12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

ഇളംകാറ്റ്

ഇളംകാറ്റ്

ജപ്പാനിലെ അടുത്ത കൂട്ടുകാരും ഏത് സഹായത്തിനും പരസ്പരം ഓടിയെത്തുന്നവരുമായ ഹോണ്ടയും സുസുക്കിയും യമഹയും ഇപ്പോള്‍ കുഞ്ഞന്‍ വണ്ടികള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. പ്രതിവര്‍ഷം ഒരു കോടി ഇരുചക്രവാഹനങ്ങള്‍ വില്‍ക്കാന്‍ കെല്‍പുള്ള ഇന്ത്യന്‍ വിപണിയാണ് ആത്യന്തിക ലക്ഷ്യം. പുതുതായി ഇറക്കിയ ഡ്രീം യുഗ എന്ന മോഡലുവച്ച് ഹോണ്ടയാണ് ആദ്യ കരു നീക്കിയത്.

ഇതിനോട് മല്‍സരിക്കാന്‍ സുസുക്കി കൊണ്ടുവന്ന മോഡലാണ് 'ഹയാതെ'. ഇളംകാറ്റ് എന്നാണ് ഇതിനര്‍ത്ഥമെന്ന് ജപ്പാന്‍ ഭാഷയറിയാവുന്ന വണ്ടിപ്രാന്തന്‍മാര്‍ കണ്ടുപിടിച്ചിട്ടുണ്ട്. 112 സിസി ശേഷിയുള്ള എഞ്ചിന്‍ ഉപയോഗിച്ച് 8.4 പിഎസ് കരുത്തും 8.8 എന്‍എം ടോര്‍ക്കും ഈ ഇളംകാറ്റ് നല്‍കും. കാറ്റിന്റെ ആനുകൂല്ല്യമില്ലാത്തപ്പോഴും ഏതാണ്ട് 70 കിലോമീറ്റര്‍ മൈലേജ് പ്രതീക്ഷിക്കാം. മാരുതി സുസുക്കിയല്ലാതെ മറ്റൊരു സുസുക്കിയില്ലെന്ന് വിശ്വസിക്കുന്ന കേരളത്തിലെ ബൈക്ക് വിപണി വിഹിതം ആറില്‍ നിന്ന് പത്ത് ശതമാനമാക്കാനും ഈ മാറ്റത്തിന്റെ കാറ്റിലൂടെ കമ്പനി ഉദ്ദേശിക്കുന്നുണ്ട്. അതുകൊണ്ട് പിശുക്കന്‍മാര്‍ക്കും സുസുക്കിയാകാവുന്ന പോലെ വില 41000 രൂപയില്‍ നിര്‍ത്തി.

പക്ഷേ, യമഹയുടെ കാര്യമാണ് കഷ്ടം. ഈ കൂട്ടത്തില്‍ കിടത്താനുള്ള അവരുടെ കുഞ്ഞ് ഗര്‍ഭാവസ്ഥയിലാണ്. ലോകത്തെ ഏറ്റവും വിലകുറഞ്ഞ ബൈക്കായിരിക്കും ഇതെന്നാണ് സ്കാന്‍ ചെയ്ത ഡോക്ടര്‍മാര്‍ പറയുന്നത്. 500 ഡോളറിന് അതായത് ഏകദേശം 28,000 രൂപ വിലയിട്ട് ഇന്ത്യയിലെയും ആഫ്രിക്കയിലെയും വിപണി ഈ കുഞ്ഞ് കൈയ്യിലാക്കുമെന്നാണ് യമഹ പറയുന്നത്. ബൈക്കിന്റെ ഉദ്പാദനം പൂര്‍ണമായി ഇന്ത്യയിലായിരിക്കുമെന്നുവരെ പറഞ്ഞെങ്കിലും പേരും നാളുമൊന്നും പുറത്തുവിട്ടിട്ടില്ല. അതേസമയം വരുന്നതെന്ത് കുന്തമായാലും തങ്ങള്‍ക്ക് ഒരുചുക്കും സംഭവിക്കില്ലെന്നാണ് സുസുക്കി ഫാന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.

വിലകുറഞ്ഞ ബൈക്കുണ്ടാക്കി ആളുകളെ പ്രലോഭിപ്പിക്കുന്ന ശീലം പണ്ട് ബജാജാണ് തുടങ്ങിയത്. മുപ്പതിനായിരം രൂപക്ക് താഴെ വിലയുള്ള അവരുടെ ബിവൈകെക്ക് പക്ഷേ കാര്‍ലോകത്തെ നാനോ പോലൊരു പ്രശസ്തി കിട്ടിയില്ല. ജനിതകവൈകല്ല്യം ബാധിച്ചപോലുള്ള ഈ ബൈക്ക് അധികം ഉണ്ടാക്കേണ്ടിയും വന്നില്ല. വിലയുടെ കാര്യത്തില്‍ ഹീറോയുടെ സിഡി ഡോണ്‍ ആണ് ഇപ്പോള്‍ ഏറ്റവും ജനകീയന്‍. യമഹയുടെ വൈ ബി ആര്‍ 110ഉം ക്രക്സും ബജാജ് സിടി 100ഉം പ്ലാറ്റിനയുമൊക്കെയാണ് കൂട്ടുകാര്‍. ചൈനക്കാരുടെ കൂട്ടുപിടിച്ച് കൊല്‍ക്കത്തയിലെ സെനിറ്റിസ് എന്ന ഐടി കമ്പനി റോക്ക് എന്ന 100 സിസിക്കാരനെ കാല്‍ ലക്ഷം രൂപക്ക് ഇറക്കിയിരിക്കുന്നു. കേരളത്തില്‍ അങ്ങിങ്ങായി ചിലത് കണ്ടതല്ലാതെ ഇതിനെക്കുറിച്ച് വേറെ വിശേഷമൊന്നും ഈ ഭാഗത്ത് കേട്ടിട്ടില്ല. റോഡൊക്കെ നന്നാവുകയും പെട്രോള്‍ വില കൂടുകയും ചെയ്യുന്നതിനാല്‍ ഇനി ഇതിലും ചെറുതും വിലകുറഞ്ഞതുമായ ബൈക്കുകളും ഇറങ്ങിക്കൊണ്ടേയിരിക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com