വളര്‍ന്ന് ഒടുക്കം അവളെ കെട്ടിയേ തീരൂ എന്നിടത്തെത്തണം..അന്നാണ് തന്റെഅടുത്ത സിനിമ.
പുതിയ കുട്ടികള്‍ക്ക് ഒന്നും നഷ്ടമാകുന്നില്ലെന്നാണ് ശ്രീനാഥിന്റെഅഭിപ്രായം. ടി. വി ചാനലുകളും കാര്‍ട്ടുണുകളും ഒന്നും അവരുടെ ഭാവനയെ ഇല്ലാതാക്കില്ല. സാങ്കേതിക മേഖലയില്‍ വന്‍ വിപ്ളവം നടന്ന എണ്‍പതുകള്‍ക്ക് ശേഷം ജീവിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് ശ്രീനാഥ് കരുതുന്നത്. കാര്‍ട്ടൂണുകളും മറ്റും കുട്ടികളുടെ ഭാവനയേയും സര്‍ഗശേഷിയേയും ബാധിക്കില്ലെന്ന് ശ്രീനാഥ്. പണ്ട് ദൂരദര്‍ശനില്‍ ഹീമാന്‍ കണ്ടും ശക്തിമാനെ അനുകരിച്ചും വീരനായകനായി സ്വയം സങ്കല്‍പിച്ചുമൊക്കെ തന്നെയാണ് താനും വളര്‍ന്നത്. ഇവരൊന്നും തന്റെതന്റെമുന്നോട്ടുപോക്കിനെ പ്രതികൂലമായി ബാധിച്ചിട്ടില്ല. നമ്മള്‍ ഇപ്പോള്‍ കാണുന്നതിനേക്കാള്‍ ഉള്‍ക്കാമ്പും കരുത്തുമുള്ള സിനിമകളും കലാകാരന്‍മാരും വരും തലമുറയില്‍ ഉണ്ടെന്ന് തന്നെ ശ്രീനാഥ് ഉറച്ചു വിശ്വസിക്കുന്നു. കിടിലന്‍ കഥകളിറങ്ങുന്ന ആ കാലമാണ് ഈ ചെറുപ്പക്കാരന്‍ സ്വപ്നം കാണുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍