Sun, 06/03/2012 - 09:34 ( 50 weeks 6 daysago)
പരമോന്നത ബഹുമതിക്കായി ഇവര്‍ കളത്തില്‍
ന്യൂദല്‍ഹി: വിശ്വനാഥന്‍ ആനന്ദ് ലോക ചെസ് കിരീടം നിലനിര്‍ത്തിയതോടെ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന അര്‍ഹിക്കുന്ന കായികതാരങ്ങളെക്കുറിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായി. കല, സാഹിത്യം, ശാസ്ത്രം, പൊതുരംഗം തുടങ്ങിയിടങ്ങളിലെ അതിമഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് ഈ പുരസ്കാരം നല്‍കിവന്നിരുന്നത്. എന്നാല്‍, കായികതാരങ്ങള്‍ക്കുകൂടി ഭാരതരത്ന നല്‍കാവുന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഇതിന്റെ മാനദണ്ഡത്തില്‍ ഭേദഗതിവരുത്തുകയായിരുന്നു. 2008നുശേഷം ആരെയും പുരസ്കാരത്തിനായി പരിഗണിച്ചിട്ടില്ല.
ആനന്ദിനു പുറമെ ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിന്റെയും വിഖ്യാത ക്രിക്കറ്റ് താരം സചിന്‍ ടെണ്ടുല്‍കറുടെയും പേരുകളാണ് ഭാരതരത്നക്ക് സജീവമായി പറഞ്ഞുകേള്‍ക്കുന്നത്. ഉത്തരത്തിനായി ഭാരതരത്ന പ്രഖ്യാപിക്കുന്ന 2013 ജനുവരി 25 വരെ കാത്തിരിക്കണം.
ധ്യാന്‍ചന്ദ് (ഹോക്കി)
1905ല്‍ ജനിച്ച് 1979ല്‍ വിടപറഞ്ഞ ധ്യാന്‍ചന്ദ് സിങ് ഈ തലമുറക്ക് കേട്ടുകേള്‍വി മാത്രമാണ്. എന്നാല്‍, ഇന്ത്യയുടെ ദേശീയ വിനോദമായ ഹോക്കിയില്‍ ഒരു രാജ്യത്തിന് മേല്‍വിലാസമുണ്ടാക്കിക്കൊടുത്തതില്‍ മാത്രം ഒതുങ്ങുന്നില്ല മഹാനായ താരത്തിന്റെ സംഭാവനകള്‍. ഇതുവരെ ഇന്ത്യ നേടിയ എട്ട് ഒളിമ്പിക്സ് ഹോക്കി സ്വര്‍ണത്തില്‍ മൂന്നെണ്ണത്തിലും ധ്യാന്‍ചന്ദിന്റെ വിയര്‍പ്പുണ്ട്. ബ്രിട്ടീഷുകാര്‍ രാജ്യം ഭരിക്കുന്ന വേളയില്‍ മതിയായ പരിശീലനമോ നല്ലൊരു സ്റ്റിക്കോ ഇല്ലാതെ കളത്തിലിറങ്ങിയായിരുന്നു നേട്ടങ്ങളത്രയും. 22 വര്‍ഷത്തെ കരിയറിനിടെ ഉത്തര്‍പ്രദേശുകാരന്‍ 1000ത്തിലധികം ഗോള്‍ സ്വന്തം പേരില്‍കുറിച്ച് ചരിത്രമെഴുതി.
1928ലെ ആംസ്റ്റര്‍ഡാം ഒളിമ്പിക്സില്‍ അരങ്ങേറിയ ഇന്ത്യന്‍ ഹോക്കി ടീമിനെ സ്വര്‍ണജേതാക്കളാക്കി ധ്യാന്‍ചന്ദ്. ആതിഥേയരായ നെതര്‍ലന്‍ഡ്സിനെതിരെ കലാശക്കളിയെത്തുമ്പോള്‍ ധ്യാന്‍ചന്ദടക്കമുള്ള പ്രമുഖ താരങ്ങള്‍ രോഗക്കിടക്കയിലായിരുന്നു. എന്നാല്‍, അസുഖം മറന്ന് കളത്തിലിറങ്ങിയ അദ്ദേഹം ടീമിനെ 3-0ത്തിന് ചാമ്പ്യന്മാരാക്കി. ഇതില്‍ രണ്ട് ഗോളും ധ്യാന്‍ചന്ദിന്റെ വക. അഞ്ച് മത്സരങ്ങളില്‍ 14 ഗോള്‍ നേടി മറ്റുള്ളവരെ ബഹുദൂരം പിറകിലാക്കി അദ്ദേഹം ടോപ്സ്കോററായി.
1932ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്സിലും ഇന്ത്യയും ധ്യാന്‍ചന്ദും മികവ് തുടര്‍ന്നു. ഇക്കുറിയും ടീമിന്റെ ഭൂരിഭാഗം ഗോളും ഈ മാന്ത്രികന്റെ സ്റ്റിക്കില്‍നിന്നുതന്നെ പിറന്നു. 1936ലെ ബെര്‍ലിന്‍ ഒളിമ്പിക്സില്‍ ധ്യാന്‍ചന്ദായിരുന്നു ഇന്ത്യയുടെ നായകന്‍. ഫൈനലില്‍ അഡോള്‍ഫ് ഹിറ്റ്ലറുടെ വംശീയ സംഘം എന്നറിയപ്പെട്ട ആതിഥേയരായ ജര്‍മനിയുമായി 8-1 എന്ന കനത്ത മാര്‍ജിനില്‍ ജയിച്ച് ടീം ഹാട്രിക് സ്വര്‍ണം നേടുമ്പോള്‍ മികവില്‍ മുമ്പന്‍ ധ്യാന്‍ചന്ദ് തന്നെയായിരുന്നു. കരിയറില്‍ ആകെ 12 ഒളിമ്പിക് മത്സരങ്ങളില്‍ നിന്നായി 33 ഗോളെന്ന റെക്കോഡ് നേട്ടവുമായാണ് അദ്ദേഹം പടിയിറങ്ങിയത്. ധ്യാന്‍ചന്ദിന്റെ ടീം അക്കാലയളവില്‍ നേടിയ മറ്റു കിരീടങ്ങള്‍ നിരവധി.
സചിന്‍ ടെണ്ടുല്‍കര്‍ (ക്രിക്കറ്റ്)
ക്രിക്കറ്റിലെ ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് സചിന്‍ രമേശ് ടെണ്ടുല്‍കര്‍. നൂറുകണക്കിന് റെക്കോഡുകളുമായി ഇന്നും കളം വാഴുന്ന മുംബൈക്കാരന്റെ പല നേട്ടങ്ങളും ഒരുപക്ഷേ തകര്‍ക്കപ്പെട്ടെന്നു വരില്ല. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച, റണ്‍സും ശതകങ്ങളും നേടിയ താരം മറ്റാരുമല്ല. 40ാം വയസ്സിലും കൗമാരക്കാരന്റെ പ്രസരിപ്പോടെ കളിമൈതാനങ്ങളെ കൈയിലെടുക്കുന്ന സചിന്‍ ലോകത്തിന് അതിശയമാണ്. 23 വര്‍ഷത്തോളമായി ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിധ്യമാണ് അദ്ദേഹം.
1989ല്‍ പാകിസ്താന്‍ പര്യടനത്തിനുള്ള ടെസ്റ്റ് സംഘത്തില്‍ സ്ഥാനംപിടിക്കുമ്പോള്‍ സചിന് പ്രായം 16 വയസ്സ്. പിന്നെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ടെസ്റ്റ്, ഏകദിന ടീമുകളുടെ ബാറ്റിങ്ങില്‍ നെടുന്തൂണായി മാറിയ ഈ അഞ്ചടി അഞ്ചിഞ്ചുകാരന്‍ പില്‍ക്കാലത്ത് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനുമായി. ആറ് ലോകകപ്പുകളില്‍ അദ്ദേഹം ഇതുവരെ ഇറങ്ങി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സചിന്റെ പേരിലാണ്. 2011ല്‍ ഇന്ത്യ ലോകകിരീടം നേടിയപ്പോള്‍ നിര്‍ണായക സാന്നിധ്യമായി സചിനുണ്ടായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും 15,000 റണ്‍സ് കടന്ന ഏകതാരം സചിനാണ്. 500നടുത്ത് ഏകദിനങ്ങളും 200ഓളം ടെസ്റ്റും കളിച്ചു. ഏകദിനത്തില്‍ ആദ്യമായി ഡബ്ള്‍ സെഞ്ച്വറിയും നേടി. കരിയറില്‍ നൂറ് സെഞ്ച്വറിയെന്ന സമീപകാലത്തൊന്നും മറ്റാരും കരസ്ഥമാക്കാന്‍ സാധ്യതയില്ലാത്ത നേട്ടവും ഈ വിഖ്യാത ബാറ്റ്സ്മാന്റെ പേരിലാണ്.
കായികലോകത്ത് ഇന്ത്യയുടെ യശസ്സുയര്‍ത്തിയ ക്രിക്കറ്റിനെ ഇന്ന് കാണുന്നവിധം ജനകീയമാക്കുന്നതില്‍ സചിന്‍ വഹിച്ച പങ്കിന് സമാനതകളില്ല. എല്ലാത്തിനുമുള്ള അംഗീകാരമായി അദ്ദേഹത്തെ രാഷ്ട്രപതി രാജ്യസഭാംഗമാക്കി ഇയ്യിടെ ആദരിച്ചു.
വിശ്വനാഥന്‍ ആനന്ദ് (ചെസ്)
ധ്യാന്‍ചന്ദ് ഹോക്കിയിലും സചിന്‍ ടെണ്ടുല്‍കര്‍ ക്രിക്കറ്റിലും ദേശീയ ടീമില്‍ എത്തുന്നതിന് മുമ്പുതന്നെ ഈ രംഗത്ത് ഇന്ത്യയുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍, വിശ്വനാഥന്‍ ആനന്ദിന്റെ സ്ഥിതി അതല്ല. ചെസ് എന്ന ബുദ്ധിയുടെ കരുനീക്കങ്ങളെ ഒരു ജനതക്ക് പരിചിതമാക്കിയത് ആനന്ദ് എന്ന വ്യക്തിയാണ്. കൈയടിക്കാനോ ജയ് വിളിക്കാനോ ആരുമില്ലാതെ ഒറ്റക്ക് സഞ്ചരിച്ചാണ് അദ്ദേഹം ലോകത്തിന്റെ നെറുകെയിലെത്തിയത്.
തമിഴ്നാട്ടുകാരനായ ആനന്ദ് അഞ്ചു തവണ ലോക ചാമ്പ്യനായി. മറ്റൊരു ഇന്ത്യക്കാരന് സ്വപ്നം കാണാന്‍പോലും കഴിയാത്തത്ര ഉയരത്തിലാണ് 42കാരനിപ്പോള്‍. നോക്കൗട്ട്, ടൂര്‍ണമെന്റ്, മാച്ച് എന്നിങ്ങനെ ചെസിലെ പല ഫോര്‍മാറ്റുകളിലായിരുന്നു അദ്ദേഹത്തിന്റെ ലോകകിരീടം. നിലവില്‍ ഈ രംഗത്ത് ഏറ്റവും കേമന്‍ ആനന്ദ് തന്നെ. ഇസ്രായേലി ഗ്രാന്‍ഡ് മാസ്റ്റര്‍ ബോറിസ് ഗെല്‍ഫാന്‍ഡിനെ മുട്ടുകുത്തിച്ച് കഴിഞ്ഞ ദിവസം കിരീടം നിലനിര്‍ത്തിയ ആനന്ദ് 2007നുശേഷം ലോകജേതാവെന്ന സ്ഥാനം ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. 2000ത്തിലാണ് പ്രഥമ ലോകചാമ്പ്യന്‍ഷിപ് ലഭിച്ചത്.
1988ല്‍ ഇന്ത്യയുടെ ആദ്യ ഗ്രാന്‍ഡ് മാസ്റ്ററാവുമ്പോള്‍ ആനന്ദ് 18കാരനായിരുന്നു. അവിടന്നിങ്ങോട്ട് അദ്ദേഹം നേടിയ വിജയങ്ങള്‍ക്ക് കൈയും കണക്കുമില്ല. ഇന്ന് നിരവധി താരങ്ങള്‍ രാജ്യത്തിന്റെ സംഭാവനകളായി ചെസ് ബോര്‍ഡിന് മുന്നിലുണ്ട്. പരമോന്നത കായികബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്നയുടെ ആദ്യ അവകാശിയും ആനന്ദായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍