|
കാസ്പറോവിന്റേത് മോഹഭംഗം- ആനന്ദ്
![]() ചെന്നൈ: പിഴക്കാത്ത നീക്കങ്ങളിലൂടെ കരുക്കള്‍ ചലിപ്പിച്ച് അഞ്ചാം തവണയും ലോക ചെസ് ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി നാട്ടിലെത്തിയ വിശ്വനാഥന്‍ ആനന്ദ് എതിരാളികളുടെ വായടപ്പിച്ച് മറുപടിയും നല്‍കി. കാലം കഴിഞ്ഞെന്ന് വിലപിച്ചവര്‍ക്ക് കിരീട നേട്ടത്തോടെ മറുപടി നല്‍കിയ വിഷി തുടര്‍ച്ചയായി നാലാം തവണയും കിരീടം ചൂടിയശേഷം ജന്മനാട്ടിലെത്തി. റഷ്യയില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ് പോരാട്ടത്തില്‍ ഇസ്രായേലിന്റെ ബോറിസ് ഗെല്‍ഫാന്‍ഡിനെ ടൈബ്രേക്കറില്‍ കീഴടക്കി നാട്ടിലെത്തിയ വിശ്വനാഥന്‍ ആനന്ദിന് വീരോചിത സ്വീകരണമാണ് ചെന്നൈയില്‍ നല്‍കിയത്. ലോകചാമ്പ്യന്‍ഷിപ് പോരാട്ടത്തിനിടെ തനിക്കെതിരെ വിമര്‍ശമുന്നയിച്ച റഷ്യന്‍ ഇതിഹാസതാരം ഗാരി കാസ്പറോവിന് ചൂട് മറുപടി നല്‍കാനും മറന്നില്ല. ആനന്ദിനോട് കളിമതിയാക്കാന്‍ ആവശ്യപ്പെട്ട കാസ്പറോവിന്റെ വാക്കുകള്‍ മോഹഭംഗം നേരിട്ട ഒരു കളിക്കാരന്റെ പ്രസ്താവനകള്‍ മാത്രമായി കണക്കാക്കിയാല്‍ മതിയെന്ന് ലോകചാമ്പ്യന്‍ തുറന്നടിച്ചു. റിട്ടയര്‍മെന്റോടെ ശ്രദ്ധനഷ്ടപ്പെട്ടതാവാം കാസ്പറോവിന്റെ പ്രസ്താവനക്കു പിന്നിലെന്ന് ആനന്ദ് പറഞ്ഞു. 'കാസ്പറോവ് 2005ല്‍ വിരമിച്ചു. എന്റെ കളി അവസാനിപ്പിക്കാന്‍ 2011 മുതല്‍ അദ്ദേഹം ശ്രമിക്കുകയാണ്. ഒരു പൊതു മുഖം കെട്ടിപ്പടുത്ത് നിലനിര്‍ത്തുന്നതിന്റെ പ്രശ്നം മാത്രമാണദ്ദേഹത്തിന്' ആനന്ദ് പറഞ്ഞു. ഗെല്‍ഫാന്‍ഡിനെതിരായ മത്സരത്തില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ സമനില വഴങ്ങി, ഫലമില്ലാതെ തുടര്‍ന്നപ്പോഴായിരുന്നു മുന്‍ ചാമ്പ്യന്‍ ഇന്ത്യന്‍ താരത്തിനെതിരെ രംഗത്തു വന്നത്. ലോക ചെസില്‍നിന്ന് ഇപ്പോള്‍ വിരമിക്കാന്‍ പദ്ധതിയില്ലെന്നും ആനന്ദ് പറഞ്ഞു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍