തിരുവനന്തപുരം: സംസ്ഥാന നേതൃത്വവുമായി തുടരുന്ന പരസ്യപോരില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനമായി വി.എസിന്റെ ഒഞ്ചിയം യാത്ര. സി.പി.എം രാഷ്ട്രീയത്തില്‍ നിര്‍ണായകമായേക്കാവുന്ന കേന്ദ്ര, സംസ്ഥാന നേതൃത്വ യോഗങ്ങള്‍ക്ക് തൊട്ടുമുമ്പ് നടത്തിയ പ്രകോപനകരമായ ഈ നീക്കം ഫലത്തില്‍ അച്ചടക്കനടപടിക്ക് നേതൃത്വത്തെ നിര്‍ബന്ധിക്കുന്നതാണ്.
പാര്‍ട്ടിയെ ഒറ്റികൊടുത്തവനെന്ന് ഔദ്യോഗിക പക്ഷത്തേക്കാള്‍ ഒരുപടി മുന്നില്‍ നിന്ന് താന്‍ ആക്ഷേപിച്ച ശെല്‍വരാജിന് അനുകൂലമായി നെയ്യാറ്റിന്‍കര വോട്ടെടുപ്പിനെ സ്വാധീനിച്ചേക്കാവുന്ന നടപടിയായിരുന്നു വി.എസിന്റേതെന്നതാണ് സംസ്ഥാനനേതൃത്വത്തിന്റെ വിലയിരുത്തല്‍. ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്റ്റെന്ന തന്റെ പ്രസ്താവനക്ക് കുലംകുത്തി തന്നെയെന്ന പിണറായിയുടെ ആക്ഷേപത്തെ വെല്ലുവിളിച്ച് തുടക്കമിട്ട വിവാദത്തിന്റെ ആരംഭത്തില്‍ തന്നെയാണ് വി.എസ് എത്തിച്ചേര്‍ന്നിരിക്കുന്നത്.
'കുലംകുത്തി'യില്‍ നിന്ന് 'പാര്‍ലമെന്ററി ആര്‍ത്തി'യെന്ന് പാര്‍ട്ടിയുടെ ചന്ദ്രശേഖരന്‍ വിമര്‍ശത്തെ ലഘൂകരിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റിലൂടെ വി.എസിന് കഴിഞ്ഞിരുന്നു. ഇന്നലെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കുടുംബത്തെ ആശ്വസിപ്പിക്കുകയും ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തതുവഴി ടി.പി ധീരനായ കമ്യൂണിറ്റുകാരന്‍ തന്നെയെന്ന് പറയാതെ പറയുകയായിരുന്നു വി.എസ്.
ഔദ്യോഗികപക്ഷത്തിലെ ഒരു വിഭാഗം ചന്ദ്രശേഖരനെ തുടര്‍ച്ചയായി ഭര്‍ത്സിക്കുമ്പോഴാണ് വി.എസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. കൂടാതെ അച്ചടക്ക നടപടി ഉണ്ടാവുകയാണെങ്കില്‍ ലഭിക്കാനിരിക്കുന്ന രക്തസാക്ഷി പരിവേഷത്തിന് കൂടുതല്‍ മാറ്റ് പകരുന്ന ലക്ഷ്യവും വി.എസിനുണ്ടാകാം. ഒപ്പം മുന്‍കൂട്ടി അറിയിക്കാതെ കുറഞ്ഞ സമയത്തിനകം അഭിവാദ്യംഅര്‍പ്പിക്കാന്‍ ഒഞ്ചിയത്ത് തടിച്ചുകൂടിയ ജനസഞ്ചയം പാര്‍ട്ടിയില്‍ പ്രവര്‍ത്തകരും അണികളും തനിക്കൊപ്പമാണെന്ന് ഒരിക്കല്‍കൂടി പാര്‍ട്ടിക്ക് മുന്നില്‍ പരേഡ് നടത്തി തെളിയിക്കാനും വി.എസിനായി.
എന്നാല്‍ രണ്ട് ദിവസത്തിനകം ചേരുന്ന സെക്രട്ടേറിയറ്റില്‍ ഇതൊന്നുമാകില്ല നിര്‍ണായകമാവുകയെന്ന് സംസ്ഥാന നേതൃത്വത്തിനൊപ്പം വി.എസിനും അറിയാം. കഴിഞ്ഞ സെക്രട്ടേറിയറ്റില്‍ ചന്ദ്രശേഖരന്‍ വിഷയം ചര്‍ച്ചചെയ്തപ്പോള്‍ വി.എസിന് അനുകൂലമായി ഉയര്‍ന്ന നാല് പേരുടെ സ്വരത്തില്‍ കൂടുതല്‍ ഇത്തവണ ഉണ്ടാകുന്നില്ലെങ്കില്‍ കടുത്ത അച്ചടക്കനടപടിക്ക് ശിപാര്‍ശ ചെയ്തുകൊണ്ടുള്ള കുറ്റപത്രം തയാറാക്കലായി സെക്രട്ടേറിയറ്റ് യോഗം മാറും.
പിണറായിക്കെതിരായ ഡാങ്കേയിസ്റ്റ് ആക്ഷേപം, ചന്ദ്രശേഖരന്‍ വധത്തിലെ പരസ്യപ്രസ്താവന, പാര്‍ട്ടിയെ പൊതുസമൂഹത്തില്‍ ഒറ്റപ്പെടുത്തിയ നടപടികള്‍ എന്നിവക്കൊപ്പം നിര്‍ണായക ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ അപഹാസ്യമാക്കിയെന്ന കുറ്റംകൂടി നേതൃത്വം വി.എസിനെതിരെ ചുമത്തും. ഒഞ്ചിയം സന്ദര്‍ശനം നെയ്യാറ്റിന്‍കരയിലെ സാധ്യതകളെ ബാധിച്ചുവെന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.
അച്ചടക്കനടപടിക്ക് കേന്ദ്രനേതൃത്വം ഇനിയും തയാറായില്ലെങ്കില്‍ ഇതേനിലയില്‍ സംഘടനയെ മുന്നോട്ട് കൊണ്ടുപോവുക അസാധ്യമാവുമെന്ന അഭിപ്രായമാണ് ഔദ്യോഗികപക്ഷത്തെ ശക്തമായ വിഭാഗത്തിനുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍